ജയിച്ച് കപ്പുമായി വിരമിക്കാമെന്ന ധോണിയുടെ മോഹം കണ്‍മുന്നില്‍ തകര്‍ന്നു വീണു; ഒപ്പം ആര്‍സിബി താരങ്ങളുടെ അമിത ആഹ്‌ളാദ പ്രകടനവും: ദേഷ്യത്തില്‍ ധോണി ടിവി സ്‌ക്രീന്‍ ഇടിച്ച് പൊട്ടിച്ചു: ഹര്‍ഭജന്‍ സിങ്

Update: 2024-10-03 08:36 GMT

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എന്ന് അറിയിപ്പെടുന്ന താരമാണ് എം.എസ് ധോണി. താരം അതിര് വിട്ട് പെരുമാറിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ വളെര ചുരുക്കമാണ്. എന്നാലിതാ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ദേഷ്യവും നിരാശയും താങ്ങാനാവാതെ ടിവി സ്‌ക്രീനില്‍ ഇടിച്ച ധോണിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്.

കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തിലാണ് സംഭവം നടക്കുന്നത്. ആര്‍സിബിയെ നേരിട്ട ചെന്നൈ ഫൈനല്‍ കാണാതെ പുറത്തായി. സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ ധോണിക്ക് വലിയ നിരാശയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഹസ്തദാനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമുണ്ടാവുന്നതും, ഡ്രെസിങ് റൂമിന് മുന്‍പിലുള്ള ടിവി തല്ലിപ്പൊട്ടിക്കുന്നതും.

ആര്‍സിബി വിജയം നേടിയതിനാല്‍ത്തന്നെ ആഘോഷിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഞാനും അന്ന് അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാത്തിനും ഞാന്‍ സാക്ഷിയാണ്. ആര്‍സിബി ആഘോഷിക്കുമ്പോഴാണ് സിഎസ്‌കെ ഹസ്തദാനത്തിനായി വരിയായി വന്നത്. എന്നാല്‍ ഹസ്തദാനത്തിനായി ആര്‍സിബി വരാന്‍ അല്‍പ്പം വൈകി. ആര്‍സിബി തങ്ങളുടെ ആഘോഷം കഴിഞ്ഞാണ് ഹസ്തദാനത്തിനായി എത്തിയത്. ഈ സമയത്ത് ധോണി ഡ്രസിങ് റൂമിന് പുറത്തുള്ള ടിവി സ്‌ക്രീന്‍ ഇടിച്ച് പൊട്ടിച്ചു.

ഞാനിത് കാണുന്നുണ്ടായിരുന്നു. എല്ലാ താരങ്ങള്‍ക്കും അവരുടേതായ രീതിയില്‍ വൈകാരികതയുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ധോണി അല്‍പ്പനേരം ഹസ്തദാനത്തിനായി കാത്ത് നിന്നെങ്കിലും ആര്‍സിബി താരങ്ങള്‍ വരാന്‍ വൈകിയതിനാല്‍ ധോണി തിരിച്ച് ഡ്രസിങ് റൂമിലേക്ക് കയറി. ഇത് വലിയ വിവാദമാവുകയും ആര്‍സിബി താരങ്ങളുടെ അമിത ആഹ്ലാദത്തിനെതിരേയും ധോണിയുടെ മോശം പെരുമാറ്റത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ധോണി പൊതുവേ ശാന്തനാണെങ്കിലും അന്ന് വളരെ നിരാശനായാണ് കാണപ്പെട്ടത്. ജയിച്ച് കപ്പുമായി വിരമിക്കാമെന്ന ധോണിയുടെ മോഹമാണ് കണ്‍മുന്നില്‍ തകര്‍ന്നുവീണത്. 2023ല്‍ കപ്പ് നേടിയപ്പോള്‍ ധോണി വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇത് ധോണിയുടെ തീരുമാനമായിരുന്നു. ഇത്തവണയോ ചിലപ്പോള്‍ അടുത്ത തവണയോ ഇത് സംഭവിച്ചേക്കാം. അത് ധോണിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ധോണിയോട് വിരമിക്കാന്‍ പറയാന്‍ നമ്മള്‍ക്കാര്‍ക്കും യോഗ്യതയില്ല. ഫിറ്റ്നസുണ്ടെങ്കില്‍ അടുത്ത 10 വര്‍ഷമെങ്കിലും ധോണിക്ക് സിഎസ്‌കെയ്ക്കായി കളിക്കാം. എത്രനാള്‍ ധോണി കളിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല' ഹര്‍ഭജന്‍ പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്ക് ധോണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് എന്ന നായകന് കീഴില്‍ മെഗാ ലേലത്തിന് ശേഷം ആദ്യ സീസണ്‍ കളിക്കുകയെന്നത് വളരെ ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ക്കൂടി കളിക്കാന്‍ ധോണി നിര്‍ബന്ധിതനാണെന്ന് പറയാം.

Tags:    

Similar News