ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെഡ് കാർഡ്; ലോകകപ്പിൽ ആദ്യ മത്സരം നഷ്ടമാകും; യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തോൽവി; അയർലണ്ടിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
ലൂസായിൽ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2026 ലോകകപ്പിൽ ആദ്യ മത്സരം നഷ്ടമായേക്കും. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. താരത്തിന് അടുത്തതായി അർമേനിയക്കെതിരെ കളിക്കാനുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിലക്ക് ലഭിക്കും. ഫിഫയുടെ ചട്ടങ്ങൾ അനുസരിച്ച്, മൂന്ന് മത്സരങ്ങളിൽ വരെ താരത്തിന് വിലക്ക് നേരിടേണ്ടി വന്നേക്കാം.
മത്സരത്തിന്റെ 61-ാം മിനിറ്റിൽ അയർലൻഡ് ഡിഫൻഡർ ദാര ഒഷേഹയെ തള്ളിയിട്ടതിനായിരുന്നു റഫറി ആദ്യം മഞ്ഞക്കാർഡ് നൽകിയത്. എന്നാൽ, വാർ (VAR) പരിശോധനയ്ക്ക് ശേഷം റെഡ് കാർഡ് ആയി ഇത് മാറ്റി. ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ റൊണാൾഡോക്ക് ഇത് ആദ്യമായാണ് ചുവപ്പ് കാർഡ് ലഭിക്കുന്നത്. എന്നാൽ, ക്ലബ് തലത്തിൽ ഇതിനോടകം 13 തവണ താരം റെഡ് കാർഡ് വാങ്ങിയിട്ടുണ്ട്. ഒക്ടോബറിൽ പോർച്ചുഗലും അയർലൻഡും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ റൊണാൾഡോ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
പോർച്ചുഗല്ലിനായി 225 അന്താരാഷ്ട്ര മത്സരങ്ങൾ പിന്നിടുമ്പോഴാണ് റൊണാൾഡോയുടെ ആദ്യ റെഡ് കാർഡ് ലഭിക്കുന്നത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ റൊണാൾഡോയ്ക്ക് ഇത് കരിയറിലെ 13-ാം ചുവപ്പ് കാർഡ് ആണ്. അവസാനമായി കഴിഞ്ഞ വർഷം സൗദി ലീഗിൽ അൽ നാസറിന് വേണ്ടി കളിക്കുമ്പോഴാണ് താരം ചുവപ്പ് കാർഡ് കണ്ടത്. ആയിരക്കണക്കിന് അയർലൻഡ് ആരാധകരുടെ ആരവങ്ങൾക്കിടയിലാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്.
ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ നടന്ന അയർലൻഡിനെതിരായ മത്സരത്തിൽ പോർച്ചുഗൽ 2-0 ന് പരാജയപ്പെട്ടിരുന്നു. 17, 45 മിനിറ്റുകളിൽ ട്രോയ് പാരറ്റ് നേടിയ ഗോളുകളാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും പോർച്ചുഗൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നേടാനായില്ല. ഗ്രൂപ്പ് എഫിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 11 പോയിന്റോടെ പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്.