ജൂനിയർ ഹോക്കി ലോകകപ്പിൽ കിരീട സ്വപ്നം പൊലിഞ്ഞു; സെമിഫൈനലിൽ ഇന്ത്യയെ തകർത്ത് ജർമ്മനി; ഫൈനലിൽ എതിരാളികൾ സ്പെയിൻ
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി. മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ ഇന്ത്യയെ ഏകപക്ഷീയമായി 5-1 ന് തകർത്താണ് ജർമ്മനി ഫൈനലിലേക്ക് മുന്നേറിയത്.
ആക്രമണത്തോടെ തുടങ്ങിയ ജർമ്മനി കൃത്യമായ പ്രെസ്സിംഗിലൂടെ കളി നിയന്ത്രിച്ചു. 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്ട്രോക്ക് ലൂക്കാസ് കോസെൽ ഗോളാക്കി മാറ്റി ജർമ്മനിയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റിൽ ടൈറ്റസ് വെക്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ച പന്ത് വലയിലെത്തിച്ചതോടെ ലീഡ് 2-0 ആയി ഉയർന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ തന്നെ ജർമ്മനി 2-0 എന്ന ശക്തമായ നിലയിലായിരുന്നു.വിജയത്തിലേക്ക് തിരിച്ചെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടയിൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കോസെൽ പെനാൽറ്റി കോർണറിലൂടെ തൻ്റെ രണ്ടാം ഗോൾ നേടി.
ഇതോടെ ഇടവേളയ്ക്ക് പിരിയുമ്പോൾ 3-0 എന്ന നിലയിൽ ജർമ്മനി ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയിലും ജർമ്മൻ ആക്രമണത്തിന് അയവുണ്ടായില്ല. 40-ാം മിനിറ്റിൽ ജോനാസ് വോൺ ഗേഴ്സം നാലാം ഗോൾ നേടി. 49-ാം മിനിറ്റിൽ ക്യാപ്റ്റൻ ബെൻ ഹാസ്ബച്ച് ഒരു തകർപ്പൻ ഡൈവിംഗ് ഫിനിഷിലൂടെ അഞ്ചാം ഗോളും കണ്ടെത്തി, ഇതോടെ മത്സരം പൂർണ്ണമായും ജർമ്മനിയുടെ വരുതിയിലായി. ആതിഥേയർക്ക് ആശ്വസിക്കാൻ വക നൽകിയത് 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറാണ്. അൻമോൾ എക്ക ഇത് ഗോളാക്കി മാറ്റിയെങ്കിലും ഫലം 5-1 ന് ജർമ്മനിക്ക് അനുകൂലമായി.
തന്ത്രപരമായ മികവിലും കളത്തിലെ ഏകോപനത്തിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ഈ തോൽവി വ്യക്തമാക്കുന്നു. മിഡ്ഫീൽഡിലെ പിഴവുകൾ മുതലെടുക്കുന്നതിൽ ജർമ്മനി വിജയിച്ചു. കിരീട സ്വപ്നം തകർന്ന ഇന്ത്യ, ഇനി വെങ്കല മെഡലിനായി കളത്തിലിറങ്ങും. പി. ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ അർജൻ്റീനയെ നേരിടും. മറ്റൊരു സെമിയിൽ അർജൻ്റീനയെ 2-1 ന് തോൽപ്പിച്ച സ്പെയിനാണ് ഫൈനലിൽ ജർമ്മനിയുടെ എതിരാളികൾ.