മക്ടോമിനെയുടെ 8.3 അടി ഉയരത്തിലെ ബൈസിക്കിൾ കിക്ക്; ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് സ്‌കോട്ടിഷ് താരത്തിന്റെ അത്ഭുത ഗോൾ; ലോകകപ്പ് യോഗ്യത നേടി സ്കോട്ട്‌ലൻഡ്
ഗ്ലാസ്‌ഗോ: 28 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സ്കോട്ട്‌ലൻഡ് 2026 ലോകകപ്പിന് യോഗ്യത നേടി. നിർണായകമായ യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ഡെൻമാർക്കിനെ 4-2 എന്ന സ്‌കോറിന് തകർത്തെറിഞ്ഞാണ് സ്കോട്ട്‌ലൻഡ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിൽ വിജയത്തിന്റെ വിത്തുപാകിയത് സൂപ്പർ താരം സ്കോട്ട് മക്ടോമിനെയുടെ അവിസ്മരണീയമായൊരു ബൈസിക്കിൾ കിക്ക് ഗോളാണ്.
ഗ്ലാസ്‌ഗോയിലെ ഹാംപ്ഡൻ പാർക്കിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി കളി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ മക്ടോമിനെ വിസ്മയം തീർത്തു. വലത് വിങ്ങിൽ നിന്ന് ബെൻ ഡുവോക്ക് നൽകിയ ക്രോസ് സ്വീകരിച്ച മക്ടോമിനെ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, നിലത്തുനിന്ന് ഉയർന്ന് പറന്ന് വലത്തേക്ക് തിരിഞ്ഞ് ബൈസിക്കിൾ കിക്ക് തൊടുത്തു. ഡാനിഷ് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് വലയിൽ തറച്ചപ്പോൾ സ്‌റ്റേഡിയം ആർത്തിരമ്പി.
ഈ ഗോൾ നൽകിയ ആത്മവിശ്വാസത്തിൽ സ്കോട്ട്‌ലൻഡ് മുന്നേറിയെങ്കിലും ഡെൻമാർക്ക് തിരിച്ചടിച്ചു. എന്നാൽ, മത്സരത്തിന്റെ ഇഞ്ചോടിഞ്ച് പോരാട്ടം അവസാനിച്ചത് ഇഞ്ചുറി ടൈമിലായിരുന്നു. അവസാന മിനിറ്റുകളിൽ കെയ്‌റൻ ടിയേർണിയും പിന്നാലെ കെന്നി മക്‌ലീനും നേടിയ ഗോളുകൾ സ്കോട്ട്‌ലൻഡിന് ചരിത്രപരമായ വിജയം സമ്മാനിച്ചു.
മികച്ച ഫോമിലുള്ള മക്ടോമിനെയുടെ ഈ ഗോളിനെ ഇതിനോടകം തന്നെ ഫുട്‌ബോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 2018 യുവന്റ് താരമായിരിക്കെ, റയൽ മഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ തകർപ്പൻ ബൈസികിൽ കിക്കിന്റെ അഴകിനെയും മറികടക്കുന്നതായിരുന്നു സ്കോട്ടിഷ് താരത്തിന്റെ സ്കോറിങ്. 7 അടി ഏഴ് ഇഞ്ച് ഉയരത്തിൽ നിന്നും (2.38 മീറ്റർ), 1.5 സെക്കൻഡ് വായുവിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ അന്ന് സ്കോർ ചെയ്തത്.
ക്രിസ്റ്റ്യാനോക്ക് ശേഷം, തുർക്കിയ ക്ലബ് ട്രബ്സോൺസ്പറിന്റെ നൈജീരിയൻ താരം പോൾ ഒനാചു 2.41മീറ്റർ ഉയരത്തിൽ ബൈസികിൾ കിക്ക് ഗോൾ നേടി ചരിത്രം കുറിച്ചിരുന്നു. ഈ റെക്കോഡും മക് ടൊമിനി തിരുത്തി.
