'അമ്മയെവിടെയെന്ന് ചോദിച്ച് കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ കണ്ടു'; ഗസ്സയെ നമ്മൾ ഒറ്റക്കാക്കി, ഉപേക്ഷിച്ചു; താൻ നിഷ്പക്ഷനല്ല, ഫലസ്തീനിയനാണെന്ന് പെപ് ഗ്വാർഡിയോള

Update: 2026-01-31 07:52 GMT

ബാഴ്സലോണ: താൻ നിഷ്പക്ഷനല്ലെന്നും ഒരു ഫലസ്തീനിയനാണെന്നും മാഞ്ചസ്റ്റർ സിറ്റി മാനേജരും മുൻ ബാഴ്‌സലോണ കോച്ചുമായ പെപ് ഗ്വാർഡിയോള. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബാർസലോണയിൽ നടന്ന ഒരു റാലിയിൽ വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. ഗസ്സ പ്രതിരോധത്തിന്റെ പ്രതീകമായ കഫീയ ധരിച്ചെത്തിയ ഗ്വാർഡിയോള, ഹൃദയഭേദകമായ ഒരു അനുഭവമാണ് തനിക്കിതിനെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കി.

"എന്റെ മാതാവെവിടെ" എന്ന് ചോദിച്ച് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ കണ്ടുവെന്നും മാതാവ് കെട്ടിടത്തിനടിയിൽ അകപ്പെട്ടെന്ന് ആ കുഞ്ഞിനറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയെ നമ്മൾ ഒറ്റക്കാക്കി, ഉപേക്ഷിച്ചു. സഹായത്തിനായി അവർ വിളിക്കുമ്പോൾ, നമ്മൾ എവിടെയാണെന്ന് അവർ അത്ഭുതപ്പെടുമ്പോൾ, നമുക്കൊന്നും ചെയ്യാനാകാത്തത് എന്തുകൊണ്ടാണെന്ന് താൻ എപ്പോഴും ചിന്തിക്കാറുണ്ടെന്നും ഇപ്പോഴും നമുക്ക് അവർക്കുവേണ്ടി ഒന്നും ചെയ്യാനാകുന്നില്ലെന്ന നിസ്സഹായതയും അദ്ദേഹം പങ്കുവെച്ചു.

ഈ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിനായി ടോട്ടൻഹാമുമായുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന വാർത്താസമ്മേളനം ഗ്വാർഡിയോള ഉപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന് പകരം അസിസ്റ്റന്റ് കോച്ച് പെപ് ലിയാൻഡേഴ്‌സാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ, പെപ് തന്റെ മാധ്യമ ചുമതലകൾ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുകയും ചെയ്തു.

Tags:    

Similar News