അർജന്റീനിയൻ വണ്ടർ കിഡ്ഡിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്; മിഡ്ഫീൽഡറായ നികോ പാസിനായി വൻ തുക ചിലവാക്കാൻ സ്പാനിഷ് ക്ലബ്ബ്; മെസ്സിയുടെ സഹതാരത്തിനെ സ്വന്തമാക്കാൻ സാബി അലോൻസോയ്ക്ക് പ്രത്യേക താല്പര്യം

Update: 2025-08-27 08:18 GMT

മഡ്രിഡ്: അർജന്റീനയുടെ യുവതാരവും മുൻ റയൽ മാഡ്രിഡ് കളിക്കാരനുമായ നികോ പാസിനെ വൻതുക നൽകി തിരികെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ മിഡ്ഫീൽഡറായ നികോയെ സ്വന്തമാക്കാൻ കോച്ച് സാബി അലോൻസോ പ്രത്യേക താല്പര്യം കാണിക്കുന്നതായാണ് സൂചനകൾ.

റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന നികോ പാസ്, സീനിയർ ടീമിനായി നാല് മത്സരങ്ങൾ കളിച്ച ശേഷമാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമോയിലേക്ക് മാറിയത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ കോമോയുടെ പത്താം നമ്പർ താരമായും പ്രധാന പ്ലേമേക്കറായും ഈ 20-കാരൻ വളർന്നു. ഫ്രീകിക്കുകളിലൂടെ ഗോൾ നേടാനുള്ള കഴിവും വേഗതയേറിയ മുന്നേറ്റങ്ങളും റയലിന്റെ ശ്രദ്ധ വീണ്ടും താരത്തിലേക്ക് തിരിയാൻ കാരണമായി. കൈവിട്ടത് ഒരു ഭാഗ്യതാരത്തെയാണെന്ന് തിരിച്ചറിഞ്ഞ റയൽ, എന്തു വിലകൊടുത്തും നികോയെ സാന്തിയാഗോ ബെർണബ്യൂവിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.

അർജന്റീനൻ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയൽ മാഡ്രിഡ് അടുത്തിടെയായി കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. റിവർ പ്ലേറ്റിൽ നിന്നുള്ള 18-കാരൻ ഫ്രാങ്കോ മസ്റ്റന്റുവോനോയെ വലിയ തുക മുടക്കി ടീമിലെത്തിച്ചത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ലയണൽ മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീമിലും നികോ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.

മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച താരം, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസ്സിയുടെ ഗോളിന് വഴിയൊരുക്കി ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം താരത്തിനായി രംഗത്തുവന്നെങ്കിലും കോമോ ആ വാഗ്ദാനം നിരസിച്ചിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നടത്തുന്ന മികച്ച പ്രകടനങ്ങൾ നികോ പാസിനെ യൂറോപ്പിലെ പ്രധാന ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയിരിക്കുകയാണ്.

Tags:    

Similar News