ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്

Update: 2024-12-05 03:43 GMT

പത്തനംതിട്ട: ഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ച രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗവും എംബിവി ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ സലി(55)മിനാണ് മര്‍ദനമേറ്റത്. തടസം പിടിക്കാന്‍ ശ്രമിച്ച ഭാര്യ സലീന (55)യ്ക്കും മര്‍ദനത്തില്‍ പരുക്കുണ്ട്.

എസ്ഡിപിഐ പ്രവര്‍ത്തകരും സഹോദരന്മാരുമായ പേട്ട പുതുപ്പറമ്പില്‍ അഫ്സല്‍ റഹിം (21), ആഷിഖ് റഹിം (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴിന് പേട്ട കെഎസ്ഇബി ഓഫീസിന് സമീപത്തുളള വീട്ടില്‍ നിന്ന് സലിമിനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് സലിമിന്റെ തലയുടെ ഇടതുവശത്ത പൊട്ടലുണ്ട്. പുറത്തും മുഖത്തിന്റെ ഇരുവശത്തും കാലുകളിലും പരുക്കേറ്റു. പ്രതികളുടെ മാതാവ് സുധീന സലിമിന്റെ ഡ്രൈവിങ് സ്‌കൂളില്‍ പഠനത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍, ഫീസ് നല്‍കിയില്ല. ഫീസ് ചോദിക്കാന്‍ പല തവണ സലിം വിളിച്ചെങ്കിലും സുധീന ഫോണ്‍ എടുത്തിരുന്നില്ല.

പിന്നീട് സലിം ഇവരെ വാട്സാപ്പില്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് പ്രതികള്‍ വീട്ടിലെത്തി മര്‍ദിച്ചത്. സലിം ആദ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വീണ്ടും തിരികെ സിപിഎമ്മിലെത്തി. ഇപ്പോള്‍ ബ്രാഞ്ച് കമ്മറ്റിയംഗമാണ്. ഗുരുതരപരുക്കേറ്റ സലിം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News