സംഗീത് നടത്തിയത് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; തട്ടിപ്പിന് പിന്നില്‍ സംഗീത് മാത്രമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍: ക്ലാര്‍ക്കിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടു വന്നത് ബന്ധു
സംഗീത് നടത്തിയത് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ്
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ നടത്തിയത് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കേസിലുള്‍പ്പെട്ട ക്ലാര്‍ക്ക് കെ.സംഗീതിന്റെ ബന്ധുവായ യുവാവാണ്. സംഗീതിന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്ന ബന്ധു, ഇരുവരും തമ്മില്‍ തെറ്റിയതോടെ വിജിലന്‍സിനു പരാതി നല്‍കുകയായിരുന്നു. സംഗീതിന്റെ സഹോദരിയുടെ ഭര്‍ത്താവും സെക്രട്ടേറിയറ്റിലെ ജീവനക്കാരനുമായ വ്യക്തി വിജിലന്‍സിനു നല്‍കിയ പരാതിയാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണം.
നിലവില്‍ ഇയാള്‍ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു നിഗമനം. ക്ഷേമനിധി ബോര്‍ഡിലേക്ക് 30,000 തൊഴിലാളികള്‍ അടയ്ക്കുന്ന അംശദായത്തിലും തട്ടിപ്പു നടന്നിട്ടുണ്ട്. ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ക്ലാര്‍ക്ക് ആറ്റിങ്ങല്‍ മാമം സ്വദേശി കെ.സംഗീത് ഇപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. തട്ടിപ്പിനു പിന്നില്‍ സംഗീത് മാത്രമാണെന്നാണ് ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ക്ഷേമനിധി ആസ്ഥാന ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയിംസ് അധികാരം, വര്‍ക്കിങ് പ്രസിഡന്റ് ലജീവ് വിജയന്‍, പ്രേജിത്ത് പൂച്ചാലി, കെ.എന്‍.എ.അമീര്‍, കെ.ബി.ഷഹാല്‍, രാധാകൃഷ്ണന്‍ വടക്കാഞ്ചേരി, സന്തോഷ് കുമാര്‍ സെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.