- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് വികാരം ഗൗനിക്കില്ല, ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ തീവ്രമുസ്ലിം നിലപാട് സ്വീകരിക്കാൻ മുസ്ലിംലീഗ്; നിയമസഭയ്ക്ക് അകത്തും പുറത്തും പോരാട്ടത്തിന്; സിപിഎം സച്ചാറിൽ കൈയിട്ടു വാരിയത് മതസൗഹാർദ്ദം തകർക്കാനെന്ന് വിമർശിച്ചുകുഞ്ഞാലികുട്ടി; ലീഗിനെ ആക്രമിക്കാൻ ഉറച്ചു സിപിഎമ്മും
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ കോൺഗ്രസ് എന്തു നിലപാടു സ്വീകരിച്ചാലും ഈ വിഷയത്തിൽ തീവ്രനിലപാടുമായി മുന്നോട്ടു പോകാൻ മുസ്ലിംലീഗിന്റെ തീരുമാനം. സ്വന്തം സമുദായ താൽപ്പര്യങ്ങൾ പരിഗണിക്കുന്നതിൽ മുന്നിൽ ലീഗാണ് എന്നു വരുത്തി തീർക്കാൻ വേണ്ടിയാണ് ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ലീഗ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ കടന്നാക്രമിക്കുക എന്നതാകും ലീഗ് നയം. ഇതിന്റെ സൂചന പി കെ കുഞ്ഞാലിക്കുട്ടി തന്നെ നൽകി കഴിഞ്ഞു.
ബിജെപിയുടെ വഴിപിന്തുടർന്ന് നാട്ടിലെ സാമുദായികസൗഹാർദം തകർക്കാനാണ് സിപിഎം. സച്ചാർകമ്മിറ്റി റിപ്പോർട്ടിൽ കൈയിട്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ആരോപിച്ചു രംഗത്തുവന്നത് ഈ നിലപാടിന്റെ തുടക്കം തന്നെയാണ്. മുസ്ലിംസമുദായത്തിന്റെ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ട യു.പി.എ. സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബംഗാളിൽപ്പോലും മമതാ ബാനർജി ഫലപ്രദമായി റിപ്പോർട്ട് നടപ്പാക്കി. പക്ഷേ, കേരളത്തിലെത്തിയപ്പോൾ അതിൽ ഇടതുമുന്നണി സർക്കാർ വെള്ളംചേർത്തവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
മുസ്ലിംസമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്നം ചൂണ്ടിക്കാണിച്ചാൽ വർഗീയവാദമുയർത്തുന്നു എന്നുപറഞ്ഞ് ആക്രമിക്കുകയാണ് ചെയ്യുന്നത്. ബിജെപി. പുലർത്തിവരുന്ന ഭിന്നിപ്പിക്കൽ തന്ത്രംതന്നെയാണ് ഇടതുമുന്നണിയും തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അതേസമയം ലീഗ് കർശന നിലപാട് സ്വീകരിക്കുമ്പോൾ തിരിച്ചടി കോൺഗ്രസിനാകും എന്ന കാര്യവും ഉറപ്പാണ്. സാമുദായിക ധ്രുവീകരണമെന്ന ആയുധം പുറത്തെടുത്ത് സിപിഎം പ്രത്യാക്രമണത്തിന് മുതിരുമ്പോഴും നിലപാടിൽ ഉറച്ചുനിന്ന് ശക്തമായ പ്രതിഷേധം ഉയർത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഇക്കാര്യത്തിൽ കോൺഗ്രസ് എന്തു നിലപാട് സ്വീകരിച്ചാലും നിയമസഭക്കകത്തും പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പാർട്ടി. സാമുദായിക വിഷയങ്ങളിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചതാണ് നിയസമഭ തെരഞ്ഞെടുപ്പിലടക്കം ക്ഷീണമുണ്ടാക്കിയതെന്ന വിമർശനം മുഖവിലയ്ക്കെടുത്ത നിലപാടാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പാർട്ടി സ്വീകരിക്കുക. പാലോളി കമ്മിറ്റി റിപ്പോർട്ടിൽ വെള്ളം ചേർത്ത് 80ഃ20 അനുപാതം കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാറാണെങ്കിലും സാമുദായിക ധ്രുവീകരണം ഭയന്ന് യു.ഡി.എഫ് ഭരണകാലത്ത് ഇക്കാര്യം പുനഃപരിശോധിക്കാതിരുന്നതിന്റെ പരിണതിയാണ് കോടതി വിധിയും തുടർന്നുണ്ടായ സർക്കാർ നടപടികളുമെന്ന് ലീഗ് നേതൃത്വം രഹസ്യമായി സമ്മതിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടി അന്ന് കോൺഗ്രസ് മൃദു സമീപനം സ്വീകരിച്ചത്. എന്നാൽ, പല സാമുദായിക വിഷയങ്ങളിലും സ്വീകരിച്ച ഇത്തരം 'കരുതലാ'ണ് പാർട്ടിക്ക് വിനയായതെന്ന അണികളുടെ വിമർശനം മുഖവിലയ്ക്കെടുത്താണ് നേതൃത്വം തീവ്രനിലപാടിലേക്ക് നീങ്ങുന്നത്. സ്കോളർഷിപ് സംവിധാനം അട്ടിമറിച്ചുള്ള ജനസംഖ്യാനുപാത പ്രഖ്യാപനം സ്വാഗതം ചെയ്തുള്ള പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വന്നയുടൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് ലീഗ് നേതൃത്വം രംഗത്തുവന്നത് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്.
പ്രതിഷേധത്തിന് മത സംഘടനകളെ കാത്തിരിക്കുന്നില്ലെന്നും രാഷ്ട്രീയപരമായി വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നുമാണ് നേതൃത്വം നൽകുന്ന സന്ദേശം. അതേസമയം, സാമുദായിക ധ്രുവീകരണമുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളിൽ ജാഗ്രത പാലിക്കും. തെരഞ്ഞെടുപ്പിലേറ്റ കനത്ത ക്ഷീണം മാറ്റാൻ ഈ നിലപാടിലൂടെ സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
അതേസമയം വിഷയത്തിൽ ലീഗും കോൺഗ്രസും തമ്മിലുള്ള ഭിന്നത മുതലെടുത്ത് നിയമസഭയിലും പുറത്തും ലീഗിന് മറുപടി പറയാനാണ് സിപിഎം ഒരുങ്ങുന്നത്. ഉത്തരേന്ത്യയിൽനിന്ന് വ്യത്യസ്തമായ സാമുദായിക അവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ അത് പരിഗണിക്കാതെയുള്ള നടപടികൾ മതസൗഹാർദത്തെ അട്ടിമറിക്കുമെന്ന നിലപാടാണ് സിപിഎമ്മിന്. കോൺഗ്രസും ഇതിനോട് യോജിക്കുന്നുവെന്ന് സിപിഎം കണക്കുകൂട്ടുന്നു.
മുസ്ലിം പെൺകുട്ടികളെ സ്കൂളിലെത്തിക്കാൻ സി.എച്ച്. മുഹമ്മദ് കോയയുടെ കാലത്ത് നടപ്പാക്കിയ സ്കോളർഷിപ് മുസ്ലിം-നാടാർ പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് അത് മുസ്ലിം സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തിയില്ലെന്ന ചോദ്യമാണ് സിപിഎം ഉയർത്തുക. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച ലീഗിന് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാർ മുസ്ലിം സമുദായത്തിന് മാത്രമായി ഒരു പദ്ധതിയും ശിപാർശ ചെയ്തിട്ടില്ല. എല്ലാ പദ്ധതികളും ന്യൂനപക്ഷ വകുപ്പ് മുഖാന്തരമാണ് നടപ്പാക്കിയത്. മുസ്ലിം വികസന വകുപ്പ് രൂപവത്കരിച്ചില്ല.
പാലോളി കമ്മിറ്റി ശിപാർശ അനുസരിച്ച് വി എസ് സർക്കാർ മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ 180 ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത് എല്ലാ വിഭാഗങ്ങൾക്കും കൂടിയായിരുന്നു. ഒരു ഐ.ടി.ഐ മാത്രമുണ്ടായിരുന്ന മലപ്പുറത്തും മൂന്നെണ്ണം ആരംഭിച്ചതും സമാനമായാണ്. സച്ചാർ കമ്മിറ്റി പ്രകാരം അലിഗഡ് സർവകലാശാലയുടെ ഓഫ് കാമ്പസ് ആരംഭിച്ചതും മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമായിട്ടല്ലെന്നും വാദിക്കുന്നു. 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ലീഗിനെ കടന്നാക്രമിക്കാനാണ് സിപിഎം നീക്കം.