അച്ഛനും അമ്മയ്ക്കുമൊപ്പം കുറച്ചുനാള്‍ കഴിയാന്‍ ജോലി രാജിവെച്ച് മുണ്ടക്കൈയിലെത്തി; കുടുംബത്തോടൊപ്പം ഗ്രീഷ്മയേയും ഉരുള്‍ കൊണ്ടു പോയി
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: രണ്ട് മാസം കഴിഞ്ഞ് നടക്കാനിരുന്ന വിവാഹത്തിന്റെ ആഹ്ലാദത്തിലായിരുന്നു കല്ലിങ്കല്‍ കുടുംബം. വിവാഹത്തിന് മുമ്പ് അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം സന്തോഷത്തോടെ കഴിയാനാണ് മലപ്പുറത്ത് നിന്നും ജോലി രാജിവെച്ച് ഗ്രീഷ്മ മുണ്ടക്കൈയിലെ വീട്ടിലെത്തിയത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് ഉരുള്‍ പൊട്ടലിലും. അവളുടെ ആ അന്ത്യയാത്രയില്‍ അവളുടെ അച്ഛനും അമ്മയും സഹോദരനും അവളെ അനുഗമിച്ചു.
മലപ്പുറം എം.ബി. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു ഗ്രീഷ്മ. വിവാഹത്തിനു മുമ്പ് കടുംബത്തോടൊപ്പം കുറച്ച് നാള് കഴിയാനായാണ് നാട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് ഉരുളുപൊട്ടിയൊലിച്ച ചേറിലായിരുന്നു. മുണ്ടക്കൈയില്‍നിന്ന് നിറയെ സ്വപ്നങ്ങളുമായാണ് ഗ്രീഷ്മ ജോലിക്കായി മലപ്പുറത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി മലപ്പുറം എം.ബി. ആശുപത്രിയില്‍ ജോലി ചെയ്യുന്നു.
ജോലി രാജിവെച്ച് ജൂലായിലാണ് ഗ്രീഷ്മ മുണ്ടക്കൈയിലെത്തിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളം ഗ്രീഷ്മയുടെ മുണ്ടക്കൈയിലെ കല്ലിങ്കല്‍ വീട്ടില്‍ ബാക്കിയാക്കിയത് അനുജന് അഭിജിത്തിനെ മാത്രമാണ്. അച്ഛന് സുബ്രഹ്മണ്യനും അമ്മ ബബിതയും സഹോദരന് ഗിരിജിത്തും ഗ്രീഷ്മയ്ക്കൊപ്പം മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായി.
ഗ്രീഷ്മയുടെയും സുബ്രഹ്മണ്യന്റെയും ശരീരം മാത്രമാണ് കിട്ടിയത്. കുടുംബത്തോടൊപ്പം നിന്നിട്ട് പിന്നീട് ജോലിനോക്കാമെന്നും പറഞ്ഞാണ് അവള് പോയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.