- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതായി വിമർശനം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടു വെച്ചത് ബദൽ നിർദേശങ്ങൾ; പരിശോധിക്കാമെന്ന ഒഴുക്കൻ മട്ടിൽ മുഖ്യമന്ത്രിയും; ഇരു പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയില്ല; ബുധനാഴ്ച്ച സഭയിൽ എത്തും മുമ്പ് സമവായത്തിന് നീക്കം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രശ്ന പരിഹാരത്തിന് സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, എ വിജയരാഘവൻ എന്നിവരാണ് എകെജി സെന്ററിൽ ചർച്ച നടത്തിയത്. എന്നാൽ, പല വിഷയങ്ങളിലും അന്തിമ ധാരണയിൽ എത്താൻ ചർച്ചയിൽ സാധിച്ചില്ല. ബുധനാഴ്ച ബില്ല് സഭയിൽ വരാനിരിക്കെയാണ് സമവായ ചർച്ചയ്ക്ക് ഇരു പാർട്ടികളും തീരുമാനിച്ചത്. ചർച്ചയിൽ സിപിഐ ബദൽ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് ചർച്ച ചെയ്യാൻ ഇരുപാർട്ടികളും തീരുമാനിച്ചത്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഉഭയകക്ഷി ചർച്ചയിൽ നിലപാട് പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. സിപിഐയ്ക്ക് നിലവിലെ ബില്ലിൽ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കാനം വ്യക്തമാക്കി.
ലോകായുക്ത ഭേദഗതി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന വിമർശനമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐ ഉന്നയിക്കുന്നത്. ഇതോടൊപ്പം ബദൽ നിർദ്ദേശങ്ങളും സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. സിപിഐയുടെ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് എത്രകണ്ട് ബാധക്കും എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.
ലോകായുക്ത ഭേദഗതിയിൽ സിപിഐ സമവായ നിർദ്ദേശങ്ങൾ മുന്നോട്ടുച്ചിട്ടുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സിപിഐയുടെ സമവായ നിർദ്ദേശം. ഭേദഗതി വരുമ്പോൾ ലോകായുക്തയുടെ തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. അത് പാടില്ലെന്നാണ് നേരത്തേ തന്നെ സിപിഐ ഉന്നയിക്കുന്ന ആവശ്യം.
തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നൽകണമെന്നാണ് സിപിഐയുടെ നിർദ്ദേശം. നിയമവശങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. നാളെ സഭാ സമ്മേളനം തുടങ്ങുന്നത്. തുടങ്ങിയ മൂന്നാം ദിനം തന്നെ ലോകായുക്ത ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി, മന്ത്രിമാർ, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവർണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്നതാണ് ബിൽ. ഇതിന്റെ കരട് രേഖ തയാറായിട്ടുണ്ട്. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞിട്ട് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്. സഭ 10 ദിവസം സമ്മേളിച്ചശേഷം സെപ്റ്റംബർ 2ന് പിരിയും. ആദ്യദിവസം പ്രത്യേക സമ്മേളനമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം ആ ദിവസം നടത്തും. ഓഗസ്റ്റ് 23, 24 തീയതികളിൽ 6 ബില്ലുകൾ അവതരിപ്പിക്കും.
അവതരിപ്പിക്കുന്ന ബില്ലുകൾ: 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബിൽ, 2022-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ, ദി കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് ആസ് റെസ്പെക്റ്റ്സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമെന്റ്മെന്റ് ബിൽ, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമ്മാണത്തിനായുള്ള സമയക്രമം കാര്യോപദേശക സമിതി തീരുമാനിക്കും.