കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ യുഡിഎഫ് മുന്നണിയിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുസ്ലിംലീഗ് സ്വന്തം അടിച്ചറ വർധിപ്പിക്കാൻ സ്‌കോളർഷിപ്പ് വിഷയം ആയുധമാക്കാൻ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിൽ കൈമോശം വന്ന സീറ്റുകൾ ഭാവിയിൽ തിരിച്ചു പിടിക്കാൻ അടക്കം സമുദായത്തിന് അകത്ത് പിന്തുണ വർധിപ്പിക്കേണ്ടത് ലീഗിന് ആവശ്യമാണ്. ഇതിന് ലീഗ് ശ്രമിക്കുമ്പോൾ എല്ലാ സമുദായത്തിന്റെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസാണ് വെട്ടിലാകുന്നത്.

എല്ലാ സമുദായങ്ങളുടെയും പിന്തുണ അനിവാര്യമായതിനാൽ, ലീഗിനെപ്പോലെ ഒറ്റയടിക്ക് നിലപാട് സ്വീകരിക്കാൻ കഴിയില്ല എന്ന പ്രതിസന്ധി കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം ചർച്ച ചെയ്യാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വിഷയത്തിൽ രണ്ടു ദിവസത്തിനകം നിലപാട് എടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് അറിയിച്ചത്. സർക്കാർ നയത്തോട് ചെറിയ പരാതിയുള്ളതിനാൽ മാറ്റംവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു കഴി#്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ് വിഷയത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം. നേരത്തേയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ് നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാക്കുന്നതാണെന്ന മുസ്‌ലിംലീഗിന്റെ നിലപാട് പരോക്ഷമായി തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണിക്കൂറുകൾക്കകം സ്വന്തം വാക്കുകൾ മയപ്പെടുത്തേണ്ടിവന്നു. ഇത് പൊതുസമൂഹത്തിൽ കോൺഗ്രസിന് ക്ഷീണമായി മാറുകയും ചെയ്തു. ലീഗിന് വഴങ്ങുന്ന കോൺഗ്രസ് എന്ന ദുഷ്‌പേര് കോൺഗ്രസിന് പണ്ടേ ഉണ്ട്. ഈ നിലപാടാണ് വീണ്ടും ആവർത്തിച്ചു തെളിയിക്കപ്പെടുന്നത്.

സമുദായ പിന്തുണ തിരിച്ചുപിടിക്കാൻ സ്‌കോളർഷിപ് വിഷയം ആയുധമാക്കി ശക്തമായ പ്രചാരണത്തിന് മുസ്‌ലിംലീഗ് തയ്യാറെടുക്കുകയാണ്. അതിനിടെയാണ് സർക്കാർ തീരുമാനംവഴി ഒരു സമുദായത്തിനും നഷ്ടമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് നിലപാടെടുത്തത്. ഇത് ലീഗിന്റെ നിലപാട് പാടെ തള്ളുന്നതായിരുന്നു. അതിലുള്ള അതൃപ്തി പരസ്യമായിതന്നെ ലീഗ് നേതൃത്വം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സതീശൻ മലക്കംമറിഞ്ഞത്. സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്ന് തിരുത്തിയ സതീശൻ, ലീഗിന്റെ പരാതി കേൾക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ വിഷയത്തിൽ യു.ഡി.എഫിലെ ആശയക്കുഴപ്പം പരസ്യമായി. സതീശന്റെ ആദ്യ നിലപാടിലുള്ള അതൃപ്തി അദ്ദേഹത്തിന്റെ പേര് പറഞ്ഞാണ് ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പ്രകടിപ്പിച്ചത്.

അതിനിടെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് മരവിപ്പിക്കാൻ സർക്കാർ ഇടപെടൽ കാരണമായെന്ന പ്രചാരണം ശക്തമാക്കാനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്. വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോഴും തൽക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോർട്ട്. സച്ചാർ കമ്മിറ്റി ശുപാർശകൾ മുസ്ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്.

ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിർവചിച്ച് ഡിവിഷൻ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിന് മാത്രം നൽകുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികൾ സ്വീകരിച്ചാൽ മേൽകോടതികൾ ഉൾപ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്ലിം ലീഗിനുള്ളത് എന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വിഷയം രാഷ്ട്രീയമായ ഉപയോഗിക്കാൻ നീങ്ങുന്നത്.

രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങൾ പഠിക്കാനാണ് സച്ചാർ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ സച്ചാർ കമ്മിറ്റി ശുപാർശകൾ വിഭജിച്ച് നൽകി. ഇതാണിപ്പോൾ ശുപാർശകൾ പോലും മുടങ്ങുന്ന തരത്തിൽ കോടതി ഇടപെടലിന് കാരണമായത്. ഇതിന്് പിന്നിൽ ഇടത് സർക്കാറിന്റെ ഇടപെടലാണെന്നുൾപ്പെടെ പ്രചാരണം ശക്തമാക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്. സച്ചാർ കമ്മിറ്റി ശുപാർശകളുടെ ഗുണം പൂർണമായും മുസ്ലിം സമുദായത്തിന് കിട്ടണമെന്നായിരുന്നു ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണവും.

മുസ്ലിംകൾക്കുമാത്രം അവകാശപ്പെട്ട ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ സംവിധാനമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ 80:20 അനുപാതം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയിട്ടില്ല. പകരം കോടതി നിർദേശ പ്രകാരം ആനുകൂല്യങ്ങൾ വീതിക്കാനാണ് സർക്കാർ മുതിർന്നത്. ഇത് അംഗീകരിക്കാൻ തയ്യാറല്ലെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയമ നടപടി എന്നതിൽ നിന്നും പൂർണമായി പിന്നോട്ട് പോവാനും ലീഗിന് കഴിയില്ല.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആരും ചോദ്യം ചെയ്യാതിരുന്നത് സർക്കാറിന് സഹായമായെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിനേക്കാൾ ഫലപ്രദം അതേ ബെഞ്ചിൽതന്നെ പുനഃപരിശോധന ഹരജി നൽകുന്നതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. മുൻ ഉത്തരവ് പുനഃപരിശോധന ഹരജിയിലൂടെ പുനഃപരിശോധിക്കുന്ന സ്ഥിതിയുണ്ടായാൽ ഇപ്പോഴത്തെ സർക്കാർ തീരുമാനവും ഇല്ലാതാകുമെന്ന സാധ്യതയാണ് ലീഗ് പ്രതീക്ഷ പുലർത്തുന്നത്. നിലവിൽ പിന്നോട്ട് പോവുമ്പോഴും ഭാവിയിൽ വലിയ നിയമ പോരാട്ടങ്ങളിലേക്ക് ആയിരിക്കും ന്യൂന പക്ഷ സ്‌കോളർഷിപ്പ് വിഷയം വഴി തുറക്കുക.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് മതന്യൂനപക്ഷത്തെ മാത്രം നിർവചിച്ചാണ്. ഭാഷാ ന്യൂനപക്ഷത്തെ ഉൾപ്പെടുത്താതെ ന്യൂനപക്ഷമെന്ന നിലയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടാൽ മുൻ ഉത്തരവ് റദ്ദാക്കാനും സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതോടെ സച്ചാർ റിപ്പോർട്ട് ശുപാർശ പൂർണമായും നടപ്പാക്കണമെന്ന ഹരജിക്കും പ്രാധാന്യം ലഭിക്കും. ഈ അപാകത പുനഃപരിശോധന ഹരജിയിൽ ചോദ്യം ചെയ്യാവുമെന്നതാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുത്. കേരള വിദ്യാഭ്യാസ ബില്ലിലെ പ്രസിഡൻഷ്യൽ റഫറൻസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പരിഗണിക്കാതെയാണ് വിധിയെന്ന വാദവും ലീഗ് ഉയർത്തിയേക്കും.