ഭുവനേശ്വര്‍/തിരുവനന്തപുരം: നന്തന്‍കോട്ടെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനില്‍ നിന്ന് ഒഡീഷയിലെ ഉള്‍വനങ്ങളില്‍ കോടികളുടെ ലഹരി സാമ്രാജ്യം വാഴുന്ന 'ഡോണ്‍' അലന്‍ പുന്നൂസിലേക്കുള്ള വളര്‍ച്ച സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. കണ്ണാടി ഷാജി വധക്കേസില്‍ തുടങ്ങിയ ക്രിമിനല്‍ ജീവിതം ഒടുവില്‍ ഒഡീഷ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തിലും കമാന്‍ഡോ ഓപ്പറേഷനിലും ചെന്ന് അവസാനിക്കുമ്പോള്‍ പുറത്തുവരുന്നത് കേരളം കണ്ട ഏറ്റവും വലിയ 'കഞ്ചാവ് സിന്‍ഡിക്കേറ്റിന്റെ' ഞെട്ടിക്കുന്ന വിവരങ്ങളാണ്.

തലസ്ഥാനത്തെ അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രമുഖനായിരുന്ന നന്തന്‍കോട് സ്വദേശി അലന്‍ ജയരാജ് (അലന്‍ രാജ് - 33), ലഹരി മാഫിയയുടെ ലോകത്ത് 'അലന്‍ പുന്നൂസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. കൊലക്കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടെങ്കിലും കുറ്റകൃത്യങ്ങളുടെ ലോകം ഉപേക്ഷിക്കാന്‍ അലന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഒഡീഷയിലെ കോറാപുട്ടില്‍ 300 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ ഫാക്ടറിയുമായി പിടിയിലാകുമ്പോള്‍ അലന്‍ പൊന്നു എന്ന ഈ ക്രിമിനല്‍ ഇനി പുറംലോകം കാണാന്‍ സാധ്യത കുറവാണ്.

തിരുവനന്തപുരത്തെ ഗുണ്ടാ ലോകത്തെ ഞെട്ടിച്ച കണ്ണാടി ഷാജി വധക്കേസില്‍ അലന്‍ പ്രതിയായത് വെറും 'ചെറു സഹായങ്ങളുടെ' പേരിലായിരുന്നില്ല എന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന. തന്റെ മുന്‍ നേതാവായ കണ്ണാടി ഷാജിയെ എതിര്‍പക്ഷത്തുള്ള അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിന് ഒറ്റിക്കൊടുത്തത് അലന്‍ ആണെന്ന ആക്ഷേപം ശക്തമാണ്. ഷാജിയുടെ ഒളിത്താവളം കൃഷ്ണകുമാറിന് കൃത്യമായി ചോര്‍ത്തി നല്‍കിയതോടെയാണ് ആ കൊലപാതകം നടന്നത്. ഇതിനുപിന്നാലെ ഷാജിയുടെ അനുയായികള്‍ അലനെ നോട്ടമിട്ടതോടെയാണ് ജീവന്‍ രക്ഷിക്കാന്‍ ഇയാള്‍ തലസ്ഥാനം വിട്ടതും കേരളത്തിലേക്ക് വരാത്തതും.

കേരള പോലീസിനും എക്‌സൈസിനും ഈ കൊടും കുറ്റവാളിയെ തൊടാന്‍ കഴിയാതിരുന്നതിന് പിന്നില്‍ പോലീസിനുള്ളിലെ ചില 'സൗഹൃദങ്ങളാണ്' എന്ന് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. അലന്റെ അടുത്ത ബന്ധുവിന് പോലീസിലുള്ള സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെയുള്ള ഓരോ നീക്കവും അലന്‍ നേരത്തെ ചോര്‍ത്തി കിട്ടിയിരുന്നു. തലസ്ഥാനത്തെ പോലീസ് ചലനങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്ന അലന്‍, അത് ഉപയോഗിച്ചാണ് ഓരോ തവണയും അധികൃതരെ വെട്ടിച്ച് വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത്.

തിരുവനന്തപുരം ശാസ്തമംഗലത്ത് വീട് വാടകയ്ക്കെടുത്ത് ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ അലന്‍ രാജ് മുന്‍പ് ലഹരി കച്ചവടം നടത്തിയിരുന്നു. ശരീരത്തില്‍ ടാറ്റൂ പതിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സൗഹൃദത്തില്‍ കുരുക്കി മയക്കുമരുന്നിന് അടിമകളാക്കുകയായിരുന്നു അലന്റെ തന്ത്രം. ഇവിടെ ലഹരി ഉപയോഗിക്കുന്നതിനും അലന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. എന്നാല്‍ പോലീസ് റെയ്ഡ് കടുപ്പിച്ചതോടെ കേരളം വിട്ട അലന്‍ തന്റെ സാമ്രാജ്യം അന്തര്‍സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു.

വിവാദങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേരളത്തിലേക്ക് വരാതിരുന്ന അലന്‍, തന്റെ അടുത്ത സുഹൃത്തുക്കളെ പോലും കണ്ടിരുന്നത് അതീവ രഹസ്യമായാണ്. ബെംഗളൂരുവില്‍ വെച്ചായിരുന്നു ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ നടന്നിരുന്നത്. കൂട്ടുകാരെ പോലും അറിയിക്കാതെ അര്‍ദ്ധരാത്രികളില്‍ വരികയും മുറിയില്‍ തട്ടുമ്പോള്‍ മാത്രം അവര്‍ സാന്നിധ്യം അറിയുകയും ചെയ്യുന്ന രീതിയിലായിരുന്നു അലന്റെ രഹസ്യ നീക്കങ്ങള്‍. കേരളത്തിന് പുറത്തിരുന്നാണ് ഇയാള്‍ തന്റെ മയക്കുമരുന്ന് സിന്‍ഡിക്കേറ്റ് നിയന്ത്രിച്ചിരുന്നത്.

ഒഡീഷയിലെ കോറാപുട്ടിലെ ജലാപുട്ട് റിസര്‍വോയറിന് ഉള്ളിലുള്ള അതീവ രഹസ്യമായ ദ്വീപിലായിരുന്നു അലന്‍ തന്റെ ഹാഷിഷ് ഓയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചത്. വനത്തിനുള്ളില്‍ അത്യാധുനിക ലാബ് സൗകര്യങ്ങളോടെ കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലാക്കി മാറ്റുകയായിരുന്നു പ്രവര്‍ത്തനം. ഒഡീഷ പോലീസ് നടത്തിയ റെയ്ഡില്‍ 1800 ലിറ്റര്‍ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. 28 കെ.വി ജനറേറ്ററും മോഡിഫൈഡ് പ്രഷര്‍ കുക്കറുകളും അടങ്ങിയ വലിയൊരു സജ്ജീകരണം തന്നെ പോലീസ് തകര്‍ത്തു.

ആന്ധ്രയില്‍ ഇരുന്ന് കേരളത്തിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കാന്‍ അലന് കൃത്യമായ ശൃംഖലയുണ്ടായിരുന്നു. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷായിരുന്നു അലന്റെ വലംകൈ. കേരളത്തില്‍ അഭിലാഷാണ് കച്ചവടം നിയന്ത്രിച്ചിരുന്നത്. റിട്ടേഡ് എസ്.പിമാരുടെ മക്കള്‍ മുതല്‍ ഗുണ്ടാ നേതാക്കള്‍ വരെ അലന്റെ സിന്‍ഡിക്കേറ്റില്‍ ഉണ്ടായിരുന്നു. കേരളത്തിലെ ജയിലുകളിലേക്ക് പോലും മയക്കുമരുന്ന് കടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു എന്നത് പോലീസിന് നാണക്കേടായി.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങളില്‍ പരിശോധന കുറവായതിന്റെ മറവിലാണ് അലന്‍ ടണ്‍ കണക്കിന് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം തച്ചോട്ടുകാവിലും ആക്കുളത്തും എക്‌സൈസ് നടത്തിയ റെയ്ഡുകളില്‍ പിടികൂടിയ കഞ്ചാവിന് പിന്നില്‍ അലന്‍ ആണെന്ന് വ്യക്തമായിരുന്നു. മയക്കുമരുന്ന് എത്തിക്കാന്‍ വോള്‍വോ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന ഇവര്‍ ബാഗുകളിലാക്കി മയക്കുമരുന്ന് കടത്തിയിരുന്നു.

സാഹസികമായ നീക്കത്തിലൂടെ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ചാണ് ഒഡീഷ പോലീസ് ഈ സിന്‍ഡിക്കേറ്റിന്റെ അടിവേരറുത്തത്. ഡി.ഐ.ജി കന്‍വര്‍ വിശാല്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അലനെയും കൂട്ടാളികളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നിവരെയും പിടികൂടിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സാധാരണക്കാരായ യുവാക്കളെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിവിട്ട് കോടികള്‍ കൊയ്ത അലന്‍ രാജിന്റെ ക്രിമിനല്‍ ജീവിതം അവസാനിച്ചിരിക്കുകയാണ്. തന്റെ പഴയ നേതാവായ കണ്ണാടി ഷാജിയെ ഒറ്റിക്കൊടുത്ത് തുടങ്ങിയ കുതിപ്പ് ഒടുവില്‍ അഴികള്‍ക്കുള്ളില്‍ അവസാനിക്കുമ്പോള്‍ തലസ്ഥാനത്തെ ഗുണ്ടാ ലോകത്തും ലഹരി വിപണിയിലും വലിയൊരു ശൃംഖലയാണ് തകരുന്നത്.

പ്രതികളെ കേരളത്തിലെത്തിച്ച് കൂടുതല്‍ കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് എക്‌സൈസിന്റെയും പോലീസിന്റെയും തീരുമാനം. ഇയാളെ കേരളത്തിലേക്ക് എത്തിക്കുന്നതോടെ പോലീസിനുള്ളിലെ ബന്ധങ്ങളും ചോര്‍ത്തലുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.