തിരുവനന്തപുരം: തിരുവനന്തപുരം നഗരവീഥികളിലെ കുറ്റകൃത്യങ്ങളുടെ നിഴല്‍പറ്റിയ ഒരു ഗുണ്ടയില്‍ നിന്ന് ഒഡീഷയിലെ ഉള്‍വനങ്ങളില്‍ കോടികളുടെ ലഹരി സാമ്രാജ്യം വാഴുന്ന മാഫിയാ ഡോണിലേക്കുള്ള അലന്‍ ജയരാജിന്റെ വളര്‍ച്ച സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. കണ്ണാടി ഷാജി വധക്കേസില്‍ തുടങ്ങിയ ക്രിമിനല്‍ ജീവിതം ഒടുവില്‍ ഒഡീഷ പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തിലും കമാന്‍ഡോ ഓപ്പറേഷനിലും ചെന്ന് അവസാനിക്കുമ്പോള്‍ പുറത്തുവരുന്നത് കേരളം കണ്ട ഏറ്റവും വലിയ 'കഞ്ചാവ് സിന്‍ഡിക്കേറ്റിന്റെ' ഞെട്ടിക്കുന്ന വിവരങ്ങളാണ്.

തലസ്ഥാനത്തെ അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രമുഖനായിരുന്ന നന്തന്‍കോട് സ്വദേശി അലന്‍ ജയരാജ് (അലന്‍ രാജ് - 33), ലഹരി മാഫിയയുടെ ലോകത്ത് 'അലന്‍ പുന്നൂസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. കണ്ണാടി ഷാജി വധക്കേസില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗുണ്ടാസംഘത്തിന് സഹായങ്ങള്‍ നല്‍കിയതിന്റെ പേരില്‍ ഗൂഢാലോചന കുറ്റത്തിന് പ്രതിയായതോടെയാണ് അലന്‍ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. കോടതി ഇയാളെ വെറുതെ വിട്ടെങ്കിലും ആ വെറുതെ വിടല്‍ ഒരു വലിയ മാഫിയാ സാമ്രാജ്യത്തിന്റെ തുടക്കമായിരുന്നു. അലന്‍ പൊന്നുവെന്നും വെളിപ്പേരുണ്ട്. അലനെ രാജ്യവിരുദ്ധന്‍ എന്ന് മുദ്രകുത്തിയാണ് ഒഡീഷാ പോലീസ് അറസ്റ്റു ചെയ്തത്. അടുത്ത കാലത്തൊന്നും ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. തെളിവുകള്‍ ഉള്ളതിനാല്‍ ഇനി അലന്‍ ജയിലില്‍ തന്നെ തുടരേണ്ടി വന്നേക്കും.

കേരളത്തില്‍ പോലീസിന്റെ പിടിമുറുക്കം ശക്തമായതോടെയാണ് അലന്‍ തന്റെ താവളം ശാസ്തമംഗലത്തേക്ക് മാറ്റുന്നത്. അവിടെ ഒരു ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ ലഹരി വ്യാപാരം ആരംഭിച്ചു. ടാറ്റൂ അടിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സൗഹൃദത്തില്‍ കുരുക്കി മയക്കുമരുന്നിന് അടിമകളാക്കുക എന്നതായിരുന്നു അലന്റെ തന്ത്രം. ഇതോടെ നഗരത്തിലെ ന്യൂജെന്‍ ലഹരി വിപണിയുടെ അപ്രഖ്യാപിത തലവനായി അലന്‍ മാറി.

ശാസ്തമംഗലത്തെ കേന്ദ്രത്തില്‍ ശാസ്ത്രീയമായ രീതിയില്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ വരെ അലന്‍ ഒരുക്കിയിരുന്നു. എന്നാല്‍, പോലീസ് ഇവിടെ റെയ്ഡ് നടത്തുകയും അലന്‍ പുന്നൂസ് ആദ്യമായി നിയമത്തിന്റെ വലയില്‍ കുടുങ്ങുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അലന്‍ പിന്നീട് കേരളത്തില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞു. അതോടെയാണ് തന്റെ പ്രവര്‍ത്തന മേഖല അന്തര്‍സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചത്.

ആദ്യം ബെംഗളൂരു കേന്ദ്രീകരിച്ച് വോള്‍വോ ബസ്സുകള്‍ വഴി മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന ഏജന്റായി അലന്‍ മാറി. എന്നാല്‍ കേവലം ഒരു ഏജന്റായി ഒതുങ്ങാന്‍ അയാള്‍ തയ്യാറായിരുന്നില്ല. വലിയൊരു വിതരണ ശൃംഖല ലക്ഷ്യമിട്ട് അലന്‍ തന്റെ താവളം ആന്ധ്രപ്രദേശിലെ ഉള്‍ഗ്രാമങ്ങളിലേക്ക് മാറ്റി. അവിടെ നിന്നുമാണ് കേരളത്തിലെ കഞ്ചാവ്-ഹാഷിഷ് വിപണിയെ നിയന്ത്രിക്കുന്ന 'അദൃശ്യ ഡോണായി' അലന്‍ മാറിയത്.

വിവാദങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേരളത്തിലേക്ക് വരാതിരുന്ന അലന്‍, ആന്ധ്രയില്‍ ഇരുന്നുകൊണ്ട് റിട്ടേണ്‍ഡ് എസ്.പിമാരുടെ മക്കളെ വരെ തന്റെ ഗ്യാങ്ങില്‍ ഉള്‍പ്പെടുത്തി ലഹരി വ്യാപാരം കൊഴുപ്പിച്ചു. കേരളത്തിലെ ജയിലുകളിലേക്ക് പോലും മയക്കുമരുന്ന് എത്തിക്കാന്‍ ഇയാള്‍ക്ക് ശൃംഖലകളുണ്ടായിരുന്നു. ആന്ധ്രയിലെ രാജമുന്ദ്രിയില്‍ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കിലോക്കണക്കിന് കഞ്ചാവ് ഒഴുകിയത് അലന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.

ആന്ധ്രയില്‍ പോലീസിന്റെ നിരീക്ഷണം ശക്തമായതോടെയാണ് അലന്‍ തന്റെ സാമ്രാജ്യം ഒഡീഷയിലെ കോറാപുട്ടിലേക്ക് മാറ്റുന്നത്. പോലീസിനോ എക്‌സൈസിനോ എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത നക്‌സല്‍ സ്വാധീന മേഖലകളായിരുന്നു അലന്റെ ലക്ഷ്യം. അവിടെ ജലാപുട്ട് റിസര്‍വോയറിനുള്ളിലെ അതീവ രഹസ്യമായ ഒരു ദ്വീപ് അലന്‍ തന്റെ താവളമായി തെഞ്ഞെടുത്തു.

വനത്തിനുള്ളിലെ ഈ രഹസ്യ ദ്വീപില്‍ ഒരു അത്യാധുനിക ഹാഷിഷ് ഓയില്‍ ഫാക്ടറി തന്നെ അലന്‍ പുന്നൂസ് കെട്ടിപ്പടുത്തു. കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലാക്കി മാറ്റുന്നതിനുള്ള ലാബും, 28 കെ.വി ജനറേറ്ററും, അത്യാധുനിക മെഷിനറികളും അവിടെ സജ്ജീകരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 300 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് സാമ്രാജ്യമായിരുന്നു അത്.

കേരളത്തിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കുന്നതിനായി അലന്‍ പ്രത്യേക ഗുണ്ടാസംഘങ്ങളെ തന്നെ നിയമിച്ചിരുന്നു. പാറ അഭിലാഷ് ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ ഗുണ്ടകളായിരുന്നു കേരളത്തിലെ വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ലഹരിക്കടത്തിനിടെ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പോലും മടിക്കാത്ത ക്രിമിനലുകളുടെ ഒരു വന്‍പട തന്നെ അലന്റെ പിന്നിലുണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ചരക്ക് വാഹനങ്ങളുടെ പരിശോധനയില്‍ ഇളവ് വന്നപ്പോള്‍ അലന്റെ സിന്‍ഡിക്കേറ്റ് കേരളത്തിലേക്ക് ടണ്‍ കണക്കിന് കഞ്ചാവ് എത്തിച്ചു. തിരുവനന്തപുരം ആക്കുളം, തച്ചോട്ടുകാവ് എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് കിലോ കഞ്ചാവ് പിടികൂടിയ എക്‌സൈസ് റെയ്ഡുകളാണ് ഒടുവില്‍ അലന്‍ പുന്നൂസ് എന്ന അദൃശ്യ കരങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്.

ഒഡീഷ ഡി.ഐ.ജി കന്‍വര്‍ വിശാല്‍ സിംഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ നിരീക്ഷണം നടത്തി. ഒടുവില്‍ ഡ്രോണുകളുടെയും ഹൈ സ്പീഡ് ബോട്ടുകളുടെയും സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അലന്‍ രാജും കൂട്ടാളികളും കുടുങ്ങിയത്.

പിടിച്ചെടുത്തത് 1800 ലിറ്റര്‍ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവുമാണ്. കേരള പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് വര്‍ഷങ്ങളോളം വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞ അലന്റെ വീഴ്ച ലഹരി മാഫിയയ്ക്ക് ഏറ്റ വലിയ ആഘാതമാണ്.

അലന്‍ പുന്നൂസിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നിവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ അന്തര്‍സംസ്ഥാന സിന്‍ഡിക്കേറ്റില്‍ ഇനിയും പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഒഡീഷ പോലീസിന്റെ നിഗമനം.

സാധാരണക്കാരായ യുവാക്കളെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിവിട്ട് കോടികള്‍ കൊയ്ത അലന്‍ രാജിന്റെ ക്രിമിനല്‍ ജീവിതം ഒരു പാഠമാണ്. ടാറ്റൂ സ്ഥാപനത്തില്‍ നിന്നും ഒഡീഷയിലെ ഹാഷിഷ് ഫാക്ടറി വരെ വളര്‍ന്ന ഈ മലയാളി കുറ്റവാളിയെ ഒടുവില്‍ നിയമം പിടികൂടുമ്പോള്‍ അത് കേരളത്തിലെ ലഹരി വിരുദ്ധ പോരാട്ടത്തിന് വലിയൊരു കരുത്തായി മാറുന്നു.

പ്രതികളെ കേരളത്തിലെത്തിച്ച് കൂടുതല്‍ കേസുകളില്‍ തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് എക്‌സൈസ്. ഇതോടെ തലസ്ഥാനത്തെ ലഹരി വിപണിയുടെയും ഗുണ്ടാ ബന്ധങ്ങളുടെയും കൂടുതല്‍ അഴുക്കുചാലുകള്‍ പുറത്തുവരുമെന്ന് ഉറപ്പാണ്.