കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യത ലിസ്റ്റില്‍ അതൃപ്തി പോളിറ്റ് അറിയിച്ച് കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ നേരിട്ട് അറിയിച്ചു. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ലെന്നാണ് കെ.കെ.ശൈലജയുടെ നിലപാട്. പേരാവൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫിനെതിരെ കെ. കെ. ശൈലജയെ രംഗത്തിറക്കാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും യുഡിഎഫ് സിറ്റിങ് സീറ്റില്‍ മത്സരിച്ചു ഭാഗ്യപരീക്ഷണത്തിനില്ലെന്നാണ് കെ.കെ ശൈലജയുടെ നിലപാട്.

ഈക്കാര്യം ശൈലജ ടീച്ചര്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടിനിരത്താന്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ചതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപതിയുണ്ട്. അഞ്ചു വട്ടം മത്സരിച്ചതിനാല്‍ ഇനി കെ.കെ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. മട്ടന്നൂരല്ലെങ്കില്‍ ശൈലജയെ പേരാവൂരില്‍ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാല്‍ അവരത് തള്ളിയതോടെ ഈ സാദ്ധ്യതയും അടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം. പിണറായി ഇടപെട്ടാല്‍ മാത്രമേ ശൈലജയ്ക്ക് മട്ടന്നൂരില്‍ മത്സരിക്കാന്‍ അവസരം കിട്ടൂ. സ്പീക്കര്‍ എഎന്‍ ഷംസീറും അതൃപ്തിയിലാണ്. കടകംപള്ളി സുരേന്ദ്രന് പോലും വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നു. എന്നിട്ടും തലശ്ശേരിയില്‍ നിന്നും തന്നെ ഒഴിവാക്കുന്നുവെന്ന പരാതിയിലാണ് കടകംപള്ളി സുരേന്ദ്രന് അടക്കം മത്സരിക്കാന്‍ അവസരമുണ്ട്. എന്നിട്ടും ശൈലജയേയും ഷംസീറിനേയും ഒഴിവാക്കുന്നതാണ് സിപിഎമ്മില്‍ ചര്‍ച്ചാ വിഷയം.

തളിപ്പറമ്പില്‍ എന്‍. സുകന്യയുടെ പേരിനോടും പാര്‍ട്ടിയില്‍ വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പില്‍ എംവി ഗോവിന്ദന് താല്‍പര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോര്‍ട്ട്. എം.വി നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. തലശേരിയില്‍ ഫസല്‍ വധക്കേസിലെ പ്രതികാരായി രാജന്‍ നിന്നാല്‍ മറ്റിടങ്ങളില്‍ തിരിച്ചടിയാകുമോയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ട്. തലശേരിയില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണമുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ അതിന് സാധ്യതയില്ലെന്ന് തെളിയുകയായിരുന്നു.

ഇതിനിടെ തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് അയച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മുന്‍പന്തിയിലാണ് പി.കെ. ശ്യാമളയുടെ പേര്. നിയമസഭാ സ്ഥാനാര്‍ഥിത്വത്തിനുള്ള 'രണ്ടു ടേം' വ്യവസ്ഥ സിപിഎം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് ഇതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്ക് മൂന്നാമൂഴം നല്‍കേണ്ടെന്ന വ്യവസ്ഥ കര്‍ക്കശമല്ലെന്നും, പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടു.

സിറ്റിങ് എംഎല്‍എയെ മാറ്റിയാലും മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ പകരക്കാരെ നിര്‍ദേശിക്കാം; എന്നാല്‍ സിറ്റിങ് എംഎല്‍എ അനിവാര്യമാണെന്ന് കണ്ടാല്‍ അവര്‍ക്ക് ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. കണ്ണൂരിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കെ.കെ. ശൈലജയുടെയും ഷംസീറിന്റെയും പേരുകള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാത്തത് ടേം വ്യവസ്ഥയുടെ ഭാഗമായാണ്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയില്‍ ശൈലജയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക. ഷംസീറിന്റെ കാര്യത്തിലും അവസാന നിമിഷം അനുകൂല തീരുമാനമുണ്ടായേക്കും.

അതേസമയം, രണ്ടു ടേം പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തെക്കുറിച്ച് തര്‍ക്കങ്ങളില്ലാതെ തന്നെ ഇളവ് നല്‍കാന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായിട്ടുണ്ട്. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി പരിശോധിക്കും. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും സമാന്തരമായി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാകും മാറ്റങ്ങള്‍ നിര്‍ദേശിക്കുക. ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന പട്ടികയില്‍ വിജയസാധ്യത മുന്‍നിര്‍ത്തി സംസ്ഥാന നേതൃത്വം തിരുത്തലുകള്‍ വരുത്തും. ഇതിനുശേഷം കേന്ദ്ര കമ്മിറ്റിയുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെയാകും സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങുക.