തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുണ്ടായിരുന്ന വലിയ അസ്വാരസ്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ നിര്‍ണ്ണായകമായത് സുഹൃത്തിന്റെ ഇടപെടല്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും കേരളാ കോണ്‍ഗ്രസ് (ബി) ട്രഷററുമായ ബാലഗോപാലിന്റെ നയതന്ത്രമാണ് ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാമായിരുന്ന കുടുംബപ്രശ്‌നം പരിഹരിച്ചത്. ഭാര്യ ഉന്നയിച്ച പരാതികളില്‍ ഗണേഷ് കുമാര്‍ തെറ്റുതിരുത്തി മാപ്പുപറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് വിരാമമായത്. ഇരുവരും വിവാഹ മോചനത്തിലേക്ക് പോകില്ലെന്നും, ഇതൊരു കുടുംബ പ്രശ്നം മാത്രമായി കണ്ട് രമ്യമായി പരിഹരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

ഗുരുവായൂര്‍ ദേവസ്വം ആറാട്ട് കഴിഞ്ഞയുടന്‍ ബാലഗോപാല്‍ നേരെ പാലക്കാട്ടുള്ള ബിന്ദു മേനോന്റെ വീട്ടിലെത്തുകയായിരുന്നു. ഗണേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അദ്ദേഹം അവിടെവെച്ച് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. തുടര്‍ന്ന് ബാലഗോപാല്‍ തന്റെ ഫോണില്‍ ഗണേഷിനെ വിളിച്ചു. ഈ ഫോണിലൂടെയാണ് ഗണേഷ് ഭാര്യയോട് സംസാരിക്കുകയും ചെയ്ത തെറ്റുകള്‍ക്ക് മാപ്പു പറയുകയും ചെയ്തത്. 'എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉള്ളൂ' എന്ന് വൈകാരികമായി പറഞ്ഞ ഗണേഷ്, ഇനി തെറ്റാവര്‍ത്തിക്കില്ലെന്നും ഭാര്യയ്ക്ക് ഉറപ്പുകൊടുത്തു. ഇതോടെയാണ് ബിന്ദു മേനോന്‍ അനുനയത്തിലായത്. നേരത്തെ തന്നെ തന്നോട് ഭര്‍ത്താവ് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉള്ളൂവെന്ന് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

ഭാര്യ പരസ്യമായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിക്കുമെന്നും, ഗണേഷിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നും നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ബാലഗോപാലിന്റെ ഇടപെടലിലൂടെ പ്രശ്നം കുടുംബത്തിനുള്ളില്‍ തന്നെ ഒത്തുതീര്‍പ്പായതോടെ സര്‍ക്കാരിനും മുന്നണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തിന്മേലുണ്ടായിരുന്ന പ്രതിസന്ധി ഇതോടെ നീങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് ബി വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നിലപാടും ഇനി അനുകൂലമാകാനാണ് സാധ്യത.

ഇന്ന് മുഖ്യമന്ത്രിയും മന്ത്രി ഗണേഷ് കുമാറും തമ്മില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിച്ച വിവരം മന്ത്രി മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമായിരുന്ന ഒരു വലിയ വിവാദം അവസാനിച്ചത് നേതൃത്വത്തിനും ആശ്വാസമായി. സിപിഐ അടക്കമുള്ള ഘടകകക്ഷികളും ഇനി ഈ വിഷയം മന്ത്രിസഭയില്‍ ഉന്നയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി ഉചിതമായ നിലപാട് എടുക്കണമെന്നാണ് ആവശ്യം.

ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പരാതി നല്‍കിയാല്‍ കേസെടുക്കുമെന്നായിരുന്നു പോലീസിന്റെ നിലപാട്. തന്റെ പക്കല്‍ ഫോട്ടോ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞദിവസം അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി രമ്യതാവാദത്തില്‍ എത്തിയതിനാല്‍ ഇനി നിയമപരമായ നടപടികള്‍ക്കോ പരാതി നല്‍കാനോ അവര്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുവരാന്‍ സാധ്യതയുണ്ടായിരുന്ന ദൃശ്യങ്ങളും മറ്റ് വിവാദങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാവുകയാണ്. വിഷയം പൂര്‍ണ്ണമായും ഒരു കുടുംബപ്രശ്നമായി ചുരുങ്ങിയതോടെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ തടസ്സങ്ങളില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി പറയുന്നു.

ഗണേഷിന്റെ ഉറ്റചങ്ങാതിയാണ് ബാലഗോപാല്‍. ഈ ബന്ധമാണ് ബാലഗോപാലിനെ കേരളാ കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ട്രഷററാക്കിയത്. ഇടതു മുന്നണിയില്‍ നിന്നും ഒരു സീറ്റ് കൂടി നേടാന്‍ ഗണേഷ് കുമാര്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊരു സീറ്റ് കിട്ടിയാല്‍ ബാലഗോപാലാകും സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായാണ് ബാലഗോപാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായത്.