തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ ശക്തമാക്കി പിണറായി വിജയന്റെ 'ദുബായ് ഓപ്പറേഷന്‍'. മുഖ്യമന്ത്രിയുടെ തട്ടകമായ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് പ്ലാനിട്ടതോടെയാണ്, ശശി തരൂരിനെ അടര്‍ത്തിയെടുത്ത് തിരിച്ചടി നല്‍കാന്‍ സി.പി.എം കരുനീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ പി.വി. അന്‍വറിനെ യു.ഡി.എഫ് പിന്തുണയോടെ മത്സരിപ്പിക്കാനുള്ള നീക്കവും പിണറായി കുടുംബത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂരിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാന്‍ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ ധര്‍മ്മടത്തും ബേപ്പൂരിലും ഇത്തവണ വമ്പന്‍ വിജയമാണ് പിണറായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വടകരയില്‍ കെ.കെ. ശൈലജയെ അട്ടിമറിച്ച ഷാഫി പറമ്പില്‍ ധര്‍മ്മടത്ത് എത്തുന്നത് മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളിയാകുമെന്ന് സി.പി.എം ഭയക്കുന്നു. ഇതിനൊപ്പമാണ് 'മരുമോനിസത്തിനെതിരെ' പോരാട്ടം പ്രഖ്യാപിച്ച് അന്‍വര്‍ ബേപ്പൂരിലേക്ക് നീങ്ങുന്നത്. സ്വന്തം മണ്ഡലത്തിലും മരുമകന്റെ മണ്ഡലത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ സമ്മര്‍ദ്ദത്തെ തകര്‍ക്കാന്‍ ശശി തരൂരിനെപ്പോലൊരു വമ്പന്‍ സ്രാവിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നതിലൂടെ സാധിക്കുമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.

തരൂര്‍ വന്നാല്‍ കളി മാറും യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് തളരുമെന്ന് ഇടതുപക്ഷം കരുതുന്നു. തരൂര്‍ എല്‍.ഡി.എഫിനൊപ്പം ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍, തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഇടതുപക്ഷത്തിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയ നീക്കവും ഇതിന് പിന്നിലുണ്ട്. ദുബായില്‍ നടന്ന രഹസ്യ ചര്‍ച്ചകളില്‍ ഒരു പ്രവാസി വ്യവസായി മുഖേന മുഖ്യമന്ത്രിയുടെ ദൂതന്‍ തരൂരിന് 15 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തതായാണ് വിവരം. ധര്‍മ്മടത്ത് ഷാഫി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് തരൂരിനെ ഫോണില്‍ പിണറായിയുടെ ദൂതന്‍ ബന്ധപ്പെട്ടത്.

ആശങ്കയില്‍ യു.ഡി.എഫ് തരൂരിന്റെ മൗനവും കൊച്ചിയിലെ മഹാപഞ്ചായത്തില്‍ അദ്ദേഹത്തിനുണ്ടായ അവഗണനയും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാഫിയെയും അന്‍വറിനെയും ഉപയോഗിച്ച് മുഖ്യമന്ത്രിയെ പൂട്ടാന്‍ നോക്കിയ കോണ്‍ഗ്രസിന്, തരൂരിനെ നഷ്ടപ്പെടുന്നത് ആത്മഹത്യാപരമാകും. തരൂരിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും, പിണറായിയുടെ 'ദുബായ് പ്ലാന്‍' എത്രത്തോളം വിജയിക്കുമെന്നതിലാണ് കേരള രാഷ്ട്രീയത്തിന്റെ ഭാവി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ് സജീവമായിരുന്നു. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ. സുധാകരനെയോ ഷാഫി പറമ്പിലിനെയോ സ്ഥാനാര്‍ത്ഥിയാക്കാനാണ് നിര്‍ദ്ദേശം. വെല്ലുവിളി ഷാഫി ഏറ്റെടുക്കുകയും ചെയ്തു. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അറിയാവുന്ന സുധാകരന്‍ അല്ലെങ്കില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായ ഷാഫി പറമ്പില്‍ എത്തുന്നതോടെ മണ്ഡലം സംസ്ഥാന ശ്രദ്ധാകേന്ദ്രമാകും.

സി.പി.എമ്മിനെ അതിശക്തമായ ശത്രുവായി കണ്ട് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കരുത്തരായ നേതാക്കള്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അതുകൊണ്ടാണ് ഷാഫിയെയും സുധാകരനെയും പോലുള്ള ജനസ്വാധീനമുള്ള നേതാക്കളെ നിയമസഭാ പോരാട്ടത്തിലേക്ക് നിയോഗിക്കുന്നത്.