തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തടയിടാന്‍ 'ഹൈക്കമാന്‍ഡ് സ്ട്രാറ്റജി'യുമായി കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളിലെ മഞ്ഞുരുകലിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശശി തരൂരിനെ നേരില്‍ കണ്ടു. യുഡിഎഫിന്റെ വമ്പന്‍ പ്രചാരണ പരിപാടികളിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് സതീശന്‍ എത്തിയത്. ഹൈക്കമാന്‍ഡ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശശി തരൂര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാകും തന്ത്രങ്ങള്‍ മെനയുക.

മത്സരത്തിനില്ല, തന്ത്രമൊരുക്കാന്‍ കെസിയും തരൂരും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ശശി തരൂരും ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. പകരം, തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഏകോപിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ കേരളത്തില്‍ ക്യാമ്പ് ചെയ്യും. തരൂരിന്റെ ആഗോള പ്രതിച്ഛായയും ജനപ്രീതിയും വോട്ടാക്കി മാറ്റാന്‍ അദ്ദേഹത്തെ പ്രചാരണത്തിന്റെ മുഖ്യ മേല്‍നോട്ടക്കാരനായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചിട്ടുണ്ട്.

പുതുതലമുറ വോട്ടര്‍മാരെ കോണ്‍ഗ്രസിനോട് അടുപ്പിക്കാന്‍ 'ജെന്‍സി കണക്ട്' എന്ന പേരില്‍ വിപുലമായ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ കോണ്‍ഗ്രസ് തുടങ്ങും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ശശി തരൂരിനായിരിക്കും. ദേശീയ തലത്തില്‍ യുവത്വത്തിന്റെ പ്രതീകമായ സച്ചിന്‍ പൈലറ്റും ഈ ക്യാമ്പയിന്റെ ഭാഗമാകാന്‍ കേരളത്തിലെത്തും. പ്രൊഫഷണല്‍ ഏജന്‍സികളെയും വമ്പന്‍ ടീമുകളെയും അണിനിരത്തിക്കൊണ്ടുള്ള ഒരു 'ഡിജിറ്റല്‍ യുദ്ധത്തിനാണ്' കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മത്സരരംഗത്ത് സജീവമായിരിക്കും. ഇവര്‍ക്കൊപ്പം വടകര എംപി ഷാഫി പറമ്പിലും നിയമസഭയിലേക്ക് അങ്കത്തിനിറങ്ങും. ഷാഫി കണ്ണൂരിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അതും ധര്‍മ്മടത്ത് മത്സരിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ കരുത്തരായ നേതാക്കളെ അണിനിരത്തി വോട്ട് ഉറപ്പിക്കുമ്പോള്‍ തന്നെ, ശശി തരൂരും കെ.സി. വേണുഗോപാലും ചേര്‍ന്ന് മെനയുന്ന തന്ത്രങ്ങളിലൂടെ അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.