- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദായ ഐക്യത്തിന് ഏകോപന സമിതി; വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും തുല്യ പദവി; തിരഞ്ഞെടുപ്പില്‍ 'രാഷ്ട്രീയ സൂചനകള്‍' മാത്രം; അതെല്ലാം ഇടതിന് അനുകുലമാകും; ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയം നോക്കില്ല; തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍; ലക്ഷ്യം വിഡിയെ മുഖ്യമന്ത്രിയാകുന്നത് തടയല്‍

ആലപ്പുഴ: കേരളത്തിലെ സമുദായ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കവുമായി എന്‍എസ്എസും എസ്എന്‍ഡിപിയും. ഇരു സമുദായങ്ങളും ഒന്നിച്ചുപോകുന്നതിന്റെ ഭാഗമായി ഏകോപന സമിതി രൂപീകരിക്കും. സമിതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ പദവിയായിരിക്കും. പ്രാരംഭഘട്ടത്തിന് ശേഷം മറ്റ് സമുദായങ്ങളെയും കൂടെക്കൂട്ടി മുന്നണി വിപുലീകരിക്കാനാണ് ധാരണ. കാര്യങ്ങള്‍ അതിവേഗം നടപ്പാക്കാനാണ് ഇരുനേതൃത്വങ്ങളുടെയും തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു സംഘടനകളും ചേര്‍ന്ന് പരസ്യമായ രാഷ്ട്രീയ ആഹ്വാനങ്ങള്‍ നല്‍കില്ല. പകരം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പുറത്തുവിടും. അത് ഇടതിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തിയാകും അതത് സ്ഥലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കുക. സുകുമാരന്‍ നായര്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ ഐക്യത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ ഈ നീക്കത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പൂര്‍ണ്ണമായി സ്വാഗതം ചെയ്തു. എസ്എന്‍ഡിപി നേതൃത്വത്തെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം, ഐക്യം ഉറപ്പാണെന്നും വ്യക്തമാക്കി.
'അവര്‍ പെരുന്നയിലേക്ക് വരട്ടെ, കാര്യങ്ങള്‍ സംസാരിച്ച് തീരുമാനിക്കും. അതിനുശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ച് ഔദ്യോഗികമായി അംഗീകരിക്കും. സംവരണവിഷയത്തിലുണ്ടായ ചെറിയ അനൈക്യമൊഴിച്ചാല്‍ ഇരുസംഘടനകളും തമ്മില്‍ ഇപ്പോള്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ഐക്യം തുടരും,' സുകുമാരന്‍ നായര്‍ പറഞ്ഞു. വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നില്ലെന്ന് തടയുകായണ് പ്രധാന ലക്ഷ്യമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. സതീശന്‍ വലിയ ഉമ്മാക്കിയൊന്നുമല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിനെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സതീശനെ എന്തിനാണ് ഇത്രയധികം പ്രൊജക്റ്റ് ചെയ്യുന്നതെന്ന് ചോദിച്ച അദ്ദേഹം, സമുദായ ഐക്യത്തിനെതിരെ സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നുവെന്നും വ്യക്തമാക്കി.
ലീഗ് വിരോധമല്ലെന്ന് വെള്ളാപ്പള്ളി ഐക്യനീക്കങ്ങളുടെ തുടര്‍ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം ചുമതലപ്പെടുത്തി. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് നേതൃത്വമാണെന്നും, സുകുമാരന്‍ നായരുടെ നിലപാട് തനിക്ക് വലിയ ആത്മബലം നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഇനി ഒരിക്കലും എന്‍എസ്എസുമായി കൊമ്പുകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് ഭരണത്തിലിരിക്കുമ്പോള്‍ കാണിച്ച വിവേചനത്തെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും അത് മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെയുള്ളവരെ ഒന്നിപ്പിച്ചു നിര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


