കോന്നി: തണ്ണിത്തോട്ടില്‍ യുവതിയെ കടന്നു പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരേ കേസ്. കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനായ ഇയാള്‍ക്കെതിരേ കേസ് എടുക്കാതിരിക്കാന്‍ എംഎല്‍എ ഇടപെട്ടുവെന്നും ആക്ഷേപം ഉയരുന്നു.

റിപ്പബ്ളിക് ദിനത്തില്‍ രാത്രി എട്ടേകാലിനാണ് സംഭവം. തണ്ണിത്തോട് ജങ്ഷനില്‍ നിന്നും പച്ചക്കറിയും വാങ്ങി തണ്ണിത്തോട് മൂഴിയിലേക്ക് വന്ന യുവതിയ നവീന്‍ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപം തടഞ്ഞു നിര്‍ത്തിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഭയന്നു പോയ യുവതി വീട്ടിലേക്ക് രക്ഷപ്പെട്ട് പോവുകയായിരുന്നു. പിറ്റേന്ന് തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായില്ല. നവീന്റെ സഹോദരന്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും ജെനീഷ്‌കുമാര്‍ എംഎല്‍എയുടെ വലംകൈയും ആയതു കൊണ്ടാണ് പോലീസ് കേസെടുക്കാതിരുന്നതെന്ന് പറയുന്നു.

സിപിഎമ്മില്‍ ഒരു വിഭാഗം ഇടപെട്ട് സംഭവം വിവാദമാക്കിയതോടെ പോലീസും വെട്ടിലായി. തുടര്‍ന്ന് ഇന്നലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച നവീനെതിരേ മറ്റൊരു കേസ് തണ്ണിത്തോട് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു കേസ്. തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ആദ്യത്തെയാഴ്ച പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കി. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു.

പരാതിക്കാരന്‍ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീന്‍ പരാതിക്കാരന്റെ ഭാര്യയെ ശബ്ദരേഖകള്‍ കേള്‍പ്പിക്കുകയും സന്ദേശങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടി എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഐ.ടി ആക്ടിലെ 66,43 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.