- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് എത്തുമ്പോള്‍ രാത്രിയിലെ അത്താഴം തയ്യാറാക്കുന്ന തിരക്കില്‍; ഒന്നുമറിയാത്ത 'നിഷ്ക്കളങ്കന്‍'; പണം വാങ്ങി മോദിയെ വധിക്കാന്‍ ബിഹാറിലെ ബക്സറില് പദ്ധതിയിട്ട മൂന്നുപേരില്‍ അറസ്റ്റിലായ അമന്‍ കുമാര്‍ സൈബര്‍ കഫേ ഉടമ; സിഐഎയുമായി ബന്ധപ്പെട്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നും കേസ്
മോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്ത മൂന്നുപേര്‍ പിടിയില്‍

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേരെ ബിഹാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ സമീപിച്ച പ്രതികള്‍, 22 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് പാരിതോഷികം നല്‍കണമെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ പ്രധാനി ബക്‌സര്‍ സ്വദേശിയായ അമന്‍ കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2022-ല്‍ കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കാന്‍ അമന്‍ തിവാരി പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികളില്‍ നിന്ന് ലാപ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. തീവ്രവാദ സംഘടനകളുമായോ രാജ്യവിരുദ്ധ ശക്തികളുമായോ അന്താരാഷ്ട്ര സംഘടകളുമായോ ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നും മൂന്നുയുവാക്കള്‍ക്കെതിരെ ആരോപണമുണ്ട്.
ബക്സര്‍ ജില്ലയിലെ ദുംറാവു സബ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന സിംരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആശാ പരരി ഗ്രാമത്തില്‍ നിന്നാണ് ഈ യുവാക്കളെ പിടികൂടിയത്. സിഐഎ അടക്കം വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാന്‍ യുവാക്കള്‍ ഗൂഢാലോചന നടത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് പതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. യുവാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ച ബക്സര്‍ എസ്പി ശുഭം ആര്യ, പ്രതികളെ അതീവ രഹസ്യമായ ഒരിടത്ത് ചോദ്യം ചെയ്തു വരികയാണെന്ന് അറിയിച്ചു. സൈബര്‍ കഫേ നടത്തുന്ന അമാന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള യുവാക്കളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിരുന്നു. ജില്ലാ പോലീസാണ് ഈ ഓപ്പറേഷന്‍ മുഴുവന്‍ നടത്തിയതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സംഘത്തിന് ഇതില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി.
സിഐഎയുമായി ബന്ധപ്പെട്ടു?
അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുമായി ബന്ധപ്പെട്ട വ്യക്തികളെ യുവാക്കള്‍ ബന്ധപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്. 'പ്രതികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചു വരികയാണ്. അമന്‍ നേരത്തെ ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ വിദേശ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും,' എസ്പി പറഞ്ഞു.
കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022-ലും അമന്‍ അറസ്റ്റിലായിരുന്നതായി ഒരന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റെയ്ഡില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടുകാര്‍ക്ക് ഒന്നുമറിയില്ല
അതേസമയം, തന്റെ മകന് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് അമാന്റെ പിതാവ് ഗണേഷ് തിവാരിയും മാതാവ് ഗീത ദേവിയും പറഞ്ഞു. ഏത് കുറ്റത്തിനാണ് മകനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് മാതാപിതാക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
'വൈകുന്നേരം സിവില്‍ വസ്ത്രധാരികളായ ചിലര്‍ വീട്ടിലെത്തി അമാനോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. അവര്‍ വീട്ടില്‍ കയറി അവനെ കൊണ്ടുപോകുമ്പോള്‍ അമന്‍ അത്താഴം തയ്യാറാക്കുകയായിരുന്നു,' മാതാവ് ഗീത ദേവി പറഞ്ഞു.
അതിനിടെ, അമന്‍ വിശ്രമിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. അമന്റെ അറസ്റ്റ് ഗ്രാമവാസികളെ കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. 'അവന്‍ ഒരു സാധാരണ ഗ്രാമീണ യുവാവായാണ് തോന്നിയിട്ടുള്ളത്. അവന്റെ പ്രവര്‍ത്തികളില്‍ ഒരിക്കലും സംശയാസ്പദമായി ഒന്നും ഞങ്ങള്‍ കണ്ടിട്ടില്ല,' ഗ്രാമവാസികള്‍ പറഞ്ഞു.
എന്നാല്‍, പോലീസ് പറയുന്നതനുസരിച്ച്, പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി വന്‍ തുക ആവശ്യപ്പെട്ടും 22 ദിവസത്തെ സമയം ചോദിച്ചും അമാന്‍ കുമാര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക് (CIA) സന്ദേശം അയച്ചിരുന്നു. ഈ ആശയവിനിമയം സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാന്‍ കാരണമാവുകയും ചെയ്തു. ഇതിന് പിന്നില്‍ വിപുലമായ ശൃംഖലയോ വിദേശ ബന്ധങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.


