കൊച്ചി: വേഫറെര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്. കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ വേഫറെര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വേഫറെര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ പരാതി നല്‍കിയത്.

തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് വേഫറെര്‍ ഫിലിംസ് പരാതി നല്‍കിയത്. വേഫറെര്‍ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫറെര്‍ ഫിലിംസിന്റെയോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം ദിനില്‍ ബാബുവുമായി വേഫറെര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ല എന്നും അവര്‍ അറിയിച്ചു.

വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വരാനാണ് ആവശ്യപ്പെട്ടത് എന്നും യുവതി വെളിപ്പെടുത്തി. ആരോപണത്തിനൊപ്പം ദിനില്‍ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി. അവിടെ എത്തിയ തന്നെ ദിനില്‍ ബാബു ഒരു മുറിയിലേക്ക് കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മലയാള സിനിമയില്‍ ഇനി അവസരം ലഭിക്കില്ല എന്ന് ദിനില്‍ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് തക്ക സമയത്ത് അവിടെ എത്തിച്ചേര്‍ന്നത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപെട്ടതെന്നും ലേഡി സ്റ്റാഫും പ്രൊഡക്ഷന്‍ ആളുകളും അവിടെ ഉണ്ടാകും എന്ന ഉറപ്പ് തന്നാണ് തന്നെ ദിനില്‍ ആ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയത് എന്നും യുവതി വെളിപ്പെടുത്തി. പീഡന ശ്രമം പരാജയപെട്ടതിനു ശേഷം ദിനിലിനോട് അതേ കുറിച്ച് ചോദിച്ചപ്പോള്‍ പണം തരാമെന്നും മാപ്പു പറയാന്‍ തയ്യാറല്ലെന്നുമാണ് ദിനില്‍ പറഞ്ഞതെന്നും യുവതിയും ഭര്‍ത്താവും മാധ്യമങ്ങളോട് വിശദീകരിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.