മറയൂര്‍: എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ സഹായിക്കാനെത്തി പണം കവര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലംകോട്, ഉദയഗിരി ഭാഗത്ത് കുന്നേല്‍വീട്ടില്‍ ഷിജുരാജാണ് (33) അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ചില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു സമീപത്തെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ കാന്തല്ലൂര്‍ പെരടിപ്പള്ളം സ്വദേശിയായ ദുരരാജിനെ സഹായിക്കാനെത്തിയ ഇയാള്‍ എ.ടി.എം കാര്‍ഡുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ടിലുണ്ടായിരുന്ന 72,000 രൂപ പിന്‍വലിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു.

മറയൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ മുണ്ടക്കയം ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അനില്‍ സെബാസ്റ്റ്യന്‍, പ്രകാശ് നൈനാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വണ്ടിപ്പെരിയാര്‍ ഭാഗത്തും സമാന രീതിയില്‍ ഇയാള്‍ എ.ടി.എം തട്ടിപ്പ് നടത്തിയതായാണ് പറയുന്നത്. പ്രതിയെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.-