ഇടുക്കി: മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ്. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ നില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു. അതേസമയം വന്യജീവി ആക്രമണത്തെ ഗൗരവമായി വനംവകുപ്പ് കാണണമെന്നും ജനജീവിതം സംരക്ഷിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും വനംവകുപ്പിനെ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.

വനംവകുപ്പ് ഇത്തരം വിഷയങ്ങളെ ഗൗരവമായി കാണണം. ഫെന്‍സിംഗും സുരക്ഷാ വേലിയും തീരുമാനിച്ചതാണ്. പക്ഷെ കാര്യമായി ഒന്നും നടന്നില്ല. ഇക്കാര്യത്തില്‍ ബഹുജന പ്രക്ഷോപം ഉയര്‍ന്നുവരണമെന്ന് സിവി വര്‍ഗീസ് ആഹ്വനം ചെയ്തു.