മാവേലിക്കര: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും കൊലപാതകത്തിനു പ്രേരിപ്പിച്ച കാമുകിക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. നൂറനാട് മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ആദര്‍ശ് ഭവനില്‍ അമ്പിളി (38) കൊല്ലപ്പെട്ട കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവിയുടെതാണ് ഉത്തരവ്. അമ്പിളിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ (46), മറ്റപ്പള്ളി ഉളവക്കാട്ടുമുറിയില്‍ ശ്രീരാഗം വീട്ടില്‍ ശ്രീലത (53) എന്നിവരെയാണ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

പിഴത്തുകയായ ഒരു ലക്ഷം രൂപയില്‍ 50,000 രൂപ വീതം അമ്പിളിയുടെയും സുനില്‍കുമാറിന്റെയും രണ്ടു മക്കള്‍ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം വീതം അധികത്തടവ് അനുഭവിക്കണം. കുട്ടികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

2018 മേയ് 27-നാണ് അമ്പിളിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. നാട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തില്‍ കയര്‍ കുരുങ്ങിയതിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്.

അമ്പിളിയെ ഒഴിവാക്കിയാല്‍ ഒരുമിച്ചു ജീവിക്കാമെന്ന ശ്രീലതയുടെ വാഗ്ദാനത്തെത്തുടര്‍ന്നാണ് പ്രതി കൊല നടത്തിയതെന്നു കണ്ടെത്തിയതിനാല്‍ ശ്രീലതയ്‌ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി. നൂറനാട് എസ്ഐ ആയിരുന്ന വി. ബിജുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും എട്ടു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. സന്തോഷ് കുമാര്‍ ഹാജരായി.