ശ്ചിമേഷ്യയിലടക്കമുള്ള യുദ്ധ ഭീതിമൂലം എല്ലരാജ്യങ്ങളും പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചപ്പോള്‍ കോളടിച്ചത് ഇന്ത്യക്ക്. ഭാരതത്തിന്റെ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോവുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്ത്തിയ ബ്രഹ്‌മോസ് മിസൈലിന്റെ കയറ്റുമതിയിലൂടെ മാത്രം ഈ ദശാബ്ദത്തിനൊടുവില്‍ ഇന്ത്യയ്ക്ക് 500 കോടി ഡോളര്‍ (ഏകദേശം 46,241 കോടി ഡോളര്‍) നേടിയെടുക്കാനാകുമെന്ന് കണക്കുകൂട്ടല്‍.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളില്‍ ഒന്നാണ് എന്നതാണ് ബ്രഹ്‌മോസിനെ ഇത്ര ഡിമാന്‍ഡുള്ളതാക്കുന്നത്. ശബ്ദത്തേക്കാള്‍ ഏകദേശം മൂന്നിരട്ടി വേഗതയില്‍ ഇവ സഞ്ചരിക്കുന്നു. ഈ വേഗത കാരണം ശത്രുക്കളുടെ റഡാറുകള്‍ക്ക് ഇതിനെ കണ്ടെത്താനോ തകര്‍ക്കാനോ ഉള്ള സമയം വളരെ കുറവാണ്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഇത് തൊടുക്കാന്‍ സാധിക്കും. ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെയുള്ള നിരവധി രാജ്യങ്ങള്‍ ബ്രഹ്‌മോസ് വാങ്ങാനുള്ള കരാറില്‍ ഒപ്പുവെയ്ക്കുന്നതിന്റെ അന്തിമചര്‍ച്ചകളിലാണ്.

ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ബ്രഹ്‌മോസ് വന്‍നാശം വിതച്ചതാണ് ലോകരാഷ്ട്രങ്ങള്‍ക്ക് ബ്രഹ്‌മോസിനോട് ഇഷ്ടം കൂടാന്‍ കാരണമായത്. ലോകത്ത് യുദ്ധങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം വന്‍തോതില്‍ ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ആയുധക്ഷാമം പലരാജ്യങ്ങളേയും വലയ്ക്കുന്നുണ്ട്. പക്ഷെ ഗുണനിലവാരമുള്ള ആയുധങ്ങളാണ് എല്ലാവരും തിരയുന്നത്. ഇന്ത്യ ഇക്കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ്.

അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആയുധങ്ങള്‍ അന്താരാഷ്ട്ര പ്രതിരോധമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചാവിഷയമാണ്. ഇതും ഇന്ത്യയുടെ ആയുധങ്ങളോടുള്ള പ്രതിപത്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ മിസൈല്‍ സ്വയം ലക്ഷ്യസ്ഥാനം കണ്ടെത്തി തകര്‍ക്കും. മറ്റ് സബ്സോണിക് മിസൈലുകളെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് അധികം ഗതികോര്‍ജ്ജം ബ്രഹ്‌മോസിനുണ്ട്, ഇത് ശത്രു ലക്ഷ്യങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ സഹായിക്കുന്നു. നിലവില്‍ ലോകത്തുള്ള ഒരു മിസൈല്‍ പ്രതിരോധ സംവിധാനത്തിനും ബ്രഹ്‌മോസിനെ തടയാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്‌മോസ് വികസിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വര്‍ധിക്കുന്ന യുദ്ധങ്ങളും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ബ്രഹ്‌മോസിനെ പല രാജ്യങ്ങള്‍ക്കും ഒരു അനിവാര്യമായ പ്രതിരോധ ആയുധമാക്കി മാറ്റിയിട്ടുണ്ട്.

വന്‍ ഡിമാന്റ്; രാജ്യങ്ങള്‍ ക്യൂവില്‍

2022-ല്‍ 375 ദശലക്ഷം ഡോളറിന്റെ കരാറിലൂടെ ഫിലിപ്പീന്‍സാണ് ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം. പിന്നാലെ ഇന്തോനേഷ്യ ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഏകദേശം 300 മുതല്‍ 450 ദശലക്ഷം ഡോളര്‍ വരെ മൂല്യമുള്ള കരാറില്‍ ഇന്തോനേഷ്യ ഒപ്പുവെച്ചത്. തീരദേശ സംരക്ഷണം ശക്തമാക്കുന്നതിനായാണ് അവര്‍ ബ്രഹ്‌മോസ് തിരഞ്ഞെടുത്തിരിക്കുന്നത്. വിയറ്റ്‌നാമാവട്ടെ ഏകദേശം 700 ദശലക്ഷം ഡോളറിന്റെ കരാറിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങുന്നതില്‍ സജീവമായ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലി, ബ്രസീല്‍, അര്‍ജന്റീന എന്നിവയും ഈ പട്ടികയിലുണ്ട്.

ഇപ്പോള്‍ ബ്രഹ്‌മോസിന്റെ വിവിധ പതിപ്പുകള്‍ വരികയാണ്. വിവിധ സേനാവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബ്രഹ്‌മോസിന് നാല് പ്രധാന പതിപ്പുകളുണ്ട്: മൊബൈല്‍ ഓട്ടോണമസ് ലോഞ്ചറുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ഈ പതിപ്പ് ഇന്ത്യന്‍ കരസേനയുടെ പക്കലുണ്ട്.

കപ്പലില്‍ നിന്ന് തൊടുക്കാവുന്നവയാണ് അടുത്തത്. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ പ്രധാന ആയുധമായി ഇത് ഉപയോഗിക്കുന്നു. കടലിലെയും കരയിലെയും ലക്ഷ്യങ്ങളെ ഒരേപോലെ തകര്‍ക്കാന്‍ ഇതിന് കഴിയും. യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുക്കാവുന്നവയാണ് മറ്റൊന്ന്. സുഖോയ് വിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിച്ച പതിപ്പാണിത്.

അന്തര്‍വാഹിനികളില്‍ നിന്ന് തൊടുക്കാവുന്നവയുമുണ്ട്. കടലിനടിയില്‍ നിന്ന് ലംബമായി വിക്ഷേപിക്കാന്‍ കഴിയുന്ന ഈ പതിപ്പ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിലുള്ള മിസൈലിനേക്കാള്‍ ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ പതിപ്പും പണിപ്പുരയിലാണ്. തേജസ് പോലുള്ള ചെറിയ യുദ്ധവിമാനങ്ങളിലും ഇത് ഘടിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ പരീക്ഷണങ്ങള്‍ 2026-ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് പതിപ്പിന്റെ വികസനം നടന്നു വരികയാണ്.

കോടികളുടെ പ്രതിരോധ കയറ്റുമതി

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2013-14 കാലയളവില്‍ വെറും 686 കോടി രൂപയായിരുന്ന കയറ്റുമതി 2024-25 ആയപ്പോഴേക്കും 23,622 കോടി രൂപയായി ഉയര്‍ന്നു. അര്‍മേനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആകാശ് മിസൈല്‍ സംവിധാനം വാങ്ങുന്നുണ്ട്.

പിനാക റോക്കറ്റ് സിസ്റ്റവും,ഡോര്‍ണിയര്‍ 228 വിമാനങ്ങളും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, റഡാറുകള്‍, വെടിക്കോപ്പുകള്‍, കപ്പലുകളുടെ ഭാഗങ്ങള്‍ എന്നിവ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.

അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പ്രധാന വാങ്ങലുകാര്‍. 2029-ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയില്‍ എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതേസമയം ചൈനയടക്കമുള്ള രാജ്യങ്ങള്‍ വില്‍ക്കുന്ന ആയുധങ്ങളെക്കുറിച്ച് വളരെമോശം അഭിപ്രായമാണ് നിലവിലുള്ളത്. അസൈര്‍ബൈജാന്‍ പോലുള്ള രാജ്യങ്ങള്‍ ചൈനീസ് ആയുധം വാങ്ങി കൂടുങ്ങിയവയാണ്. ഇതും ഇന്ത്യയുടെ ഡിമാന്റ് വര്‍ധിപ്പിക്കുന്നു.