- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം മടിച്ച് നിന്ന സഭ നേരിട്ടിറങ്ങി; സുരേഷ് ഗോപി എത്തിയതോടെ ചൂട് പിടിച്ചു; പുതിയ ഹര്‍ജി ഹൈക്കോടതിയില്‍; മുനമ്പത്തെ വഖഫ് വിഷയത്തില്‍ പുലിവാല് പിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും; വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്‍ എയറില്‍
ആദ്യം മടിച്ച് നിന്ന സഭ നേരിട്ടിറങ്ങി; സുരേഷ് ഗോപി എത്തിയതോടെ ചൂട് പിടിച്ചു;
കൊച്ചി: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രമാണ് സമയം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പു ചൂടിപിക്കുമ്പോള്‍ മുനമ്പത്തെ വഖഫ് ഭൂമി വിഷയം സിപിഎം, കോണ്‍ഗ്രസ് മുന്നണികള്‍ക്ക് തലവേദനയായി മാറുകയാണ്. ചെറായി, മുനമ്പം പ്രദേശങ്ങളിലെ 600ലേറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായിട്ടും ഇതില്‍ വേണ്ടത്ര ഇടപെടല്‍ നടത്താന്‍ സര്‍ക്കാറോ പ്രതിപക്ഷമോ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭ നേരിട്ട് വിഷയത്തില്‍ സമരവുമായി രംഗത്തുവന്നതോടെ മുന്നണികള്‍ വെട്ടിലായിരിക്കയാണ്.
ഉപതിരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചയാക്കാനാണ് ബിജെപിയും തയ്യാറെടുക്കുന്നത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെല്ലാം ക്രൈസ്തവ വോട്ടുകളും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ കത്തോലിക്കാ സഭ ഇടപെട്ട വിഷയത്തില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാകില്ലെന്ന ബോധ്യവും മുന്നണികള്‍ക്കുണ്ട്. എന്നാല്‍, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ് നേതാക്കള്‍. ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ മുനമ്പം വാസികളുടെ രോഷം ഉയര്‍ന്നിട്ടുണ്ട്.
വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യാന്‍ അടുത്തയഴ്ച്ച പോകുന്നത് പ്രതിപക്ഷ നേതാവാണ്. ഇതോടെ സതീശനെതിരെയായി രോഷം. ബിജെിപയും അവസരം മുതിലെടുക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സുരേഷ് ഗോപിയെ സ്ഥലത്തെത്തിച്ചതും ഇതിന്റെ ഭാഗമായാണ്. സുരേഷ് ഗോപി കൂടി എത്തിയതോടെ വിഷയം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് കൂടാതെ ഹൈക്കോടതിയില്‍ നിയമപോരാട്ടം കൂടി തുടങ്ങുന്നതോടെ മുനമ്പതതെ ജീവിത പ്രശ്‌നം മറ്റു തലങ്ങളിലേക്ക് മാറും. വിഷയത്തില്‍ ഇടപെടണമെന്ന് സര്‍ക്കാറിനോടും ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
വിഷയം ഹൈക്കോടതിയിലേക്ക്
കന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തയിട്ടുണ്ട്. കൈവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എതിര്‍കക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുന്‍ ഉടമകളുടെ പിന്തുടര്‍ച്ചക്കാരായ നസീര്‍ സേട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടിസിന് നിര്‍ദേശിച്ചിരുന്നു. വിഷയം നാളെ വീണ്ടും പരിഗണിക്കും.
1954ലെ വഖഫ് നിയമം വരുന്നതിനു മുന്‍പ് ഫാറൂഖ് കോളജ് മാനേജ്‌മെന്റില്‍ നിന്ന് 1950 കാലഘട്ടത്തിലാണ് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്പത്തെ ഭൂമി വാങ്ങിയത്. 1995ല്‍ പുതിയ നിയമം വന്നു. 2013ല്‍ ഭേദഗതി ചെയ്തു. വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണു ഹര്‍ജിക്കാര്‍ സ്വത്ത് വാങ്ങിയത്. എന്നാല്‍ ഹര്‍ജിക്കാരനെയും 600 കുടുംബങ്ങളെയും ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്നു ഹര്‍ജിയില്‍ അറിയിച്ചു.
വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്. വഖഫ് സ്വത്തിനു പ്രത്യേക പദവിയാണ് നിയമം നല്‍കുന്നതെന്നും എന്നാലിത് മറ്റ് ട്രസറ്റുകള്‍ക്കൊന്നും നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഏതു വസ്തുവകകളും വഖഫില്‍ റജിസ്റ്റര്‍ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളാണ് ഇതുവഴി നല്‍കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ട്രസ്റ്റുകള്‍ക്കോ മഠങ്ങള്‍ക്കോ ഇല്ലാത്ത അധികാരമാണിത്. വഖഫ് ബോര്‍ഡോ സര്‍ക്കാരോ പുറപ്പെടുവിക്കുന്ന വഖഫിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മതപരമായിട്ടുള്ളതോ, സ്വകാര്യമായിട്ടുള്ളതോ സ്വത്ത് സംരക്ഷിക്കാനുള്ള വ്യവസ്ഥയില്ല. പരാതികള്‍ കൃത്യമായി പരിശോധിക്കുന്നതിനും വ്യവസ്ഥയില്ല.
വഖഫ് ബോര്‍ഡ് സിഇഒയുടെയും റവന്യു വകുപ്പിന്റെയും ഉത്തരവ് പ്രകാരം പോക്കുവരവ് രേഖകളടക്കം അനുവദിക്കുന്നില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമത്തിലെ 4,5,36,40 വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരുടെ സ്വത്തുക്കള്‍ വഖഫില്‍ റജിസ്റ്റര്‍ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
കത്തോലിക്കാ സഭയിറങ്ങി, കളിമാറി, പിന്നാലെ സുരേഷ് ഗോപിയും
മുനമ്പത്തെ സമരം 20 ദിവസം പിന്നിട്ടിരിക്കയാണ്. ആരോരും ശ്രദ്ധിക്കപ്പെടാതെ കിടന്ന വിഷയം ശ്രദ്ധ നേടിയത് കത്തോലിക്കാ സഭയും ദീപികദിനപത്രവും ശക്തമായ നിലപാടുമായി രംഗത്തുവന്നതോടെയാണ്. മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ എന്നപോലെയെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമരവേദിയില്‍ പ്രസംഗിച്ചത്. ഇതോടെ സമരക്കാര്‍ക്കും ആവേശമായിരുന്നു.
സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമരപ്പന്തലില്‍ എത്തിയപ്പോവായിരുന്നു ബിഷപ്പിന്റെ ഉറച്ച വാക്കുകള്‍. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് പ്രസ്താവിച്ച ബിഷപ്പ്, സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുടിയിറക്കപ്പെട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് മുനമ്പം നിവാസികള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളും പാലാ രൂപത ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ദീപിക ദിനപത്രം ശക്തമായ എഡിറ്റോറിയലുമായി മുന്നണികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാന്‍ നിങ്ങള്‍ പ്രമേയം പാസാക്കുമ്പോള്‍, ഇരകള്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഭേദഗതി ചെയ്യേണ്ടിവരുമെന്നായിരുന്നു ദീപിക മുഖപ്രസംഗതതില്‍ മുന്നറിയിപ്പു നല്‍കിയത്. മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവര്‍ തിരുവനന്തപുരത്തെത്തി വഖഫില്‍ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കി. ജനകീയസമരമൊന്നും പ്രശ്‌നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. എങ്കില്‍ നമുക്കിനി രാഷ്ട്രീയം പറയാം; മുനന്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങള്‍കൊണ്ടും കംഗാരു കോടതികള്‍കൊണ്ടും കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നെറികേടിനെ അഭിസംബോധന ചെയ്യാന്‍ സമയമായെന്നായിരുന്നു ദീപികയുടെ എഡിറ്റോറിയലിലെ വാദം.
പിന്നാലെ ഇന്നലെ സുരേഷ് ഗോപിയും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് സുരേഷ് ഗോപി സമരക്കാരെ അറിയിച്ചു. വഖഫ് ബോര്‍ഡ് അവകാശപ്പെട്ട ഭൂമിയില്‍ ഈ കുടുംബങ്ങള്‍ റവന്യൂ അവകാശം ഉന്നയിച്ചാണ് സമരം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമരക്കാരെ പിന്തുണയ്ക്കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമായി ഒപ്പിടുന്നതോടെ രാജ്യത്തുടനീളമുള്ള എല്ലാ വഖഫ് കയ്യേറ്റങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ രംഗത്തുള്ളവര്‍ സമരവുമായി രംഗത്തുണ്ട്. മുനമ്പം ചെറായി തീരദേശവാസികളുടെ സ്വന്തം ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോര്‍ഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന എസ്. എം വൈ .എം അംഗങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. കട്ടപ്പന ഫൊറോന ഡയറക്ടര്‍ ഫാനോബി വെള്ളാപ്പള്ളി, സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് അസിസ്റ്റന്റ് വികാരി, ഷിബിന്‍ മണ്ണാറത്ത് എസ് .എം .വൈ .എം ഫൊറോന പ്രസിഡന്റ് അലന്‍ എസ് .പുലിക്കുന്നേല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത് തോമസ്, അര്‍പ്പിത സൂസന്‍ ടോം, ചെറിയാന്‍ വട്ടകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇതിനിടെ ഷോണ്‍ ജോര്‍ജ്ജിനെ പോലുള്ളവര്‍ വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തുവന്നത്. വഖഫ് വിഷയത്തില്‍
മുനമ്പത്തു വന്നു ജനങ്ങള്‍ക്ക് വാക്ക് കൊടുത്തത് സതീശനാണ്. അതേസമമയം നിയമസഭയില്‍ വഖഫ് ബില്ലിനെതിരെ പ്രമേയം പാസ്സാക്കാന്‍ മുന്നില്‍ നിന്നതും സതീശനാണന്നും ഷോണ്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ വഖഫ് ബില്ലിനെതിരെ ഇസ്ലാമിസ്റ്റുകളുടെ റാലി ഉദ്ഘാടനം ചെയ്യുന്നതും സതീശന്റെ ഇരട്ടത്താപ്പാണെന്നാണ് ഷോണ്‍ ആരോപിക്കുന്നത്.
സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി
കൊച്ചി വൈപ്പിന്‍, മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമിയും രംഗത്തുവന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണം. അതിന് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ആവശ്യപ്പെട്ടു.
ഭൂമി പ്രശ്നം എന്നതിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരികയാണെന്നും പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി പ്രശ്നപരിഹാരം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. പ്രദേശവാസികള്‍ക്കൊപ്പമുണ്ടെന്നാണ് വകുപ്പ് മന്ത്രി പറഞ്ഞത്. അത് വാക്കില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പരിഹാരം നീണ്ടുപോകുന്നത് തത്പരകക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങള്‍ക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.
രണ്ട് സമുദായങ്ങള്‍ തമ്മിലെ സ്പര്‍ധ വര്‍ധിക്കുന്നതിന് കാരണമായ വിഷയത്തില്‍ സര്‍ക്കാരിന്റെ നിസ്സംഗത ദുരൂഹമാണെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുനമ്പം വിഷയത്തിന്റെ മറവില്‍ വഖഫിനെയും മറ്റ് വഖഫ് സ്വത്തുക്കളെ സംബന്ധിച്ചും തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും മുജീബ് റഹ്‌മാന്‍ ആരോപിച്ചു.
മുനമ്പത്ത് സംഭവിച്ചത്!
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് .ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. ഇതേതുടര്‍ന്ന് അവര്‍ നടത്തുന്ന സമരം ഇപ്പോള്‍ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
സമരത്തിന് ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയുണ്ട്. മുനമ്പം വിഷയം പഠിച്ച സിഎംഐ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതുന്നത് ഇങ്ങനെയാണ്. -''തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902-ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും, കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കയുണ്ടായി. പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.
പിന്നീട് 1948-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി. 50 വര്‍ഷങ്ങള്‍ക്കിടെ ആ ദ്വീപ് മേഖലയില്‍ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934-ല്‍ ഉണ്ടായ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും, 'പണ്ടാരകടപ്പുറം' എന്ന് അറിയപ്പെട്ടിരുന്ന ഈ കടപ്പുറത്തെ ഇല്ലാതാക്കി. സേട്ടിന് മഹാരാജാവ് പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ വലിയൊരുഭാഗം അവിടെയായിരുന്നു. പില്‍ക്കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയില്‍, മത്സ്യത്തൊഴിലാളികള്‍ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നാംതിയ്യതി ഫാറൂഖ് കോളെജ് മാനെജ്മെന്റിന് കൈമാറി (1948ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ഫാറൂഖ് കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്).
ഫാറൂഖ് കോളെജിന്റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളെജിന് നല്‍കാനുള്ള കാരണമെന്നു പറയപ്പെടുന്നു. എന്നാല്‍, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടല്‍ശോഷണം സംഭവിച്ച് സംഭവിച്ച് വര്‍ഷങ്ങള്‍ കൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്ത കൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാല്‍, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളെജ് മാനെജ്മെന്റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളെജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കില്‍ തന്റെ സന്തതി പരമ്പരയ്ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാന്‍ ആ സര്‍ട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികള്‍ ഇങ്ങനെ ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഫാറൂഖ് കോളെജ് മാനെജ്മെന്റും തദ്ദേശവാസികളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടര്‍ന്നു. ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടര്‍ന്ന് പിന്നീടുള്ള കോടതി ഉത്തരവുകള്‍ പ്രദേശവാസികള്‍ക്ക് അനുകൂലമായില്ല.
1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘം രൂപീകരിക്കുകയും, പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസ് 12 വര്‍ഷം തുടര്‍ന്നു. നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുതീര്‍പ്പ് പ്രകാരം 1987- ല്‍ ഫാറൂഖ് കോളെജ് മാനെജ്മെന്റിന് കൂടിയ വില കൊടുത്ത്, അന്നുണ്ടായിരുന്ന കുടികിടപ്പുകാര്‍ അവര്‍ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അന്ന് അവര്‍ നല്‍കിയത്. അന്ന് സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലും സ്ഥലത്തിന് 100 രൂപയില്‍ താഴെ മാത്രമായിരുന്നു വില.
തുടര്‍ന്ന് ഫാറൂഖ് കോളെജിന്റെ മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങളാണ് 1989 മുതല്‍ 1993 വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്തത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് പ്രദേശം നല്ല രീതിയില്‍ വികസിച്ചു. നൂറുകണക്കിന് കോണ്‍ക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിര്‍മിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു. കുറേക്കാലം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയി. പിന്നീട് 2022-ല്‍ പ്രദേശവാസികളില്‍ ഒരാള്‍ കരം അടക്കാന്‍ പോയപ്പോഴാണ്, ഇത് വഖഫ് ഭൂമിയാണെന്ന തഹസില്‍ദാരുടെ നോട്ടീസിന്റെ കാര്യം പറയുന്നത്. ''- ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ചൂണ്ടിക്കാട്ടുന്നു.
ചില സാങ്കേതികകാര്യങ്ങളില്‍ പിടിച്ചാണ് ഇവിടെ വഖഫ് കയറി വരുന്നത്. ഫാറൂഖ് കോളെജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയിരിക്കുന്ന ആധാരം നിബന്ധനകളോടു കൂടിയതാണ്. കോളെജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ. ഇത് പ്രകാരം കരാര്‍ അസാധുവാണെന്നും ഇത് വഖഫ് സ്വത്താണെന്നുമാണ് പറയുന്നത്. മുനമ്പത്തേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് ആകമാനം ആയിരിക്കണക്കിന് കേസുകളാണ് ഇങ്ങനെ പഴങ്കഥകളുടെ പേരില്‍ ഉണ്ടാവുന്നത്. പതിനായിരക്കണക്കിന് പാവങ്ങളാണ്, ഭൂമി വില്‍ക്കാന്‍പോലുമാവാതെ കുത്തുപാളയെടുക്കുന്നത്.