കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം സി. പി. ഐ-സി.പി. എം ബന്ധം വഷളാകുന്നു. തളിപ്പറമ്പ് മാന്ദംകുണ്ടില്‍ റസിഡന്റ്സ് അസോസിയേഷന്‍ രക്ഷാധികാരിയായ കോമത്ത് മുരളീധരന്റെ അറസ്റ്റിനെ ചൊല്ലിയാണ് ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ തെരുവില്‍ പോരിനിറങ്ങിയത്.

സ്വന്തം മുന്നണി ഭരിക്കുന്ന പൊലീസിനെതിരെ സി.പി.ഐ നേതാക്കളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത് മുന്നണി ബന്ധത്തെ ഉലച്ചിട്ടുണ്ട്. സി. പി. ഐ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. അജയകുമാറാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.

തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പൊലിസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം അഴിച്ചുവിട്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പൊലിസ്നയം ഇങ്ങനെയല്ലെന്നും ചില കക്ഷികളെ പ്രീണിപ്പിക്കുന്നതിനായി പൊലിസ് നിരപരാധികള്‍ക്കെതിരെ കളളക്കേസ് ചുമത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. നീതിനടപ്പിലാക്കാത്ത പൊലിസ് അമേരിക്ക വെനിസ്വലയില്‍ കടന്നാക്രമണം നടത്തിയതു പോലെ മറ്റുളളവര്‍ക്ക് മേല്‍ കുതിര കയറാന്‍ ശ്രമിക്കേണ്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെയുളള 39 പേര്‍ക്കെതിരെ പൊലിസ് അന്യായമായി സംഘടിച്ചു ഭീഷണി മുഴക്കിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. സി.പി. ഐ കണ്ണൂര്‍ ജില്ലാകൗണ്‍സില്‍ അംഗമായ കോമത്ത് മുരളീധരന്‍ നേതൃത്വം നല്‍കുന്ന മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ നടത്തിയ പുതുവത്സര ആഘോഷം പ്രദേശവാസികള്‍ക്ക് ശബ്ദമലിനീകരണമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പൊലിസ് ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തത്.

നേരത്തെ തളിപ്പറമ്പ് മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും സി.പി. എം ഏരിയാകമ്മിറ്റി അംഗവുമായിരുന്നു ഇദ്ദേഹം. ബക്കളം പാര്‍ത്ഥാസ്‌കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു അന്നത്തെ നഗരസഭാ ചെയര്‍പേഴ്സനായ പി.കെ ശ്യാമളയ്ക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുന്നയിച്ചതോടെയാണ്് മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണില്‍ കരടായിമാറിയത്.

ഇതേ തുടന്ന് പാര്‍ട്ടിക്കുളളില്‍ നിന്നും തരം താഴ്ത്തപ്പെട്ട കോമത്തിനെ ലോക്കല്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹം പാര്‍ട്ടിവിടുകയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചു തുറന്നടിക്കുന്നത്. തളിപ്പറമ്പിലെ ടി.പി ചന്ദ്രശേഖരനെന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തെ പാര്‍ട്ടി അപായപ്പെടുത്തുമോയെന്ന ആശങ്ക വളര്‍ന്നപ്പോഴാണ് മുന്നണിയിലെ തന്നെ മറ്റൊരു പാര്‍ട്ടിയായ സി.പി. ഐയില്‍ ചേരുന്നത്. ഇതോടെ തളിപ്പറമ്പ് മേഖലയില്‍ സി.പി. ഐ-സി.പി. എം സംഘര്‍ഷവും തുടങ്ങി.

സി.പി. എം ഗ്രാമങ്ങളായ മാന്തം കുണ്ടിലും കീഴാറ്റൂരിലുംസി.പി. ഐയുടെ കൊടിയും കൊടിമരങ്ങളും ഫ്‌ളക്സ് ബോര്‍ഡും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ജില്ലയിലെ പലസ്ഥലങ്ങളിലും സി.പി. ഐ രാഷ്ട്രീയ എതിരാളികളെപ്പോലെ ഒതുക്കുകയാണെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ ആരോപണം. തളിപ്പറമ്പ് നഗരസഭയിലെ പാളയോട് വാര്‍ഡില്‍ തങ്ങള്‍ തോല്‍ക്കാന്‍ കാരണം സി.പി.എം കാലുവാരിയതാണെന്ന ആരോപണം സി.പി.ഐ നേതാക്കള്‍ക്കുണ്ട്.

2021ല്‍ സി. പി. എമ്മില്‍ നിന്നും പുറത്തു പോയ കോമത്ത് മുരളീധരനെതിരെ പൊലീസ് സി.പി.ഐയില്‍ ചേര്‍ന്നതിന് നിരന്തരം കള്ളക്കേസെടുക്കകയാണെന്നും പൊലി സില്‍ സ്വാധീനം ചെലുത്തി കാപ്പ ചുമത്തി ജയിലില്‍ അടക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് സി.പി.ഐയുടെ ആരോപണം. എന്നാല്‍ സി.പി.ഐ നടത്തിയ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിനെ തള്ളിപ്പറഞ്ഞു കൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയംഗം ടി.കെ ഗോവിന്ദന്‍, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവര്‍ രംഗത്തുവന്നു.

മുന്നണി മര്യാദ മറന്നുകൊണ്ടാണ് സ്വന്തം മുന്നണിക്കെതിരെ സി.പി.ഐ വലതുപക്ഷശക്തികളെ കൂട്ടി പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതെന്ന് നേതാക്കള്‍ ആരോപിച്ചു. തളിപ്പറമ്പ് നഗരസഭയിലെ പാളയോട് വാര്‍ഡില്‍ തോല്‍ക്കാന്‍ കാരണം അവര്‍ക്ക് തന്നെ താല്‍പ്പര്യമില്ലാത്തതു കാരണമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സി. പി. ഐ നേതാവായ കോമത്ത് മുരളീധരന്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സി.പി.എമ്മിനെ വിമര്‍ശിക്കുകയാണ്. ഇദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ ജില്ലാ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.