- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടിയിലും ചാവക്കാടും സുരേഷ് ഗോപിയെ ഇറക്കി കളം പിടിക്കാന്‍ മോദിയും അമിത് ഷായും; പിജെയുടെ നയതന്ത്രത്തില്‍ വഖഫില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം; മുമ്പത്തെ നിലപാടിലെ വ്യക്തത തുണയാകുമെന്ന് പ്രതീക്ഷിച്ച് വിഡി; ഭൂമി ഒഴിയല്‍ നോട്ടീസുകളില്‍ 'വഖഫിനെ' പുകയ്ക്കാന്‍ പാലക്കാട്ടെ ത്രികോണപോരും; വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?
50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് കുടുംബങ്ങള്‍
കൊച്ചി: തീരദേശമേഖലയായ മുനമ്പത്തിനു പിന്നാലെ തൃശൂരിലെ ചാവക്കാട്ടും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ മാനന്തവാടിയിലെ തവിഞ്ഞാല്‍ തലപ്പുഴയിലും വഖഫ് ഭീഷണിയില്‍ പ്രദേശവാസികള്‍. മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ അഞ്ചുപേര്‍ക്കും ചാവക്കാട്ട് 200-ലധികം കുടുംബങ്ങള്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തവിഞ്ഞാല്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് നിലവില്‍ നോട്ടീസ് ലഭിച്ചത്.
ചാവക്കാട്, ഗുരുവായൂര്‍, ഒരുമനയൂര്‍ താലൂക്കുകളിലെ പത്തേക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നല്‍കിയത്. തങ്ങള്‍ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങള്‍ വ്യക്തമാക്കി. ഈ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി രംഗത്ത് വന്നുകഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പ് കാലത്ത് മുനമ്പം വിഷയം കത്തിയതോടെ വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തവന്നിരുന്നു. മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്നും കുടിയൊഴിഞ്ഞു പോകേണ്ടി വരില്ലെന്നുമാണ് കിരണ്‍ റിജിജു വ്യക്തമാക്കിയത്. അതേ സമയം മാനന്തവാടിയിലും ചാവക്കാടും സുരേഷ് ഗോപിയെ ഇറക്കി കേന്ദ്രനിലപാട് വ്യക്തമാക്കാനാണ് നീക്കം. എന്നാല്‍ മുഖ്യമന്ത്രി മുനമ്പം പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പി ജയരാജന്റെ നയതന്ത്രത്തില്‍ വഖഫ് വിഷയത്തില്‍ നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിലെ വ്യക്തത തുണയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിഷയത്തില്‍ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകള്‍ നിര്‍ണായകമാകും.
തലപ്പുഴ വി.പി. ഹൗസില്‍ വി.പി. സലിം, ഫൈസി ഹൗസില്‍ സി.വി. ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്‌മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്. ഇതില്‍ രവി, റഹ്‌മത്ത് എന്നിവരുടെ പേരില്‍ സ്ഥലം മാത്രമാണുള്ളത്. മറ്റുള്ള മൂന്നുപേര്‍ വര്‍ഷങ്ങളായി ഇവിടെ വീടുവെച്ചു താമസിക്കുന്നവരാണ്. വഖഫിന്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വഖഫ് ബോര്‍ഡിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അഞ്ചുപേര്‍ക്ക് നോട്ടീസ് അയച്ചത്.
മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ അംശം തിണ്ടുമ്മല്‍ ദേശത്തിലെ സര്‍വേ നമ്പര്‍ 47/1, 45/1 നമ്പറിലായി വ്യത്യസ്ത ആധാരങ്ങളിലായി രജിസ്റ്റര്‍ ചെയ്ത വഖഫിന്റെ 5.77 ഏക്കറില്‍ മദ്രസയും പള്ളിയും ഖബര്‍സ്ഥാനും ഉള്‍പ്പെടുന്ന 1.70 ഏക്കറില്‍ നിലവിലുള്ളതായാണ് പള്ളിക്കമ്മിറ്റി അധികൃതര്‍ വഖഫ് ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്.
ബാക്കിയുള്ളവ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ 16-നകം വഖഫ് ബോര്‍ഡിനെ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. അഞ്ചുപേര്‍ക്ക് മാത്രമാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപത്തുള്ള പലരും. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് പണം കൊടുത്ത് ആധാരംചെയ്തു സ്വന്തമാക്കിയ ഭൂമിയില്‍നിന്നു കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.
വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ ചാവക്കാട്ട് 200-ലധികം കുടുംബങ്ങളാണ് മുനമ്പത്തേതിന് സമാനമായ പ്രതിസന്ധി നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് തീരദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ക്കായി നിരവധി താമസക്കാരാണ് കാത്തിരിക്കുന്നത്. എന്നാല്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചതിനാല്‍ റവന്യൂ അധികൃതര്‍ രേഖകള്‍ നല്‍കുന്നില്ല.
പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കുന്നതിന് പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി അടുത്തിടെ മണത്തല വില്ലേജ് ഓഫീസിലെത്തി. എന്നാല്‍, ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതര്‍ ഹനീഫയോട് പറഞ്ഞു. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.
മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് അന്‍മോള്‍ മോത്തി പറഞ്ഞു. ദീര്‍ഘകാലമായി തങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി അവകാശപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഭാവിയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്. മണത്തല പള്ളിയുടെ പരിസരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. മണത്തല മസ്ജിദും വാര്‍ഷിക നേര്‍ച്ച ഉത്സവവും മധ്യകേരളത്തില്‍ പ്രശസ്തമാണ്. ഈ പ്രദേശത്തെ വീടുകളാകട്ടെ തൊട്ടുതൊട്ടാണ് സ്ഥിതി ചെയ്യുന്നത്.
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലം മുതല്‍ ഇവിടെ താമസിക്കുന്നവരും, ഇവിടെ ഭൂമി വാങ്ങിയവരും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പട്ടയം കൈപ്പറ്റിയവരും ഉള്‍പ്പെടെയുള്ളവരും പ്രശ്നം നേരിടുന്നവരില്‍ ഉള്‍പ്പെടുന്നുവെന്ന് അന്‍മോള്‍ മോത്തി പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്‍മോള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണെന്ന് ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന കുടുംബങ്ങളാണ്. അവര്‍ ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.