- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണെന്ന്' എം ആര്‍ അഭിലാഷ്; വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയ
'ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണെന്ന്

തിരുവനന്തപുരം: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷപ്രകടനങ്ങള്‍. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41)ആണ് ജീവനൊടുക്കിയത്. ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് യുവാവ് മാനഹാനി മൂലം ജീവനൊടുക്കിയത്. സംഭവത്തില്‍ യുവതിയുടെ തെറ്റിനെ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നു.
വിഷയത്തില്‍ നിയമപാലകര്‍ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം ആര്‍ അഭിലാഷ് ആവശ്യപ്പെട്ടത്. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണ്. ഇനി ആര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
ഒരു വ്യക്തിക്കെതിരെ ആരോപണം ഉണ്ടെങ്കില്‍ നിയമത്തിന്റെ വഴിയില്‍ നീങ്ങാതെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ആത്മഹത്യയിലേക്കു തള്ളി വിടുകയാണെങ്കില്‍, ഭാരതീയ ന്യായ സംഹിതയുടെ 108 ആം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തേണ്ടതാണ്. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ഇത്. ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിയമപാലകര്‍ നടപടിയെടുക്കണം. നീതി എന്നത് പുരുഷന്റെയും കൂടി അവകാശമാണ്. ഇനി ആര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ.
അതേസമയം സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മോശമെന്ന് പറയാനാകില്ലെങ്കിലും അതിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സമൂഹം വേണ്ട രീതിയില്‍ മനസിലാക്കിയിട്ടില്ലെന്ന് ബൈജു സ്വാമി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇത്തരം വ്യാജ ആരോപണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കുകയും വ്ളോഗിംഗ് വഴി ഉണ്ടാക്കുന്ന പണത്തിന് sin tax പോലെ വന്‍ നികുതി ചുമത്തുകയും ചെയ്യാന്‍ അടിയന്തിരമായി നിയമ നിര്‍മാണം ഉണ്ടാകണമെന്നാണ് ബൈജു സ്വാമി ആവശ്യപ്പെട്ടത്.
ബൈജുസ്വാമിയുടെ പോസ്റ്റ് ഇങ്ങനെ:
ഇന്നലെ ഒരു യുവതി യാത്ര ചെയ്യുന്ന ബസില്‍ ഒരു പുരുഷന്‍ (ദീപക്) എന്നയാള്‍ ദുരുദ്ദേശത്തോടെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് ഇട്ട ഇന്‍സ്റ്റ ഗ്രാം വിഡിയോ ആ വ്യക്തി മരിച്ചെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കണ്ടത് തന്നെ. കാരണം ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു, ഈ നവമാധ്യമങ്ങള്‍ വാരിക്കോരി കൊടുക്കുന്ന കാശ് ഏത് വിധേനയും കീശയിലാക്കി ആര്‍ഭാടമായി ജീവിക്കുന്ന ഒരു വര്‍ഗത്തിന് എന്റെ വ്യൂ കൂടി കിട്ടേണ്ട എന്ന വാശി മൂലമാണ്. അടിസ്ഥാനപരമായി യാതൊരു കഴിവും വേണ്ടാത്ത, എന്തെങ്കിലും കരിയറിന് നിര്ബന്ധമായി വേണ്ട പ്രൊഫെഷണല്‍ ആയ എന്‍ട്രി ബാരിയര്‍ ഒന്നുമില്ലാത്ത മേഖലയാണ് വ്ളോഗിംഗ്.
കുത്തിയിരുന്ന് പഠിച്ച് മത്സര സ്വഭാവമുള്ള ആധുനിക ജോലികളില്‍, പെര്‍ഫോമന്‍സ് പ്രതീക്ഷയ്‌ക്കൊത്ത് ഇല്ലെങ്കില്‍ എത്ര മിടുക്കനായാലും ഒരൊറ്റ മാസത്തെ നോട്ടീസില്‍ ടെര്‍മിനേഷന്‍ കിട്ടുന്ന ആധുനിക ലേബര്‍ മാര്‍ക്കറ്റില്‍ ജീവിതം തള്ളിനീക്കുന്നവരെ കൊഞ്ഞനം കുത്തുന്ന വെറും കൂതറകള്‍ ആണ് ഇക്കൂട്ടര്‍. ഒന്നാലോചിച്ചു നോക്കൂ തൊപ്പി എന്നവന്‍ എന്ത് ചെയ്തിട്ടാണ്, അല്ലെങ്കില്‍ എന്ത് കഴിവുകള്‍ ഉണ്ടായിട്ടാണ് സമ പ്രായക്കാരന്‍ ആയ പഠിപ്പിസ്റ്റ് എന്നാക്ഷേപിക്കപ്പെടുന്ന പയ്യന്‍സിനേക്കാള്‍ പണം വാരിക്കൂട്ടുന്നത്? അത് മെറിറ്റ് എന്നതിനെ റേപ്പ് ചെയ്യുന്ന വ്യവസ്ഥിതി അല്ലേ? ഇതിന്റെ ദുരന്ത ഫലം എന്തെന്നാല്‍ റീലുകളുടെ കുത്തൊഴുക്കില്‍ stupidest generation of mankind ആണ് ഇപ്പോള്‍ നമ്മുടെ കൗമാര യുവ തലമുറകള്‍. യാതൊരു സ്‌കില്‍ സെറ്റ് ഇല്ലെങ്കിലും ഭാഗ്യം കൊണ്ട് സെലിബ്രിറ്റി വ്‌ലോഗറായാല്‍ കോടികള്‍ ഉണ്ടാക്കാവുന്ന അധഃപതനം മെറിറ്റിന്റെ വ്യഭിചാരം അല്ലെങ്കില്‍ മറ്റെന്താണ്?
എത്ര ശക്തനായ പുരുഷനെയും വീഴ്ത്താനും അയാളുടെ കുടുംബത്തെ പോലും നശിപ്പിച്ചു കളയാനുമുള്ള പവര്‍ ഉണ്ട് ഒരു സെലിബ്രിറ്റി വ്‌ലോഗര്‍ക്ക്. അത് ഒരു പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രെസിടെന്റിന് പോലും രക്ഷയില്ല. വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല. ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം. അത് ബോഡി ഷെമിംഗ് മുതല്‍ ലൈംഗിക അപവാദക്കഥകള്‍ വരെ നീളുന്ന വിര്‍ച്വല്‍ കുറ്റപത്രം ആകാം. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയും പേര് മുതല്‍ ഫോട്ടോ വരെ കോണ്‍ഫിഡന്‍ഷ്യല്‍ ആക്കി സൂക്ഷിക്കാന്‍ നിയമമുണ്ട്.
പുരുഷന്റെ മേലുള്ള കുറ്റപത്രം വ്‌ലോഗര്‍ വീഡിയോയോ ഫോട്ടോയോ വെറും 'ഇക്കിളി സാഹിത്യമോ' വിര്‍ച്വല്‍ വേള്‍ഡില്‍ മിസൈല്‍ വിക്ഷേപിക്കുന്നത് മുതല്‍ തുടങ്ങും. ആ കുറ്റവിചാരണയില്‍ ഡിഫന്‍സ് ലോയര്‍ ഇല്ല, ലക്ഷക്കണക്കിന് പ്രോസിക്യൂട്ടര്‍സ് ഉണ്ട് താനും. ഇത് താങ്ങാന്‍ കഠിന ഹൃദയര്‍ക്ക് പോലും കഴിയില്ല. കാരണം ലോകത്തിന്റെ സകല മൂലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'കുറ്റകൃത്യത്തിന്റെ' ശിക്ഷ ട്രയല്‍ ഇല്ലാത്തതാണ്. ജീവിതാവസാനം വരെയുള്ള കഠിന തടവാണ് ശിക്ഷ. പ്രായമായ പെണ്‍ മക്കളും സഹോദരിമാരും ഉള്ള കുടുംബത്തിന് പിന്നെ അഡ്രസ് തന്നെ 'ആ വീഡിയോയിലെ ഞരമ്പന്റെ..' എന്നതാണ്.
സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മോശമെന്ന് പറയാനാകില്ല എങ്കിലും അതിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സമൂഹം വേണ്ട രീതിയില്‍ മനസിലാക്കിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. സോളാര്‍ അതിജീവിത ഇപ്പോഴും ആ കൊട്ടേഷന്‍ ആരോപണങ്ങളില്‍ കിട്ടിയ ലക്ഷക്കണക്കിന് രൂപയുമായി സുഖിച്ചു ജീവിക്കുമ്പോള്‍, അന്നത്തെ യഥാര്‍ത്ഥ ഇരയായ ചാണ്ടി സാര്‍ മനഃപ്രയാസവും അത് മൂലം ആരോഗ്യം ക്ഷയിച്ച് രോഗബാധിതനായി അകാലത്തില്‍ മരിച്ചു.
ഒരു മുഖ്യമന്ത്രിയുടെ ഗതി അതായിരുന്നെങ്കില്‍ മുഖമില്ലാത്ത സാധാരണക്കാരനായ ഒരാളുടെ അവസ്ഥ എന്താകും. ഇത്തരം വ്യാജ ആരോപണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കുകയും വ്ളോഗിംഗ് വഴി ഉണ്ടാക്കുന്ന പണത്തിന് sin tax പോലെ വന്‍ നികുതി ചുമത്തുകയും ചെയ്യാന്‍ അടിയന്തിരമായി നിയമ നിര്‍മാണം ഉണ്ടാകണം.
ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ബസിനകത്ത് വെച്ച് ദുരുദ്ദേശത്തോടെ തന്റെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ അതിവേഗത്തില്‍ 20 ലക്ഷത്തിലേറെ പേര്‍ കാണുകയും നിരവധിപേര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ദീപക് അത്തരത്തില്‍ മോശം പ്രവൃത്തികളിലേര്‍പ്പെടുന്നയാളല്ലെന്നും കച്ചവട ആവശ്യാര്‍ഥമാണ് കണ്ണൂരിലേക്ക് പോയതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവജ്ഞതയോടെ തള്ളിക്കളയുകയാണുണ്ടായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.


