- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള ബ്രിട്ടീഷ് നേവിയുടെ എഫ്-35 യുദ്ധ വിമാനം ഇവിടെ നിന്നും പറന്നുയരില്ല. വിമാനം പൊളിച്ച് ചരക്ക് വിമാനത്തില്‍ യുകെയിലേക്ക് കൊണ്ടു പോകും. എയര്‍ ഇന്ത്യാ ഹാങ്ങറില്‍ വിമാനം നന്നാക്കുന്നത് രഹസ്യ ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിമാനം പൊളിക്കുന്നത്. ചരക്ക് വിമാനത്തില്‍ കയറ്റാന്‍ വേണ്ടിയാണ് ഇത്. പൊളിക്കുക വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ പരിശീലനം നേടിയ എഞ്ചിനീയര്‍മാറാകും. ഇവര്‍ക്ക് മാത്രമേ വിമാനം പൊളിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി എഞ്ചിനീയര്‍ സംഘം ഉടന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും.
ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവരുടെ നിരീക്ഷണത്തിലായിരിക്കും വിമാനം പൊളിക്കുക എന്നാണ് വിവരം. പൊളിക്കുന്ന നടപടിയുടെ ഓരോ ഘട്ടവും പ്രത്യേകം രേഖപ്പെടുത്തും. ഈച്ച പോലും ഒന്നും അറിയുന്നില്ലെന്ന് ഉറപ്പിക്കും.വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്‌നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലായത്. തിരുവനന്തപുരത്ത് വച്ച് വിമാനം നന്നാക്കാന്‍ ബ്രിട്ടണ് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക ഇതിനെ എതിര്‍ത്തു. അമേരിക്കന്‍ കമ്പനിയാണ് ഈ അഞ്ചാം തലമുറ യുദ്ധവിമാനം ഉണ്ടാക്കിയത്. ഇതിന്റെ രഹസ്യം ചോരുന്നത് അമേരിക്കയ്ക്ക് അംഗീകരിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഈ സാഹചര്യത്തിലാണ് യുദ്ധവിമാനത്തെ തിരികെ കൊണ്ടു പോകാന്‍ മറ്റൊരു വിമാനം എത്തുന്നത്. യുദ്ധ വിമാന രഹസ്യ ചോരുന്നതിനെ ഗൗരവത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം കാണുന്നത്. ഇതോടെയാണ് ബ്രിട്ടണ്‍ തിരുവനന്തപുരത്തെ അറ്റകുറ്റപണി ഉപേക്ഷിച്ചത്.
ശനിയാഴ്ചയോടെ 40 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ വിമാനത്തെ തിരികെ കൊണ്ടുപോകാനുള്ള പണികള്‍ ആരംഭിക്കും. യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ 4ലില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. യുകെ, യുഎസ്, ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹെവി-ലിഫ്റ്റ് കാര്‍ഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്35 ന്റെ വലുപ്പമാണ് പ്രതിസന്ധി. അതുകൊണ്ടാണ് പാഴ്‌സലാക്കുന്നത്.
14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്റെ ചിറക് ഊരിമാറ്റാതെ എഫ്-35നെ കൊണ്ടുപോകുക സാധ്യമല്ല. യുകെയില്‍ നിന്നെത്തുന്ന സാങ്കേതിക വിദഗ്ധര്‍ ചിറകുകള്‍ വേര്‍പെടുത്തുകയും സി-17 ന്റെ കാര്‍ഗോ ഹോള്‍ഡിലേക്ക് നീക്കാന്‍ സാധിക്കുന്ന കോംപാക്റ്റ് യൂണിറ്റാക്കി മാറ്റുകയും ചെയ്യുമെന്നാണ് വിവരം. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനത്തിന്റെ ചിറകുകള്‍ വേര്‍പെടുത്തുക അതിസങ്കീര്‍ണമായ നടപടിയാണ്. നിര്‍മാതാക്കളായ ലോക്‌ഹെഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധര്‍ക്ക് മാത്രമെ ചിറകുകള്‍ വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഡാറ്റ ചോര്‍ച്ചയില്ലാതിരിക്കാന്‍ ഓരോ സ്‌ക്രൂവും സുരക്ഷാ കോഡ് ചെയ്തനിലയിലാണ്.
ഇതാദ്യമായല്ല എഫ്-35 വിമാനങ്ങളുടെ ചിറകുകള്‍ വേര്‍പ്പെടുത്തി മാറ്റുന്നത്. 2019 മേയില്‍ യുഎസ് എയര്‍ഫോഴ്‌സിന്റെ എഫ്-35എ വിമാനം എഗ്ലിന്‍ എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നും സി-17 ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്‌സ് ബേസിലേക്ക് മാറ്റിയിരുന്നു. 2022 ല്‍ ദക്ഷിണകൊറിയയിലും എഫ്-35 വിമാനങ്ങളെ ട്രാന്‍സ്‌പോര്‍ട്ട് ചെയ്തിരുന്നു. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തി.
ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.