ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചതോടെ അയല്‍ സംസ്ഥാനമായ ഹരിയാന ലക്ഷ്യമിട്ട് ഹൈ വോള്‍ട്ടേജ് പ്രചാരണവുമായി രംഗത്തെത്തിയ ആംആദ്മി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത് കനത്ത തിരിച്ചടി. അയല്‍ സംസ്ഥാനങ്ങളായ ഡല്‍ഹിയിലും പഞ്ചാബിലും വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാനായതിന്റെ പിന്നാലെയാണ് ഹരിയാനയിലും കാലുറപ്പിക്കാനാകുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത് 1.53% വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹരിയാനയിലെ 90 സീറ്റുകളില്‍ 89ലും എഎപി ഒറ്റയ്ക്ക് മത്സരിച്ചത്. ഹൈവോള്‍ട്ടേജ് പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയതെങ്കിലും എഎപിയുടെ മുഖമായ അരവിന്ദ് കെജ്രിവാളിന്റെ അഭാവം പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കെജ്രിവാള്‍ പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. എങ്കില്‍പ്പോലും പാര്‍ട്ടി വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ വളരെ വൈകിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കേജ്‌രിവാളിന്റെ സംസ്ഥാനമായ ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും ജമ്മു കശ്മീരില്‍ ആദ്യമായി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ദോഡ സീറ്റിലാണ് എഎപി സ്ഥാനാര്‍ഥി മെഹ്രാജ് മാലിക് വിജയിച്ചത്. 4538 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ഗജയ് സിങ് റാണയെ പരാജയപ്പെടുത്തിയത്. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഖാലിദ് നജിബ് സുഹര്‍വാര്‍ദി 9894 വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തായി. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശക്തിരാജാണ് ഈ സീറ്റില്‍ വിജയിച്ചത്. എഎപി വിജയം രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചു.

അധികാരത്തിലുള്ള ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കുമ്പോഴാണ് പാര്‍ട്ടിക്ക് തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു ജയില്‍മോചിതനായ കേജ്രിവാള്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ഭരണത്തില്‍നിന്ന് ഒഴിയാനും പാര്‍ട്ടി നേതൃത്വത്തില്‍ ശക്തമാകാനും കേജ്രിവാള്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന നിലപാടിലാണ് കേജ്‌രിവാള്‍.

ഹരിയാനയില്‍ എഎപികോണ്‍ഗ്രസ് സീറ്റ് ധാരണ പരാജയപ്പെട്ടിരുന്നു. എഎപിയുടെ സംസ്ഥാന നേതാക്കളാണ് ദേശീയ നേതാക്കളുടെ ചര്‍ച്ചകള്‍ക്ക് തടസ്സമായത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും എഎപി ബന്ധത്തിന് എതിരായിരുന്നു. വോട്ടുകള്‍ ബിജെപിയിലേക്ക് ഭിന്നിച്ച് പോകാതിരിക്കാന്‍ സഖ്യം നല്ലതാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. പ്രാദേശിക എതിര്‍പ്പു കാരണം ഇതു നടന്നില്ല. 90 സീറ്റില്‍ പത്തു സീറ്റ് വേണമെന്ന എഎപി ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഏഴു സീറ്റിലധികം നല്‍കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. പിന്നീട് എല്ലാ സീറ്റുകളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഎപിയുടെ പ്രകടനം മോശമായിരുന്നു. 46 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാഗമായി കുരുക്ഷേത്ര സീറ്റ് ലഭിച്ചു. 30,000 വോട്ടിനാണ് പരാജയപ്പെട്ടത്.

2019ല്‍ ഹരിയാനയില്‍ മത്സരിച്ച 46 സീറ്റുകളിലും എഎപി തോറ്റിരുന്നു എന്ന് മാത്രമല്ല നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട് വിഹിതമാണ് പാര്‍ട്ടിക്ക് ലഭിക്കുകയും ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഹരിയാനയിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ അക്കൗണ്ട് തുറക്കാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണയാകട്ടെ ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 'മണ്ണിന്റെ മകന്‍' ആയാണ് കെജ്രിവാളിനെ പാര്‍ട്ടി സംസ്ഥാനത്ത് അവതരിപ്പിച്ചത്. പക്ഷേ ഫലമുണ്ടായില്ല.

ഹരിയാനയിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തില്‍ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുമ്പോള്‍ പഠിച്ച ഏറ്റവും വലിയ പാഠം തിരഞ്ഞെടുപ്പില്‍ ആര്‍ക്കും അമിത ആത്മവിശ്വാസം പാടില്ല എന്നാണ്. ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല. ഓരോ സീറ്റിനും അതിന്റേതായ പ്രതിസന്ധികളുണ്ട്', കെജ്രിവാള്‍ പറഞ്ഞു.

ഹരിയാന തിരഞ്ഞെടുപ്പില്‍ എഎപി മുന്നോട്ടു വെച്ച രാഷ്ട്രീയ തന്ത്രങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. കോണ്‍ഗ്രസുമായി സംസ്ഥാനത്ത് സഖ്യത്തിലെത്താന്‍ സാധിക്കാതിരുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അതുമായി ബന്ധപ്പെട്ട് വന്ന അസ്വാരസ്യങ്ങളുമായിരുന്നു ഇന്ത്യ സഖ്യകക്ഷിയായ എഎപിയെ ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. 90ല്‍ 89 സീറ്റിലാണ് എഎപി സ്വതന്ത്രമായി മത്സരിച്ചത്. എഎപിയുടെ തീരുമാനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഫലപ്രഖ്യാപനത്തോടെ വ്യക്തമാണ്. ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേക്കാള്‍ വളരെ പിന്നിലാണ് മിക്ക മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ എഎപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ലെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് കെജ്രിവാളിന്റെ നിര്‍ദ്ദേശം. താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിലേക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കൗണ്‍സിലര്‍മാരും അതത് പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അത് സംസ്‌കരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കിയാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.