- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം': ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന്‍ ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്‍
ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്‍
ജെറുസലേം: ' എന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും അടുത്തേക്ക് ഇന്ന് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം'- ഏലി ഷറാബിയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 491 ദിവസം ഹമാസിന്റെ തടങ്കലില്‍ കഴിഞ്ഞ ശേഷം ശനിയാഴ്ചയാണ് മറ്റു മൂന്നുബന്ദികള്‍ക്കൊപ്പം ഷറാബിയും മോചിതനായത്. ഇസ്രയേലിലേക്ക് മടങ്ങിയ ഷറാബിക്ക് ആ വാര്‍ത്ത അറിയുമോ എന്ന് കുടുംബത്തിന് നിശ്ചയമില്ലായിരുന്നു.
2023 ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണണത്തില്‍, ഭാര്യ ലിയാന്‍, പെണ്‍മക്കള്‍ നോയ(16), യാഹേല്‍( 13) എന്നിവര്‍ കിബുത്സ് ബെഹ്‌റിയിലെ വസതിയില്‍ വച്ച് കൊല്ലപ്പെട്ട വിവരം ഷറാബിക്ക് അറിയാമായിരുന്നില്ല എന്ന് വ്യക്തമായി. ഹമാസ് ബന്ദിയാക്കിയ സഹോദരന്‍ യോസി ഷറാബി കൊല്ലപ്പെട്ട വിവരം മോചിതനാകുന്ന വേളയിലാണ് ഷറാബി അറിഞ്ഞത്.
എലി ഷറാബി(52), ഒഹാദ് ബെന്‍ ആമി (56), ഓര്‍ ലെവി (34) എന്നിവരെയാണ് ശനിയാഴ്ച ഹമാസ് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം തടവുകാരെ കൈമാറുന്ന അഞ്ചാമത്തെ സംഭവമാണിത്. 18 ബന്ദികളെയും 550ലധികം ഫലസ്തീന്‍ തടവുകാരെയും ഇതിനകം മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച, പരിക്കേറ്റ ഫലസ്തീനികളെ മെയ് മാസത്തിന് ശേഷം ആദ്യമായി ഗസ്സയില്‍ നിന്ന് ഈജിപ്തിലേയ്ക്ക് പോകാന്‍ അനുവദിച്ചു.
മോചിപ്പിക്കും മുന്‍പ് ബന്ദികളെ ഹമാസ് ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നൂറുകണക്കിനു വരുന്ന ആള്‍ക്കാരുടെ മുന്നില്‍ ബന്ദികളെ എത്തിച്ച് മുഖംമൂടി ധാരികളായ ഹമാസ് സൈനികര്‍ ഇവരോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് മൂന്നു പേരെയും അന്താരാഷ്ട്രാ റെഡ് ക്രോസിനു കൈമാറിയത്. മൂന്നു പേരെയും സ്വീകരിച്ചതായി പിന്നീട് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
കാഴ്ചയില്‍ ആകെ ക്ഷീണരായ മൂവരും അവരുടെ പഴയകാലരൂപം വച്ചുനോക്കുമ്പോള്‍ പ്രേതങ്ങളെ പോലെ തോന്നും. കുഴിഞ്ഞ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍. 16 മാസം തടങ്കലില്‍ അനുഭവിച്ച ദുരിതങ്ങള്‍ എല്ലാം ആ മുഖങ്ങളില്‍ കാണാം. തല മൊട്ടയടിച്ച് കട്ടിത്താടിയോടെയാണ് എലി ഷറാബിയെ കണ്ടത്. ആകെ മെലിഞ്ഞുപോയി. മൂവരുടെയും കരളുരുക്കുന്ന ദൃശ്യങ്ങള്‍ കണ്ട ബന്ധുക്കള്‍ മറ്റുബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന്‍ ഇസ്രേയല്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
കിബുത്സ് ബെഹ്‌റിയിലെ ഒരു കമ്യൂണിറ്റി ഫാമില്‍ നിന്നാണ് ഷറാബിയെ ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ ഹമാസ് ബന്ദിയാക്കിയത്. ഒരുമുറിയില്‍ ഭാര്യയെയും മക്കളെയും ഒളിപ്പിച്ചെങ്കിലും ഹമാസ് സായുധസംഘം അവരെ തിരഞ്ഞുപിടിച്ച് വകവരുത്തുകയായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന സഹേദരനെ ബന്ദിയായിരിക്കെ ഹമാസ് കൊലപ്പെടുത്തി.
ഷറാബിയുടെ യുകെ കേന്ദ്രമായുള്ള കുടുംബം അദ്ദേഹത്തിന്റെ ഈ ദുര്‍ബല രൂപത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. 'ഞങ്ങള്‍ക്ക് നാല് കുടുംബാംഗങ്ങളെ നഷ്ടമായി. ഷാബത്ത് മേശയില്‍ അഞ്ചുകസേരകളില്‍ ഇരിക്കാന്‍ ആളില്ലായിരുന്നു. നാലുപേര്‍ ഇനി ഒരിക്കലും അവയില്‍ ഇരിക്കില്ല. എലി ഷറാബി മാത്രമാണ് അവശേഷിക്കുന്നത്'-മോചനത്തിനായി ഏറെ പ്രയത്‌നിച്ച സഹോദരന്‍ ഷാരോണ്‍ പറഞ്ഞു. ' അവന്റെ കണ്ണുകളില്‍ നിന്ന് പ്രകാശം പോയി. ഇങ്ങനെ കാണാന്‍ വലിയ വിഷമം, ഭാര്യാ സഹോദരന്‍ സ്റ്റീവ് ബ്രിസ്ലി പറഞ്ഞു.
ഒഹാദ് ബെന്‍ ആമി
ഒഹാദ് ബെന്‍ ആമിയെയും ഷറാബിയെയും കിബുത്്സ് ബെഹ്‌റിയിലെ കമ്യൂണിറ്റി ഫാമില്‍ നിന്നും ഓര്‍ ലെവിയെ നോവാ മ്യൂസിക് ഫെസ്റ്റിവലില്‍ നിന്നുമാണ് പിടിച്ചുകൊണ്ടുപോയത്. മറ്റുബന്ദികളെ പോലെ ടെല്‍അവീവിലെ മെഡിക്കല്‍ സെന്ററില്‍ ഷറാബിയും ചികിത്സ തേടും. അവിടെ സൈക്യാട്രിസ്റ്റുകളും, ഡയറ്റീഷ്യന്മാരും സാമൂഹിക പ്രവര്‍ത്തകരും അടക്കം വലിയൊരു വൈദ്യ സംഘം ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് തിരിച്ചെത്തിയവരെ സഹായിക്കും.
ഓര്‍ ലെവി
ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരമായി 183 പലസ്തീന്‍ തടവുകാരില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരെയും ദീര്‍ഘകാല തടവ് അനുഭവിക്കുന്ന 54 പേരെയും 111 ഫലസ്തീനികളെയുമാണ് ഇസ്രയേല്‍ മോചിപ്പിക്കുന്നത്. എല്ലാവരും 20 മുതല്‍ 61 വയസ് വരെയുള്ള പുരുഷന്‍മാരാണ്.