ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കേസ് ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് ഇന്ത്യ. ഇത്തരം വ്യാജ അവകാശവാദങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചു. അതേസമയം, പ്രതിപക്ഷം ഈ വെളിപ്പെടുത്തലുകളെ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനായുധമാക്കിയിട്ടുണ്ട്.

യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളില്‍ ഒന്നിലാണ് പ്രധാനമന്ത്രി മോദിയുടെ 2017-ലെ ഇസ്രായേല്‍ സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. നരേന്ദ്ര മോദി തന്റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടെന്ന് എപ്സ്റ്റീന്‍ ഇമെയിലില്‍ അവകാശപ്പെടുന്നു.

തന്റെ നിര്‍ദ്ദേശപ്രകാരമാണ് മോദി ഇസ്രായേലില്‍ പോയതെന്നാണ് എപ്സ്റ്റീന്റെ വിവരണം. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് താന്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും അത് ഗുണകരമായെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നില്ല.

വസ്തുത എന്ത്?

എപ്സ്റ്റീന്‍ രേഖകളില്‍ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശദീകരിച്ചു. 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഈ ഒരു വസ്തുത ഒഴിച്ചാല്‍, ബാക്കി പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും പച്ചക്കള്ളമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു കുറ്റവാളിയുടെ വെറും 'ചപ്പുചവറ് ജല്പനങ്ങള്‍' (trashy ruminations) മാത്രമാണ് ഈ ഇമെയിലിലെ പരാമര്‍ശങ്ങളെന്നും ഇതിന് യാതൊരു ഗൗരവവും നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങളുമായി കോണ്‍ഗ്രസ്

ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു 'ദേശീയ അപമാനമാണെന്ന്' വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലില്‍ വെച്ച് യുഎസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതിന് പിന്നാലെ 'IT WORKED!' എന്ന് എപ്സ്റ്റീന്‍ എഴുതിയതായും ആരോപിച്ചു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നുവെന്നും, ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനില്‍ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും 'IT WORKED!' എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.

എന്താണ് ഈ 'എപ്സ്റ്റീന്‍ ഫയല്‍സ്'?

ലൈംഗികക്കടത്ത് കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയവേ 2019-ല്‍ മരിച്ച ജെഫ്രി എപ്സ്റ്റീന്റെ രേഖകളാണ് അമേരിക്കന്‍ നിയമപ്രകാരം പരസ്യപ്പെടുത്തുന്നത്. പുതുതായി പുറത്തുവിട്ട ബാച്ചില്‍ 30 ലക്ഷം പേജ് രേഖകളും 1.8 ലക്ഷം ചിത്രങ്ങളുമാണുള്ളത്. ഡൊണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്സ്, ഇലോണ്‍ മസ്‌ക് തുടങ്ങി ലോകപ്രശസ്തരായ പലരുടെയും പേരുകള്‍ ഈ ഫയലുകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ പേര് പരാമര്‍ശിക്കപ്പെട്ടു എന്നത് അവര്‍ കുറ്റക്കാരാണെന്നതിന് തെളിവല്ലെന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

മരണത്തിലെ ദുരൂഹത വീണ്ടും പുകയുന്നു

എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ പറയുമ്പോഴും, പുതിയ രേഖകളില്‍ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുള്ളതായി കാണുന്നു. എപ്സ്റ്റീന്റെ അവസാന കുറിപ്പ് ഒരു ആത്മഹത്യാക്കുറിപ്പായി തോന്നുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഇമെയിലിലൂടെ നിരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകള്‍, 2,000-ലധികം വീഡിയോകള്‍, 1.8 ലക്ഷം ചിത്രങ്ങള്‍ എന്നിവ ഈ വിവരശേഖരത്തില്‍ ഉള്‍പ്പെടുന്നു. മുന്‍പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന ഈ രേഖകള്‍ ഡെപ്യൂട്ടി യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്.

എപ്സ്റ്റീന്‍ ഫയലുകളിലെ ഈ പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്, സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.