- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ'; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ 'മുട്ടാപ്പോക്ക്' നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം

ന്യൂഡല്‍ഹി: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍, പ്രശ്‌നപരിഹാരത്തിനായി ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത 35 രാജ്യങ്ങളുടെ നിര്‍ണ്ണായക യോഗത്തില്‍ ഇന്ത്യയും പങ്കെടുക്കുന്നു. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടലിടുക്ക് തുറക്കുന്നതിനുള്ള വഴികള്‍ തേടിയാണ് ഈ അടിയന്തര നീക്കം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണ് ഈ ചര്‍ച്ചകള്‍. രാജ്യത്തെ 40 ശതമാനം എണ്ണയും, 50 ശതമാനം പ്രകൃതിവാതകവും (LNG), 80 ശതമാനത്തിലധികം എല്‍.പി.ജി (LPG) ഇറക്കുമതിയും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്‍ പാത തടഞ്ഞതോടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ തന്നെ ഭീഷണിയിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും, ഇതിനോടകം ആറ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി പാത മുറിച്ചുകടക്കാന്‍ കഴിഞ്ഞെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് തുറക്കുന്നത് തന്റെ പ്രഥമ പരിഗണനയാണെന്ന് ആവര്‍ത്തിച്ചിരുന്ന ട്രംപ്, പെട്ടെന്നാണ് നിലപാട് മാറ്റിയത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ സ്വന്തം നിലയ്ക്ക് എണ്ണ കണ്ടെത്തട്ടെ എന്നും അമേരിക്ക ഇനി സഹായിക്കില്ലെന്നും ട്രംപ് തുറന്നടിച്ചു.
'ഹോര്‍മുസ് അടഞ്ഞതുമൂലം ഇന്ധനം കിട്ടാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുക, അല്ലെങ്കില്‍ അല്പം ധൈര്യം സംഭരിച്ച് ഹോര്‍മുസില്‍ പോയി അത് പിടിച്ചെടുക്കുക' - ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയുടെ ഈ പിന്‍മാറ്റം പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
'സ്വയം പോരാടാന്‍ പഠിക്ക്, അമേരിക്ക ഇനി നിങ്ങളെ സഹായിക്കാന്‍ കൂടെയുണ്ടാവില്ല. ഞങ്ങളെ സഹായിക്കാന്‍ നിങ്ങളും ഉണ്ടായിരുന്നില്ലല്ലോ. ഇറാന്റെ കഥ ഏകദേശം കഴിഞ്ഞു, കഠിനമായ പണികളെല്ലാം തീര്‍ന്നു. ഇനി നിങ്ങള്‍ പോയി സ്വന്തം എണ്ണ കണ്ടെത്തു!' - ട്രംപ് തന്റെ കുറിപ്പില്‍ ആഞ്ഞടിച്ചു. സഖ്യകക്ഷികളോടുള്ള ട്രംപിന്റെ ഈ കടുത്ത നിലപാട് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ബ്രിട്ടന്റെ നേതൃത്വത്തില്‍ ബൃഹദ് സഖ്യം
യുദ്ധം തുടങ്ങിയത് മുതല്‍ ട്രംപിന്റെ നിരന്തര പരിഹാസത്തിന് ഇരയാകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ ഉറച്ച നിലപാടുമായി രംഗത്തെത്തി. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കാനഡ, യുഎഇ എന്നിവയുള്‍പ്പെടെ 35 രാജ്യങ്ങള്‍ സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കാന്‍ കൈകോര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നയതന്ത്ര-രാഷ്ട്രീയ നീക്കങ്ങളും ഈ യോഗം വിലയിരുത്തും,' സ്റ്റാര്‍മര്‍ പറഞ്ഞു. ഇതിന് പിന്നാലെ സൈനിക ആസൂത്രകരുടെ യോഗം വിളിക്കുമെന്നും, യുദ്ധം അവസാനിച്ചാലുടന്‍ കടലിടുക്ക് സുരക്ഷിതമാക്കാന്‍ ആവശ്യമായ സൈനിക ശേഷി എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ അധ്യക്ഷതയിലാണ് വ്യാഴാഴ്ചത്തെ യോഗം നടക്കുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തി പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ പിന്‍മാറ്റത്തിനിടയിലും ലോകത്തെ പിടിച്ചുലയ്ക്കുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള വലിയൊരു സഖ്യത്തിനാണ് ബ്രിട്ടന്‍ ഇപ്പോള്‍ തുടക്കമിടുന്നത്.


