കൊളറാഡോ: ഭൂമിയുടെ ആഴങ്ങളില്‍ എന്താണ് സംഭവിക്കുന്നത്? അവിടുത്തെ വലിയ ചലനങ്ങള്‍ ഭൂമിയിലെ മനുഷ്യരെ സാരമായി ബാധിക്കുന്നത് കൊണ്ട് ശാസ്ത്രജ്ഞര്‍ സദാ കണ്ണും നട്ടിരിപ്പാണ്. അടുത്ത കാലത്തായി ഭൂമിക്കടിയില്‍ നടക്കുന്ന ചലനങ്ങള്‍ ശാസ്ത്രലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ പ്രധാന ടെക്‌റ്റോണിക് പ്ലേറ്റ്, അഥവാ ഇന്ത്യന്‍ പ്ലേറ്റ്, ടിബറ്റിന് താഴെയായി രണ്ടായി പിളരുകയാണെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഈ കണ്ടെത്തല്‍, ഹിമാലയന്‍ മേഖലയില്‍ ഭാവിയില്‍ വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഈ പ്രതിഭാസം, ഭൂകമ്പ സാധ്യതകളെക്കുറിച്ചുള്ള നിലവിലെ ധാരണകളെ മാറ്റിമറിക്കാവുന്നതാണ്.

ു2023-ലെ അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (AGU) കോണ്‍ഫറന്‍സിലാണ് ഈ പഠനം അവതരിപ്പിച്ചത്. ഇന്ത്യന്‍ പ്ലേറ്റ് യൂറേഷ്യന്‍ പ്ലേറ്റിനടിയിലൂടെ നിരങ്ങി നീങ്ങുക മാത്രമല്ല, ഉപരിതലത്തിന് താഴെയായി രണ്ടായി പിളര്‍ന്നു പോകുകയാണെന്നാണ് അത്യാധുനിക സീസ്മിക് ഡാറ്റ വ്യക്തമാക്കുന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഠഭൂമിയുടെയും രൂപീകരണത്തിന് കാരണമായ ഈ കൂട്ടിയിടി പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ പഠിക്കുന്ന വിഷയമാണെങ്കിലും, ഈ പുതിയ വിവരങ്ങള്‍ കൂട്ടിയിടി മുമ്പ് കരുതിയതിനേക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് സൂചിപ്പിക്കുന്നു.

ഭൂമി നിരവധി ടെക്‌റ്റോണിക് പ്ലേറ്റുകളാല്‍ നിര്‍മ്മിതമാണ്. ഈ പ്ലേറ്റുകള്‍ സാവധാനത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ പ്ലേറ്റില്‍ നിന്ന് വേര്‍പെട്ട് വടക്കോട്ട് നീങ്ങുന്ന ഇന്ത്യന്‍ പ്ലേറ്റ്, യുറേഷ്യന്‍ പ്ലേറ്റുമായി കൂട്ടിയിടിക്കുകയാണ്. ഈ കൂട്ടിയിടി മൂലമാണ് ഹിമാലയന്‍ പര്‍വതനിരകള്‍ രൂപപ്പെട്ടത്. എന്നാല്‍, പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്, ടിബറ്റിന് താഴെ ഏകദേശം 100 കിലോമീറ്റര്‍ ആഴത്തില്‍ ഈ ഇന്ത്യന്‍ പ്ലേറ്റ് വിഭജിക്കപ്പെടുകയോ പിളരുകയോ ചെയ്യുന്നു എന്നാണ്. ഇതിന്റെ ഫലമായി, പ്ലേറ്റിന്റെ ഒരു ഭാഗം ഹിമാലയന്‍ മേഖലയിലേക്ക് തള്ളിക്കയറുമ്പോള്‍, മറ്റൊരു ഭാഗം മംഗോളിയന്‍ ഭാഗത്തേക്ക് നീങ്ങുന്നു.

'നേച്ചര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം അനുസരിച്ച്, ഏകദേശം 5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയ ഇപ്പോള്‍ കൂടുതല്‍ വേഗത കൈവരിച്ചിരിക്കുകയാണ്. ഭൂകമ്പ തരംഗങ്ങളെക്കുറിച്ച് നടത്തിയ വിശദമായ പഠനത്തിലൂടെയാണ് ശാസ്ത്രജ്ഞര്‍ ഈ വിള്ളല്‍ കണ്ടെത്തുന്നത്. പ്ലേറ്റുകള്‍ക്കിടയില്‍ ഏകദേശം 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഒരു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് വികസിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരം വിള്ളലുകള്‍ക്ക് ടിബറ്റന്‍ പീഠഭൂമിയുടെയും ഹിമാലയന്‍ കൊടുമുടികളുടെയും ഭൂമിശാസ്ത്രപരമായ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.




'ഡിലാമിനേഷന്‍' എന്ന പ്രതിഭാസം

സീസ്മിക് ഡാറ്റ അനുസരിച്ച്, ഇന്ത്യന്‍ പ്ലേറ്റ് ഇപ്പോള്‍ 'ഡിലാമിനേഷന്‍' (Delamination) എന്ന പ്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയില്‍, പ്ലേറ്റിന്റെ സാന്ദ്രത കൂടിയ താഴത്തെ പാളി അടര്‍ന്നുമാറി ഭൂമിയുടെ മാന്റിലിലേക്ക് (Mantle) താഴ്ന്നുപോകുന്നു. അതേസമയം, ഭാരം കുറഞ്ഞ മുകള്‍ ഭാഗം ടിബറ്റിനടിയിലൂടെ വടക്കോട്ട് നീങ്ങുന്നത് തുടരുന്നു.

'വന്‍കരകള്‍ക്ക് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ഇത് ഭൗമശാസ്ത്രത്തിന് വളരെ മൗലികമായ ഒരു കണ്ടെത്തലാണ്,' യൂട്രെക്റ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോഡൈനാമിസ്റ്റ് ആയ ഡൗവെ വാന്‍ ഹിന്‍സ്‌ബെര്‍ഗന്‍ പറഞ്ഞു.

ഹിമാലയം ഉയരുന്നതിന്റെ രഹസ്യം

ഏകദേശം 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍, യൂറേഷ്യന്‍ പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടയിടി ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായ ഹിമാലയത്തിന് രൂപം നല്‍കി. എന്നാല്‍ ഈ വളര്‍ച്ച ഇപ്പോഴും നിലനിര്‍ത്തുന്നത് ഇന്ത്യന്‍ പ്ലേറ്റിന്റെ ആന്തരികമായ പിളര്‍പ്പാണ് എന്ന് പുതിയ വിവരങ്ങള്‍ കാണിക്കുന്നു.



ഇന്ത്യന്‍ പ്ലേറ്റിന്റെ അടിഭാഗം താഴേക്ക് പോകുമ്പോള്‍, മുകള്‍ഭാഗം മുന്നോട്ട് തള്ളി നീങ്ങുന്നു. യൂറേഷ്യന്‍ പ്ലേറ്റില്‍ നിന്നുള്ള പ്രതിരോധത്തില്‍ ഇത് ഉരസുകയും മടങ്ങുകയും ചെയ്യുന്നു. ഈ തുടര്‍ച്ചയായ ചലനം ടിബറ്റിന് അടിയില്‍ ആഴത്തിലുള്ള വിള്ളലുകളും സീസ്മിക് സമ്മര്‍ദ്ദങ്ങളും സൃഷ്ടിക്കുന്നു. ഹിമാലയം ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന, ചലനാത്മകമായ പര്‍വതങ്ങളാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ കണ്ടെത്തല്‍.

ഭാവിയിലെ പ്രത്യാഘാതങ്ങള്‍

ടിബറ്റിനടിയില്‍ ഇന്ത്യന്‍ പ്ലേറ്റ് പിളരുന്നു എന്ന കണ്ടെത്തലിന് വളരെ വലിയ പ്രത്യാഘാതങ്ങളുണ്ട്. ഇത് നിലവിലുള്ള ഭൂമിശാസ്ത്രപരമായ സിദ്ധാന്തങ്ങളെ മാറ്റിയെഴുതുന്നതിനൊപ്പം ഹിമാലയന്‍ മേഖല നേരിടുന്ന ഭൂകമ്പ സാധ്യതകളെ അടിവരയിടുന്നു.

പ്ലേറ്റിന്റെ താഴത്തെ ഭാഗം താഴ്ന്നു പോകുമ്പോള്‍, ഫോള്‍ട്ട് രേഖകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഭാവിയില്‍ വലിയ ഭൂകമ്പങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഈ പ്ലേറ്റ് പൊട്ടല്‍, ഹിമാലയത്തിന്റെ രൂപീകരണത്തില്‍ ഒരു പുതിയ ഘട്ടം തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനായ ബ്രാഡന്‍ ചൗ അഭിപ്രായപ്പെട്ടു. 'ഇത് 8 അല്ലെങ്കില്‍ 9 തീവ്രതയുള്ള വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമാകാം,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊളറാഡോ സര്‍വകലാശാലയിലെ സംഘം കഴിഞ്ഞ 20 വര്‍ഷത്തെ ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ടിബറ്റിന് താഴെയുള്ള പ്ലേറ്റിന്റെ താഴത്തെ ഭാഗം, ചൂടില്‍ ഐസ്‌ക്രീം ഉരുകുന്നത് പോലെ, ഉരുകി ദുര്‍ബലമാകുന്നുണ്ടെന്നും ഇത് അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും കാരണമാകുമെന്നും അവര്‍ നിരീക്ഷിക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, ഹിമാലയന്‍ മേഖലയില്‍ ഇനിയൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയാണ്.

ഈ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള മറ്റ് ടെക്‌റ്റോണിക് മേഖലകളിലെ താരതമ്യ പഠനങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. ആന്‍ഡീസ്, റോക്കി പര്‍വതനിരകള്‍ക്ക് അടിയിലും സമാനമായ ഡിലാമിനേഷന്‍ പ്രക്രിയകള്‍ നടക്കുന്നുണ്ടാകാം.