ന്യൂഡല്‍ഹി: പിണറായി വിജയന്റെയും ഇടതുനേതാക്കളുടെയും ഉറക്കം കെടുത്തിക്കൊണ്ട് കേരള കേഡറിലെ കരുത്തനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്ത കേന്ദ്രത്തില്‍ അത്യുന്നത പദവിയിലേക്ക്. തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കി, കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തത്തുല്യ പദവിയിലേക്കാണ് 1993 ബാച്ച് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്ത ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. 2026 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ കേന്ദ്ര കാബിനറ്റ് നിയമന സമിതിയുടെ ഉത്തരവ് കേരളത്തിലെ ഭരണസിരാകേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്രം പരിഗണിക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് യോഗേഷ് ഗുപ്തയുടേതാണ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

യോഗേഷ് ഗുപ്തയെ കേന്ദ്രത്തിലേക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബോധപൂര്‍വ്വം വൈകിപ്പിച്ച് അദ്ദേഹത്തിന്റെ വഴി തടയാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഈ 'ചക്കളത്തി പോരാട്ടം' തിരിച്ചറിഞ്ഞ ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. കോടതി ഇടപെട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് ഈ മോഹപ്പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് തവണയാണ് ഈ ഉദ്യോഗസ്ഥനെ തട്ടിക്കളിച്ചത്. ബെവ്കോ എം.ഡി മുതല്‍ ഫയര്‍ഫോഴ്സ് മേധാവി വരെയാക്കി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ കേന്ദ്രത്തിന്റെ മുന്‍നിര ഉദ്യോഗത്തിന് അര്‍ഹനാകുന്നു.

സാധാരണ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനല്ല യോഗേഷ് ഗുപ്ത. ഇ.ഡിയിലും സി.ബി.ഐയിലും പ്രവര്‍ത്തിച്ചു തെളിഞ്ഞ അന്വേഷണ പാടവമാണ് അദ്ദേഹത്തിന്റെ കരുത്ത്. ഏഴ് വര്‍ഷത്തോളം ഇ.ഡിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന കാലത്ത് ശാരദ, റോസ് വാലി തുടങ്ങിയ വമ്പന്‍ നിക്ഷേപ തട്ടിപ്പ് കേസുകളുടെ നട്ടെല്ലൊടിച്ചത് ഇദ്ദേഹമായിരുന്നു. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയതും ഓഹരി കുംഭകോണത്തിലെ വില്ലന്‍ കേതന്‍ പരേഖിനെ കുടുക്കിയതും ഇതേ യോഗേഷ് ഗുപ്തയാണ്. 7000 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും 20,000 കോടിയുടെ ബാങ്ക് തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത ഈ 'വേട്ടക്കാരന്‍' ഇനി ഇ.ഡിയുടെ തലപ്പത്തെത്തിയാല്‍ കേരളത്തിലെ പല രാഷ്ട്രീയ അഴിമതിക്കഥകളും പുറത്തുവരുമെന്ന് ഉറപ്പാണ്.

യൂണിഫോം പദവികളില്‍ മാത്രമല്ല, ഭരണതലപ്പത്തും അദ്ദേഹം പുലിയാണെന്ന് തെളിയിച്ചിട്ടുണ്ട്. 600 കോടിയുടെ നഷ്ടത്തിലായിരുന്ന സപ്ലൈകോയെയും തകര്‍ച്ചയുടെ വക്കിലായിരുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെയും ലാഭത്തിലേക്ക് നയിച്ചത് യോഗേഷ് ഗുപ്തയുടെ ഭരണതന്ത്രജ്ഞതയായിരുന്നു. ബെവ്കോ സി.എം.ഡി ആയിരുന്നപ്പോള്‍ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിച്ച് കോര്‍പറേഷന്റെ ഖജനാവ് നിറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒടുവില്‍ വിജിലന്‍സ് മേധാവിയായപ്പോള്‍ അഴിമതിക്കാര്‍ ഒന്നടങ്കം വിറച്ചു. അതോടെയാണ് അദ്ദേഹത്തെ ഫയര്‍ഫോഴ്സിലേക്ക് മാറ്റിയത്.

എന്നാല്‍ അവിടെയും തളരാതെ കേന്ദ്ര ഡെപ്യൂട്ടേഷനായി പോരാടിയ ഗുപ്ത ഇപ്പോള്‍ രാജകീയമായാണ് മടങ്ങുന്നത്. 2030 വരെ സര്‍വീസ് കാലാവധിയുള്ളതിനാല്‍ കേന്ദ്രത്തില്‍ ദീര്‍ഘകാലം നിര്‍ണ്ണായക പദവികളില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കേരള കേഡറിലെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനായി അദ്ദേഹം മാറുന്നതോടെ സംസ്ഥാനത്തെ പല പ്രമുഖരും നെഞ്ചിടിപ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം പ്രതികൂട്ടിലാക്കുന്ന പലകേസുകളും കേന്ദ്ര ഏജന്‍സികളിലുണ്ട്. ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് യോഗേഷ് ഗുപ്തയെത്തിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഭയക്കുന്നവരുമുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇഡി) സിബിഐയിലും പ്രവര്‍ത്തിച്ചപ്പോഴുള്ള അന്വേഷണ മികവിന് യോഗേഷ് ഗുപ്തയെതേടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ പോലും എത്തിയിട്ടുണ്ട്. ഏഴു വര്‍ഷത്തോളം ഇഡിയിലുണ്ടായിരുന്നു. സിബിഐയിലും ജോലി ചെയ്തു. സിബിഐ കാലത്ത് കേതന്‍ പരേഖ് തട്ടിപ്പ് കേസ് അന്വേഷിച്ചതു യോഗേഷ് ഗുപ്തയായിരുന്നു. പല കേസുകളിലായി ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയില്‍വേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇഡിയുടെ സ്പെഷല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് ഒട്ടേറെ വിവാദമായ കേസുകളുടെ അന്വേഷണം കയ്യിലെത്തി. ശാരദ, സീഷോര്‍, റോസ് വാലി, ബേസില്‍ ഇന്റര്‍നാഷനല്‍ തുടങ്ങിയ നിക്ഷേപ തട്ടിപ്പു കേസുകളുടെ അന്വേഷണം നടത്തി. ഗുജറാത്തിലെ ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്കു ശിക്ഷ നേടിക്കൊടുക്കുന്നതില്‍ അന്ന് സിബിഐ സൂപ്പര്‍വൈസിങ് എസ്പിയായിരുന്ന യോഗേഷിന്റെ അന്വേഷണം നിര്‍ണായകമായി. ഓഹരി കുംഭകോണം നടത്തിയ കേതന്‍ പരേഖിനെതിരായ കേസ് തെളിഞ്ഞതും യോഗേഷ് എസ്പിയായിരുന്ന കാലത്താണ്.

7000 കോടിയിലേറെ രൂപയാണു വിവിധ നിക്ഷേപ തട്ടിപ്പുകേസുകളില്‍നിന്നു കണ്ടുകെട്ടിയത്. റോസ് വാലി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ 4000 ബാങ്ക് അക്കൗണ്ടുകളിലെ 10 മില്യണ്‍ ഇടപാടുകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമല്ല, ചിംപാന്‍സിയെയും കാണ്ടാമൃഗത്തെയും കടത്താന്‍ ശ്രമിച്ച കേസുകളും ഈ കാലയളവില്‍ അന്വേഷിച്ചു പ്രതികളെ പിടികൂടി. ആകെ 20,000 കോടി രൂപയിലേറെ തട്ടിച്ച 50ലേറെ ബാങ്ക് തട്ടിപ്പ് കേസുകളാണു കൈകാര്യം ചെയ്തത്. നിയമവിരുദ്ധ ഖനനം തടയാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. ഒഡീഷയിലെ നിയമവിരുദ്ധ ഖനനത്തിന് ഒരു പരിധി വരെ അറുതി വരുത്താനായി. 2011ല്‍ സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മെഡലും ലഭിച്ചു. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ്. ഒട്ടേറെ കേസുകളില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത എന്നതാണ് വസ്തുത.

എന്നിട്ടും കേരളത്തില്‍ യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍നിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യമായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെപേരില്‍ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ കേസിന്റെ ഫയല്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ സിബിഐക്ക് കൈമാറിയതും അദ്ദേഹത്തിന് എതിരായി. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെപേരില്‍ വിജിലന്‍സില്‍ തീര്‍പ്പാക്കാതെകിടന്ന എണ്ണൂറോളം കേസുകള്‍ തീര്‍പ്പാക്കിയതും സര്‍ക്കാരിന് പിടിച്ചില്ല. ഏതാനും പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെപേരില്‍ കേസെടുക്കണമെന്ന് ശുപാര്‍ശചെയ്തതും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെപേരിലുള്ള പരാതി തീര്‍പ്പാക്കിയതും യോഗേഷ് ഗുപ്തയ്ക്ക് വിനയായി എന്നാണ് റിപ്പോര്‍ട്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണതലപ്പത്താണു കേരളം യോഗേഷ് ഗുപ്തയെ അധികവും കണ്ടിട്ടുള്ളത്. സപ്ലൈകോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു യോഗേഷ് ഗുപ്ത. പല വിവാദങ്ങളുമുണ്ടായെങ്കിലും 600 കോടിയുടെ നഷ്ടം നികത്തി സപ്ലൈകോയെ ലാഭത്തിലാക്കിയ ഭരണമികവ് അവിടെ കാഴ്ചവച്ചു. നഷ്ടത്തിന്റെ വക്കില്‍നിന്നാണു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ (കെഎഫ്സി) സിഎംഡി എന്ന നിലയില്‍ ലാഭത്തിലേക്കു നയിച്ചത്. ബെവ്കോ സിഎംഡിയായും പ്രവര്‍ത്തിച്ചു. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞ ബെവ്കോയ്ക്ക് അധിക വരുമാനം ലഭിക്കാന്‍ ലാഭവിഹിതം വര്‍ധിപ്പിച്ച നടപടിയെടുത്തു യോഗേഷ് ഗുപ്തയാണ്. ബാറുകള്‍ക്ക് ബെവ്കോ മദ്യം നല്‍കുമ്പോള്‍ ഈടാക്കിയിരുന്ന ലാഭവിഹിതമാണ് ഉയര്‍ത്തിയത്. ബാറുകള്‍ സമരം തുടങ്ങിയതോടെ ചെറിയ ഇളവ് വരുത്തിയെങ്കിലും കോര്‍പറേഷന്റെ ലാഭം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും എസ്പി, ട്രാഫിക്കിലും അഡ്മിനിസ്ട്രേഷനിലും ഇന്റലിജന്‍സിലും സായുധസേനാ ബറ്റാലിയനിലും ഐജി എന്നിവയാണ് കേരളത്തില്‍ യോഗേഷ് ഗുപ്ത വഹിച്ച മറ്റ് യൂണിഫോം പദവികള്‍. വിജിലന്‍സ് മേധാവിയായപ്പോള്‍ അഴിമതിക്കാര്‍ ഒന്നടങ്കം പെട്ടു. ഇതിനിടെയാണ് ഫയര്‍ഫോഴ്സിലേക്ക് മാറ്റിയത്. ഇതിന് ശേഷം സര്‍ക്കാരുമായുള്ള ബന്ധം വഷളായി.