ഗസ്സ: വെടിനിര്‍ത്തല്‍ കരററിന്റെ ഭാഗമായി ഹമാസ് എട്ട് ബന്ദികളെ കൂടി വിട്ടയച്ചു. എന്നാല്‍, അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ മുഖംമൂടി ധരിച്ച ആയുധധാരികള്‍ ബന്ദികളെ വിട്ടയച്ച രീതി ഇസ്രയേലിനെ പ്രകോപിപ്പിച്ചു. അതുകൊണ്ട് തന്നെ 110 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയാണെന്നാണ് സൂചന.

മൂന്ന് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേല്‍ സേന അറിയിച്ചു. വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പുറമേ ഇസ്രയേല്‍ സേനയിലെ വനിത അഗം ബെര്‍ഗറെ(20)യും മോചിപ്പിച്ചു.

ബന്ദികളെ സുരക്ഷിതമായി കൈമാറുന്നത് വരെ തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു പ്രസ്താവിച്ചത്. ഇസ്രയേലികള്‍ക്ക് നേരേ ആക്രമണം നടത്തിയതിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 30 തടവുകാരടക്കം 110 ഫലസ്തീന്‍ തടവുകരെയാണ് ഇസ്രയേല്‍ വിട്ടയയ്ക്കാനിരുന്നത്. എന്നാല്‍, ഇവരുടെ വിമോചനം തല്‍ക്കാലത്തേക്ക് വൈകിപ്പിക്കുകയാണ്.


200 ത്തോളം ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുന്നതിന് പകരമായി ഹമാസ് 33 ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കുമെന്നാണ് വെടിനിര്‍ത്തല്‍ കരാറിലെ ധാരണ. ഗസയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാമെന്നും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്.

വടക്കന്‍ ഗാസയിലെ ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകള്‍ക്ക് സമീപത്തു വച്ചാണ് ആദ്യ ബന്ദി ഇസ്രയേല്‍ പട്ടാളക്കാരി അഗം ബര്‍ഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു നഗരമായ ഖാന്‍ യുനീസില്‍ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.




29 കാരിയായ അര്‍ബേല്‍ യെഹോഡിനെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ആയുധധാരികള്‍ നയിക്കുമ്പോള്‍ അവര്‍ ആകെ പരിഭ്രാന്തയായിരുന്നു. ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തെ തള്ളിമാറ്റി കൊണ്ടായിരുന്നു കൈമാറ്റം. ഹമാസ് നേതാവ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ട കെട്ടിടത്തിന് മുന്നില്‍ വച്ചായിരുന്നു കൈമാറ്റം. യെഹോഡിന്റെ സുഹൃത്തുക്കള്‍ ഈ ദൃശ്യങ്ങള്‍ കണ്ട് കരയുന്നത് കാണാമായിരുന്നു.



ഇത് വളരെ അപകടകരമായ സാഹചര്യമെന്നാണ് ഒരു വാര്‍ത്താ ചാനല്‍ അവതാരകന്‍ വിശേഷിപ്പിച്ചത്. സംഘര്‍ഷ സാഹര്യത്തില്‍ നടുക്കം പ്രകടിപ്പിച്ച നെതന്‍യ്യാഹു ബന്ദികളുടെ സുരക്ഷിത കൈമാറ്റം ഉറപ്പാക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. രണ്ട് യുവതികളെ കൂടാതെ ഒരു 80 കാരനായ ബന്ദിയെയും ഹമാസ് വിട്ടയയച്ചു.