- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
തിരുവനന്തപുരം : കേന്ദ്രത്തെ വെല്ലുവിളിക്കാന്‍ കേരളം. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം എഡിഷനില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ വിഷയത്തില്‍ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകും. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്രാനുമതിയില്ലാതെയുള്ള സിനിമാ പ്രദര്‍ശനം പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമതി ഇല്ലാത്ത ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം എടുത്തത്. കഴിഞ്ഞ തവണ പ്രേംകുമാറായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പരാതികളില്ലാതെ മേള നടന്നു. എന്നാല്‍ ഇപ്പോള്‍ റസൂല്‍ പൂക്കുട്ടിയാണ് അക്കാദമി ചെയര്‍മാന്‍. പൂക്കുട്ടിയുടെ അസാന്നിധ്യവും ചര്‍ച്ചകളിലുണ്ട്.
കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്. പലസ്തീന്‍ പ്രമേയമായ സിനിമകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. നാല് പലസ്തീന്‍ സിനിമയുള്‍പ്പെടെ 19 ലോകസിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സാധാരണ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. മേള തുടങ്ങി നാലുദിവസം കഴിഞ്ഞിട്ടും 19 സിനിമകള്‍ കേന്ദ്രം പരിഗണിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചവയും സുവര്‍ണ ചകോരം ലഭിച്ചവയും ഇതിലുള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ നിലപാട് സാംസ്‌കാരിക വകുപ്പ് എടുക്കുന്നത്.
കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐഎഫ്എഫ്‌കെ മുപ്പതാം എഡിഷനിലെ ചില സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍?ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ ഐഎഫ്എഫ്‌കെയില്‍ പലസ്തീന്‍ സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ ചലച്ചിത്ര അക്കാദമിയേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്തു വന്നു. ഒരുമാസം മുമ്പെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് അക്കാദമി നല്‍കണം. മുന്‍കൂട്ടി സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടതെന്ന് ബിജു പറയുന്നു. ഐഎഫ്എഫ്‌കെയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ മേളയുടെ പരിസരത്തുപോലുമില്ലെന്നും കേരള ചലച്ചിത്ര മേളയുടെ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നതെന്നും ബിജു വ്യക്തമാക്കി.
''ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത കാണുന്നു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഒക്കെ ഉണ്ടാവുന്നു. എന്താണ് ഇതിന്റെ പിന്നില്‍. എന്തൊക്കെ ആവാം കാരണങ്ങള്‍. സാധാരണ രീതിയില്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ആണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഇന്ത്യയില്‍ സെന്‍സര്‍ ചെയ്തിട്ടില്ലാത്ത വിദേശ സിനിമകള്‍ ആണെങ്കില്‍ ആ സിനിമകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയുടെ അനുമതി ലഭ്യമായാല്‍ മാത്രമേ ആ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ. ഇതിനു മുന്‍പും അങ്ങനെ തന്നെയാണ് കേരള മേളയും ഗോവ മേളയും പൂണൈയും കൊല്‍ക്കത്തയും ബെംഗളൂരും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മേളകളും ചെയ്യുന്നത്.
സാധാരണ നിലയില്‍ ഇത്തരത്തില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സിനിമകള്‍ മാത്രമേ മേളയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുള്ളൂ. അനുമതി ലഭിക്കാതെ മുന്‍കൂട്ടി സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യാറില്ല. ഇവിടെ എന്തുകൊണ്ടാണ് അനുമതി ലഭിക്കാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ടായ സാഹചര്യം എന്നത് വ്യക്തമല്ല. ഇന്ത്യയില്‍ സെന്‍സര്‍ഷിപ് ഇല്ലാത്ത വിദേശ സിനിമകള്‍ വളരെ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കുകയും മേള ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അനുമതി ലഭ്യമാക്കി സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്യുക എന്ന പ്രോസസ് ഇവിടെ കൃത്യമായി നടക്കാഞ്ഞതിനു കാരണങ്ങള്‍ എന്താവാം.
ചലച്ചിത്ര അക്കാദമി കുറഞ്ഞത് ഒരു മാസത്തിനു മുന്‍പെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ ലിസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. അങ്ങനെ മുന്‍കൂട്ടി സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത്. അങ്ങനെ വളരെ മുന്‍പേ സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ സമയ ബന്ധിതമായി അനുമതി നല്‍കാന്‍ താമസം വരുത്തിയെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള ശരിയായ ഒരു രീതി അല്ലെന്നും ബിജു പറയുന്നു.
ഇനി കേന്ദ്ര സര്‍ക്കാരിന് ഈ അപേക്ഷകള്‍ പ്രോസസിങ് ചെയ്യുവാനുള്ള സ്വാഭാവികമായ സമയം ലഭിക്കാത്ത രീതിയില്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനു ഏതാനും ആഴ്ചകള്‍ മുന്‍പ് മാത്രമാണോ അക്കാദമി സിനിമകള്‍ അനുമതിക്കായി സമര്‍പ്പിച്ചത് എന്നതും അറിയേണ്ടതുണ്ട്. ഇതില്‍ എന്ത് കാരണങ്ങള്‍ കൊണ്ടാണ് അനുമതി ലഭിക്കുന്നതോ നിഷേധിക്കുന്നതോ ഇത്ര കാലതാമസം വന്നത് എന്ന് മനസ്സിലാവേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സിനിമകള്‍ക്കും കലകള്‍ക്കും നേരെയുള്ള രാഷ്ട്രീയവും കടന്നുകയറ്റവും വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ എന്തുതന്നെ ആയാലും അനുമതി ലഭിക്കാതെ സിനിമകള്‍ ഒരു രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ഷെഡ്യൂള്‍ ചെയ്യുന്ന രീതി ശരിയല്ല. അതിനു മാറ്റം വരുത്തേണ്ടതുണ്ട്.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാനുള്ളത്, ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ഒരു ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും, അക്കാദമി ചെയര്‍മാനും ആണ്. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ കേരള ചലച്ചിത്ര മേളയുടെ മുപ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നത്. ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി ഇല്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആകട്ടെ ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ നടക്കുമ്പോള്‍ ഈ പരിസരത്തെ ഇല്ല. സമാപന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയെ പോലെ എത്തും എന്നാണ് ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി പ്രസ്താവിച്ചത്.
ഐഎഫ്എഫ്‌കെയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു, ഇങ്ങനെ അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ആണ് ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തുന്നത് എന്നത് തന്നെ അക്കാദമിയെ സര്‍ക്കാര്‍ എത്രമാത്രം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നതിന് തെളിവാണെന്നും ബിജു പറയുന്നു.




