- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരുടെ ഉറക്കം കെടുത്തിയ 'റെയ്ഡ് ശ്രീലേഖ'! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണത്തലപ്പത്തേക്ക് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരും പങ്കെടുത്ത അന്തിമഘട്ട ചര്‍ച്ചകളില്‍ ശ്രീലേഖയുടെ പേരിനാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. ഭരണപരിചയമുള്ള ഒരു ഉദ്യോഗസ്ഥ എന്ന നിലയിലും ക്ലീന്‍ ഇമേജുള്ള വ്യക്തി എന്ന നിലയിലും ശ്രീലേഖ മേയര്‍ സ്ഥാനത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
നേരത്തെ, ബിജെപി ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ വി.വി. രാജേഷിന്റെ പേരും ഈ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ക്കെതിരെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വി.വി. രാജേഷായിരുന്നു. അതിനാല്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ തന്നെ മേയറാകണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തി. എന്നാല്‍ നഗരത്തിന്റെ വികസനത്തിന് ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യം കൂടുതല്‍ കരുത്തുപകരുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി ഒടുവില്‍ എത്തിയത്. ഡല്‍ഹിയില്‍ അന്തിമ തീരുമാനം വരും. നാളെയാണ് മേയര്‍ തിരിഞ്ഞെടുപ്പ്.
വ്യാഴാഴ്ചയോടെ ബിജെപി തങ്ങളുടെ ഔദ്യോഗിക തീരുമാനം പുറത്തുവിടുമെന്നാണ് അറിയുന്നത്. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ തലസ്ഥാന നഗരിയില്‍ വലിയൊരു ഭരണമാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതികള്‍ തടയാനും നഗരസഭയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും ശ്രീലേഖയുടെ വരവ് സഹായിക്കുമെന്ന് അണികളും വിശ്വസിക്കുന്നു. കേരളത്തിലെ പോലീസ് ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ട പേരാണ് ശ്രീലേഖയുടേത്.
1987-ല്‍ ഐപിഎസ് നേടിയ ഇവര്‍ കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ്. തിരുവനന്തപുരത്തെ പ്രൊഫസര്‍ എന്‍. വേലായുധന്‍ നായരുടെയും ബി. രാധമ്മയുടെയും മകളായി 1960 ഡിസംബര്‍ 25-നാണ് ശ്രീലേഖ ജനിച്ചത്. തിരുവനന്തപുരം ഗവണ്‍മെന്റ് കോട്ടണ്‍ഹില്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇഗ്‌നോയില്‍ നിന്ന് എംബിഎ ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്.
ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ കേരളത്തിലെ പല ജില്ലകളിലും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ എഎസ്പിയായി തുടക്കം കുറിച്ച ഇവര്‍ പിന്നീട് ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയായി. സിബിഐയില്‍ എസ്പിയായും ഡിഐജിയായും നാല് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 'റെയ്ഡ് ശ്രീലേഖ' എന്ന വിളിപ്പേര് ഇവര്‍ക്ക് ലഭിക്കുന്നത് സിബിഐയിലായിരുന്നപ്പോള്‍ അഴിമതിക്കാര്‍ക്കെതിരെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത റെയ്ഡുകള്‍ കാരണമാണ്. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ജയില്‍ വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിങ്ങനെ നിര്‍ണ്ണായകമായ പല വകുപ്പുകളുടെയും തലപ്പത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017-ല്‍ ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത എന്ന ഖ്യാതിയും ശ്രീലേഖ സ്വന്തമാക്കി.
2004-ല്‍ സ്തുത്യര്‍ഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും 2013-ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 33 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം 2020 ഡിസംബറിലാണ് ഇവര്‍ വിരമിച്ചത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 'സസ്‌പെന്‍സ് സ്റ്റോറീസ്' എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ കുറ്റാന്വേഷണ അനുഭവങ്ങള്‍ ഇവര്‍ പങ്കുവെക്കാറുണ്ട്.




