- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിയമസഭാ പോരാട്ടത്തില്‍ നിര്‍ണ്ണായക നീക്കവുമായി ഇടതുമുന്നണി. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഇക്കുറി കേരള കോണ്‍ഗ്രസ് ബിക്ക് വിട്ടുനല്‍കാനാണ് അണിയറയില്‍ ഒരുങ്ങുന്ന ധാരണ. രണ്ടു സീറ്റുകള്‍ വേണമെന്ന കേരള കോണ്‍ഗ്രസ് ബിയുടെ ആവശ്യം മുന്നണി അംഗീകരിച്ചാല്‍, പാര്‍ട്ടി സംസ്ഥാന ട്രഷററും ഗണേഷ് കുമാറിന്റെ വിശ്വസ്തനുമായ കെ.എസ്. ബാലഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകും.
ദേവി ഫാര്‍മ ഉടമയായ ബാലഗോപാല്‍ ഗണേഷ് കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയിലാണ് രാഷ്ട്രീയ നയതന്ത്രങ്ങളില്‍ സജീവമാകുന്നത്. തിരുവനന്തപുരത്ത് ആഴത്തില്‍ വേരുകളുള്ള വ്യവസായിയാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമാണ്. ജട്ടി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കോടതി വിധി നിലനില്‍ക്കുന്നതാണ് ഇടതുമുന്നണിയെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. ആന്റണി രാജുവിനെ വീണ്ടും മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഗണേഷ് കുമാറിന്റെ പാര്‍ട്ടിയെ രംഗത്തിറക്കി സീറ്റ് നിലനിര്‍ത്താന്‍ സിപിഎം ആലോചിക്കുന്നത്.
നഗരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ള വ്യക്തി എന്ന നിലയില്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഗണേഷ് കുമാറുമായുള്ള വ്യക്തിപരമായ അടുപ്പവും സാമ്പത്തിക ഭദ്രതയും ബാലഗോപാലിന് അനുകൂല ഘടകങ്ങളാണ്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് ബി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പത്തനാപുരത്തിന് പുറമെ തലസ്ഥാനത്ത് കൂടി ഒരു സീറ്റ് വേണമെന്ന ആവശ്യം ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആന്റണി രാജുവിനെ മാറ്റിനിര്‍ത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ ആവശ്യം എളുപ്പത്തില്‍ അംഗീകരിക്കപ്പെട്ടേക്കും.
ബാലഗോപാല്‍ കൂടി രംഗത്തെത്തുന്നതോടെ തിരുവനന്തപുരം സെന്‍ട്രലിലെ മത്സരചിത്രം അടിമുടി മാറും. സിനിമാ നിര്‍മ്മാതാവ് കൂടിയായ ബാലഗോപാലിന് വേണ്ടി താരങ്ങളും പ്രചരണത്തിന് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്ന പല സിനിമാക്കാരും ബാലഗോപാലിന്റെ സുഹൃത്തുക്കള്‍ കൂടിയാണ്. തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും എംഎല്‍എ സ്ഥാനത്തുനിന്നുള്ള അയോഗ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ അണിയറ നീക്കം. ശിക്ഷാവിധി സെഷന്‍സ് കോടതി മരവിപ്പിച്ചെങ്കിലും അയോഗ്യത തുടരുന്നത് ആന്റണി രാജുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ മുന്നണിക്ക് തടസ്സമാണ്.
നഗരത്തിലെ വ്യാപാരി വ്യവസായി സമൂഹത്തിനിടയിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാന്‍ ബാലഗോപാലിന് കഴിയുമെന്നാണ് സിപിഎമ്മിന്റെയും കണക്കുകൂട്ടല്‍. ഗണേഷ് കുമാറിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ സജീവമാക്കാന്‍ പത്തനാപുരത്തിന് പുറമെ തലസ്ഥാനത്ത് കൂടി ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ് ബി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് ആന്റണി രാജുവിന്റെ അയോഗ്യത മൂലം ഒഴിവു വന്നതോടെ, അത് ഏറ്റെടുക്കാനാണ് ഗണേഷിന്റെ നീക്കം. എന്‍ എസ് എസ് പിന്തുണയും ഇതിനുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
തലസ്ഥാനത്തെ സുപ്രധാന സീറ്റില്‍ ശക്തനായ ഒരു പകരക്കാരനെ ഇറക്കി ആന്റണി രാജുവിന്റെ അസാന്നിധ്യം നികത്താനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ബാലഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമാകും.


