- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളെ വെറുതേ വിട്ടതില്‍ തൃപ്തിയില്ലെന്ന് ചെന്നിത്തല; സര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച വിധിയെന്ന് ഷാഫി പറമ്പില്‍; പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍
പ്രതികളെ വെറുതേ വിട്ടതില്‍ തൃപ്തിയില്ലെന്ന് ചെന്നിത്തല;
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎമ്മിന്റെ ആറ് നേതാക്കളടക്കം 14 പേര്‍ കുറ്റക്കാരെന്ന വിധിക്ക് പിന്നാലെ സര്‍ക്കാരിനെതിരെ അടക്കം വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം സജീവമായി ചര്‍ച്ചയാക്കുയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിധി വരുമ്പോള്‍. കേസ് തേച്ചുമാച്ച് കളയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല വിധിയില്‍ തൃപ്തരല്ലെന്ന് പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയില്‍ എത്തിയതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. സിപിഎം നടത്തിയ നിഷ്ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
സിപിഎം പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ടതിന്റെ തെളിവാണ് വിധിയെന്ന് ദില്ലിയില്‍ പ്രതികരിച്ച ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സിപിഎമ്മിന് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല. സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ കൊലപാതകമല്ല പെരിയയിലേത്. പാര്‍ട്ടി തിരക്കഥ എഴുതി പാര്‍ട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ നികുതി പണം ഉള്‍പ്പെടെ എടുത്താണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വാദിച്ചതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ടി സിദ്ധിഖ് എംഎല്‍എ പ്രതികരിച്ചു. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടുമെന്ന് കരുതുന്നു. ഇല്ലെങ്കില്‍ ഭാവി നടപടി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. സിപിഎം ആണ് പ്രതികള്‍ക്ക് അഭയം നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. വെറുതെവിട്ടവര്‍ക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇനിയെങ്കിലും സിപിഎം ഏറ്റെടുക്കണം. പൊതു ഖജനാവില്‍ നിന്ന് രണ്ട് കോടി രൂപ സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ ചിലവഴിച്ചു. കൊല്ലപ്പെട്ട അമ്മമാരുടെ കണ്ണീരിനു മുകളിലല്ല സുപ്രീം കോടതിയില്‍ നിന്ന് എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. അഡ്വ സികെ ശ്രീധരന്‍ കഴിക്കുന്ന ചോറില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും ചോരയുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു.
കേസില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമനടക്കം ആറ് പ്രധാന നേതാക്കള്‍ ഉള്‍പ്പടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. കേസില്‍ കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.s