- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം വഖഫ് ഭൂമിയെന്ന് സ്ഥാപിച്ചു സമസ്ത കളത്തില്‍ ഇറങ്ങിയതോടെ വെട്ടിലായത് സമവായ നീക്കം നടത്തിയ മുസ്ലീംലീഗും; പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈ എടുക്കുമെന്ന് ആവര്‍ത്തിച്ച് പി കെ കുഞ്ഞാലിക്കുട്ടി; വിഷയം ആളിക്കത്തിച്ചത് സമരം ചെയ്യുന്നത് അറുപതോളം റിസോര്ട്ടുകാരെന്ന് പറഞ്ഞ ഉമര്‍ഫൈസി
മുനമ്പം വഖഫ് ഭൂമിയെന്ന് സ്ഥാപിച്ചു സമസ്ത കളത്തില്‍ ഇറങ്ങിയതോടെ വെട്ടിലായത് സമവായ നീക്കം നടത്തിയ മുസ്ലീംലീഗും;
കൊച്ചി: മുനമ്പം വിഷയം പരിഹരിക്കണം എന്ന ആവശ്യവുമായി നേരത്തെ രംഗത്തുവന്നത് മുസ്ലിംലീഗായിരുന്നു. വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു വിഷയം പരിഹരിക്കണമെന്നും ആരെയും ഇറക്കിവിടരുത് എന്ന വാദവും ഉന്നയിച്ചു. എന്നാല്‍, ലീഗ് സ്വീകരുക്കുന്ന സമവായ നീക്കത്തെ വെട്ടിലാക്കിയാണ് സമസ്ത രംഗത്തെത്തിയത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്നാണ് സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കിയത്. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.
അതേസമയം സമസ്തയുടെ നിലപാട് തള്ളിയാണ് പി കെ കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ രംഗത്തുവന്നത്. മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂപ്രശ്‌നത്തിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്. അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ല. മുസ്ലിം സംഘടനകള്‍ യോഗം കൂടി കാര്യം വ്യക്തമാക്കിയതാണ്. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഞങ്ങള്‍ സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ട്. ഇനി അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.
വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഈ പ്രശ്നം വരുന്നത്. 2009-ല്‍ നിസാര്‍ കമ്മിഷനെ നിയോഗിച്ചത് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്. ആ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണം ഏറ്റെടുക്കണം എന്നൊക്കെ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളൊക്കെ. ബോര്‍ഡ് ചെയര്‍മാന്‍മാരൊക്കെ മാറി വന്നിട്ടുണ്ടാകും.
ഇടയ്ക്ക് ഓരോരുത്തര്‍ പറയുന്ന പ്രസ്താവനകള്‍ വെച്ച് കേരളത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ചേരിതിരിവ് ഉണ്ടാക്കുന്ന പരിപാടികള്‍ നടത്തരുത്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ, ഇത് അതിനുവേണ്ടി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പുമായി നിലപാടിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ലീഗിന്റെ നിലപാട് അവിടെ രമ്യമായ പരിഹാരം വേണമെന്ന് തന്നെയാണ്.
സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോള്‍ അജണ്ടയിലുള്ള വിഷയം, അവിടുത്തെ ബിഷപ്പുമാരുമായി അവസരം ലഭിച്ചാല്‍ സംസാരിക്കണമെന്നാണ്. ആ നിലയിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ രമ്യമായ പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്‍കൈയെടുക്കും. പരിഹാരമുണ്ടാക്കാനാകുന്ന വിഷയമാണിത്. എന്തിനാണ് വെറുതെ ഈ വിഷയം എടുത്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നത്. ഓരോരുത്തര്‍ മുനമ്പത്ത് വന്ന് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണ്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നേരത്തെ ഈ വിഷയത്തില്‍ ലീഗിനെ വെട്ടിലാക്കി പ്രസ്താവനയുമായി രംഗത്തുവന്നത് വിവാദ നായകനായ ഉമര്‍ഫൈസി ആയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950-ലാണ് അത് വഖഫായതെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യാഴാഴ്ച പറഞ്ഞിരുന്നു. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളത്. വഖഫ് സ്വത്ത് വില്‍ക്കാന്‍പാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവര്‍ക്ക് വിറ്റവരില്‍നിന്ന് വില തിരികെവാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
അവിടെ ആളുകളെ ഇളക്കിവിടുന്നത് അറുപതോളം റിസോര്‍ട്ടുകാരാണ്. നിരപരാധികളായ കുടിയേറ്റക്കാരെ രക്ഷിക്കണം. അങ്ങനെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണെന്നും ഉമര്‍ഫൈസി പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടച്ചാണ് സമസ്തയുടെ ലേഖനവും എത്തിയത്.
വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തര്‍ക്കം പലര്‍ക്കും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍കൂടിയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയത്തെ നിസാരവത്കരിക്കുന്നു. മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോര്‍ഡും മാറിമാറിവന്ന സര്‍ക്കാരുകളുമാണ്. വിഷയത്തില്‍ ഫാറുഖ് കോളേജിന്റെ ദുരൂഹമൗനം അത്ഭുതപ്പെടുത്തുന്നതാണെന്നും മുസ്തഫ മുണ്ടുപാറ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ചില രാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നത്. മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികള്‍. അവര്‍ക്ക് നീത് ലഭിക്കണം. എന്നാല്‍, റിസോര്‍ട്ട് ഉടമകളും വമ്പന്‍ മാഫിയകളുമൊക്കെയാണ് ഭൂമി പിടിച്ചെടുക്കാന്‍ രംഗത്തുള്ളത്.
താത്പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍, അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.