- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല'; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്‍ച്ചകളിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിം സമുദായം നേരിടുന്ന സുരക്ഷാപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളിക്കളഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യാതൊരുവിധ ആശങ്കകളും താന്‍ ഉന്നയിച്ചിട്ടില്ലെന്നും രാജ്യത്തെ മുസ്ലിംങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡല്‍ഹി നയതന്ത്രത്തിന് പിന്നാലെ കാന്തപുരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാരതത്തിന്റെ വികസനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും സമാധാനവും ഐക്യവുമാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ നിര്‍ണ്ണായകമായി കാന്തപുരത്തിന്റെ ഈ വാക്കുകള്‍ മാറും. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ഏറെ ഗുണകരമായി ഇത് മാറുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തികഞ്ഞ സംതൃപ്തിയാണ് കാന്തപുരം പ്രകടിപ്പിച്ചത്. 'രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല. എല്ലാവരും ഇവിടെ സുരക്ഷിതരാണ്. ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്. ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല' - കാന്തപുരം പറഞ്ഞു. ജാതിയോ മതമോ നോക്കാതെ മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുമെന്നും എല്ലാവരും സ്‌നേഹത്തോടെയും അന്തസ്സോടെയും കഴിയണമെന്നും ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തു.
കാന്തപുരവുമായുള്ള കൂടിക്കാഴ്ച 'വളരെ മികച്ചതായിരുന്നു' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. കാന്തപുരത്തെ ദേശീയ മുസ്ലിം മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി നീക്കത്തിന് അദ്ദേഹത്തിന്റെ ഈ പ്രസ്താവനകള്‍ കൂടുതല്‍ കരുത്ത് പകരും. കോഴിക്കോട്ടെ മര്‍ക്കസ് ആസ്ഥാനത്ത് മോദി ഉടന്‍ എത്തുമെന്നും സൂചനയുണ്ട്.
വഖഫ് ബോര്‍ഡ്, എസ്.ഐ.ആര്‍ വിഷയങ്ങളില്‍ ഇടതുപക്ഷവുമായി അകല്‍ച്ചയിലുള്ള കാന്തപുരം വിഭാഗം, കേന്ദ്ര ഭരണകൂടവുമായി നേരിട്ട് സംവാദത്തിന് തയ്യാറായത് കേരള രാഷ്ട്രീയത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ കാന്തപുരം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണ്ണായകമാകും.
കേരളത്തിലെ പ്രബല സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ 'ദേശീയ മുസ്ലിം' മുഖമായി അംഗീകരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേദിയും കാന്തപുരവും നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യം ഏറെ നിര്‍ണ്ണായകമായിരുന്നു.
മുസ്ലിം സമുദായത്തെ ബിജെപിയുമായി അടുപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷവുമായി കാന്തപുരം വിഭാഗം അകല്‍ച്ചയിലാണെന്ന സൂചനകള്‍ നിലനില്‍ക്കെ, ഡല്‍ഹിയില്‍ കാന്തപുരത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ ഇടപെടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതായാണ് വിവരം.
അജിത് ഡോവലിന്റെ സാന്നിധ്യം ഈ നീക്കങ്ങള്‍ക്ക് നയതന്ത്രപരമായ ഗൗരവം നല്‍കുന്നു. നിമിഷ പ്രിയ കേസിലെ ചര്‍ച്ചകളായതു കൊണ്ടാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന. യെമന്‍ സര്‍ക്കാരുമായി ഡോവലും നിരന്തരം ഇടപെടുന്നുണ്ട്. നിമിഷ പ്രിയയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഇതിന്റെ സാധ്യതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് മോദിയും കാന്തപുരവും തമ്മില്‍ കണ്ടത്. കാന്തപുരത്തിന്റെ മര്‍ക്കസില്‍ മോദി താമസിയാതെ എത്താനും സാധ്യതയുണ്ട്.
കേന്ദ്രവുമായുള്ള ഈ പുതിയ അടുപ്പം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനുള്ള നീക്കങ്ങള്‍ ഇനിയും തുടരുമെന്നാണ് സൂചന.


