പത്തനംതിട്ട: മുന്‍എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങവേ, നവീന്‍ ബാബുവിന്റെ കുടുംബവും കുറ്റപത്രത്തിന് എതിരെ രംഗത്തെത്തി. ചിലരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശപരമെന്ന് നാവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി. നായര്‍ പറഞ്ഞു.

കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗമാണെന്നും പ്രശാന്തന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകേണ്ട ആളാണെന്നും അനില്‍ പി. നായര്‍ പറഞ്ഞു. ദിവ്യയുടെ സുഹൃത്തിന്റെ ആവശ്യത്തിനെ എതിര്‍ത്തതിനാണ് നവീന്‍ ബാബുവിനെ വ്യക്തിഹത്യ ചെയ്തതെന്നും കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് കേസിലെ പ്രതിയായ പി.പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ കണ്ണൂര്‍ കോടതിയില്‍ മാധ്യമങ്ങളെ അറിയിച്ചു. പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇക്കാര്യത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ കുറ്റപത്രത്തില്‍ നല്‍കിയ മൊഴി.

എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് തെറ്റ് പറ്റിയതായി വിവാദമായ യാത്രയയപ്പ് സമ്മേളനം കഴിഞ്ഞതിനു ശേഷം തന്റെ ചേംബറില്‍ വന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് സംരഭകന്‍ ടി.വി പ്രശാന്തന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിവരങ്ങളാണ് കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അതിനിടെ പി.പി ദിവ്യയ്ക്ക് അനുകൂലമായി പോരാളി ഷാജിയടക്കമുള്ള ഇടതു ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്ന് പോസ്റ്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ സി.പി.എം കണ്ണൂര്‍ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി പി ദിവ്യ ഹൈക്കോടതിയിലേക്ക് പോകുമെന്ന സൂചന അഭിഭാഷകന്‍ നല്‍കിയത് സി.പി.എം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ തന്നെയാണെന്നാണ് വിവരം. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ വ്യക്തമാക്കി. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പ് സ്ഥാപിക്കാനുള്ള നിരാക്ഷേപപത്രത്തിനായി വ്യവസായ സംരഭകന്‍ ചെങ്ങളായിയിലെ ടി.വി പ്രശാന്തന്‍ സമര്‍പ്പിച്ച ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്. അതേസമയം തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്തു പ്രശ്‌നമുണ്ടായാലും ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

താന്‍ നിയമസഭയിലായതിനാല്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി കെ. രാജന്‍ ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ തത്സമയം മന്ത്രിയെ കളക്ടര്‍ വിളിച്ചു വിവരങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘം മന്ത്രിയുടെ മൊഴിയെടുത്തില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ കാര്യം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു.