- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിമാനത്തില്‍ പവര്‍ ബാങ്ക് കരുതിയാല്‍ പണി കിട്ടും! സീറ്റിന് മുകളിലെ ബോക്സില്‍ വെച്ചാലും കുടുങ്ങും; ചാര്‍ജ് ചെയ്യാന്‍ നോക്കിയാല്‍ വിമാനം താഴെയിറക്കും; യാത്രക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ഡിജിസിഎയുടെ ഉത്തരവ്; ഈ മുന്‍കരുതല്‍ വിമാനം തീ ഗോളമാകുന്നത് തടയാന്‍
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവിറക്കുന്നത് സുരക്ഷാ ആശങ്കകള്‍ പരിഗണിച്ച്. പവര്‍ ബാങ്കുകളിലെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷാ നടപടി. ഇതിനൊപ്പം വിമാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നു.
പവര്‍ ബാങ്കുകള്‍ യാത്രക്കാരുടെ ചെക്ക്-ഇന്‍ ബാഗേജുകളില്‍ വയ്ക്കാന്‍ അനുവദിക്കില്ല. പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ലഗേജുകളില്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ ഇവ സീറ്റിന് മുകളിലെ സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റുകളില്‍ വയ്ക്കാന്‍ പാടുള്ളതല്ല. യാത്രക്കാര്‍ ഇവ നേരിട്ട് കൈവശം വയ്ക്കണം. വിമാനത്തിനകത്തോ വിമാനത്താവളത്തിലോ പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ല. അതുപോലെ സീറ്റിന് സമീപത്തെ സ്വിച്ച് ബോര്‍ഡുകളില്‍ പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നതും ഡി.ജി.സി.എ വിലക്കിയിട്ടുണ്ട്.
വിമാനത്തിലെ യു.എസ്.ബി പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പുറപ്പെടുവിച്ചിട്ടുള്ള ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും ഡി.ജി.സി.എ നിര്‍ദ്ദേശം നല്‍കി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഉത്തരവ്. ഹാന്‍ഡ് ലഗേജില്‍ മാത്രം അനുമതി പവര്‍ ബാങ്കുകളും സ്‌പെയര്‍ ലിഥിയം ബാറ്ററികളും യാത്രക്കാരുടെ ഹാന്‍ഡ് ലഗേജില്‍ (Cabin Bag) മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ. ഇവ ഒരു കാരണവശാലും ചെക്ക്-ഇന്‍ ബാഗേജുകളില്‍ (വിമാനത്തിന്റെ അടിയില്‍ സൂക്ഷിക്കുന്ന ലഗേജ്) വയ്ക്കാന്‍ പാടില്ല.
പവര്‍ ബാങ്കുകള്‍ അടങ്ങിയ ബാഗുകള്‍ സീറ്റിന് മുകളിലുള്ള സ്റ്റോറേജ് ബിന്നുകളില്‍ വയ്ക്കാന്‍ പാടില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. തീപിടുത്തമുണ്ടായാല്‍ ഉടന്‍ തിരിച്ചറിയാന്‍ പ്രയാസമായതിനാലാണിത്. ഇവ യാത്രക്കാര്‍ക്ക് പെട്ടെന്ന് ലഭ്യമാകുന്ന രീതിയില്‍ സീറ്റിനടിയിലോ കൈവശമോ സൂക്ഷിക്കണം. സാധാരണയായി 100 വാട്ട്-അവര്‍ (Wh) വരെ ശേഷിയുള്ള പവര്‍ ബാങ്കുകളാണ് അനുമതിയില്ലാതെ കൊണ്ടുപോകാവുന്നത്. ഇതില്‍ കൂടുതല്‍ ശേഷിയുള്ളവയ്ക്ക് വിമാനക്കമ്പനിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. 160Wh-ന് മുകളിലുള്ളവയ്ക്ക് വിമാനത്തില്‍ കര്‍ശന നിരോധനമുണ്ട്.
ബാറ്ററി അമിതമായി ചൂടാകുകയോ (Thermal Runaway), ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയോ ചെയ്താല്‍ വിമാനത്തിനുള്ളില്‍ തീ പടരാന്‍ സാധ്യതയുണ്ട്. അടുത്തിടെ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ക്ക് തീപിടിച്ച ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഡിജിസിഎ ഈ കടുത്ത നടപടി സ്വീകരിച്ചത്. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഫോണുകള്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യണം ഇനി. വിമാനത്തിനുള്ളില്‍ വച്ച് പവര്‍ ബാങ്കില്‍ നിന്ന് പുകയോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടാല്‍ ഉടന്‍ ക്യാബിന്‍ ക്രൂവിനെ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.




