തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി തല്ലിക്കൊന്നു. ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞും നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നായയെ കണ്ടെത്തിയത്. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനേയും നായ മാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ദേവദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്യായനിയെ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാനെത്തിയതോടെയാണ് ദേവദാസിനെയും അതിമാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചത്.

ഇരുവര്‍ക്കും ഭക്ഷണവുമായി കാര്‍ത്യായനിയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടില്‍ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും നായക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുള്ള കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

രണ്ട് വര്‍ഷം മുന്‍പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. നായ അതിക്രൂരമായി കടിച്ചു പരുക്കേല്‍പ്പിക്കുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനോ നായയെ അകറ്റാനോ കഴിയാത്ത വിധത്തില്‍ അവശയായിരുന്നു കാര്‍ത്ത്യായനി. നായ ഇരുവരേയും കടിച്ചു കീറുമ്പോഴും സംഭവം മറ്റാരും അറിഞ്ഞില്ല.