ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു. വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി 130 വിഭാഗത്തില്‍പ്പെട്ട സൈനിക വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജിവനക്കാരും ഉണ്ടായിരുന്നു. 67 പേരെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിര്‍ത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂര്‍ട്ടോ ലെഗുയിസാമോയിലാണ് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്ന് വീണത്.

അതേസമയം അപകടത്തില്‍ എത്ര പേരാണ് മരിച്ചതെന്ന കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. യുഎസ് നിര്‍മ്മിത ഹെര്‍ക്കുലീസ് സി 130 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുട്ടുമായോ പ്രവിശ്യയിലെ പോര്‍ട്ടോ ലെഗുയിസാമോ എന്ന നഗരത്തിനു സമീപമാണ് സൈനികരെ കൊണ്ടുപോയിരുന്ന യുഎസ് നിര്‍മിത സി-130 ഹെര്‍ക്കുലീസ് വിമാനം തകര്‍ന്നുവീണത്. ഇതുവരെ പരുക്കേറ്റ 48 പേരെ വിമാനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വ്യോമസേനാ മേധാവി കാര്‍ലോസ് ഫെര്‍ണാണ്ടോ സില്‍വ റുയേഡ അറിയിച്ചു.

അപകടത്തില്‍ ആരും മരിക്കാതിരിക്കട്ടെ എന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്‌സില്‍ കുറിച്ചു. പ്രദേശവാസികള്‍ മോട്ടോര്‍ സൈക്കിളുകളിലും മറ്റും പരുക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണതിന് തൊട്ടുപിന്നാലെ പ്രദേശത്താകെ കറുത്ത പുക ഉയര്‍ന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും രാജ്യത്ത് സങ്കടകരമായ ദിവസമാണിതെന്നും കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പ്രതികരിച്ചു. അപകട കാരണം നിലവില്‍ വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ അപകടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ബൊളീവിയന്‍ വ്യോമസേനയുടെ മറ്റൊരു ഹെര്‍ക്കുലീസ് സി-130 വിമാനം ജനസാന്ദ്രതയുള്ള നഗരത്തില്‍ തകര്‍ന്നു വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ദുരന്തം ഒഴിവായത്.