- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോണ്‍ ആപ്പിന്റെ കോള്‍ വന്നിരുന്നുവെങ്കില്‍ പോലീസില്‍ പരാതി നല്‍കണം; അധ്യാപകര്‍ ഉത്തരവാദിത്തത്തോടെ ആ കുട്ടിയുടെ വീട്ടുകാരേയും അറിയിക്കണം; ഇതൊന്നും ചെയ്യാതെ അധ്യാപകര്‍ ചോദ്യം ചെയ്തു അപമാനിച്ചു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ മരണം; ഗുണ്ടകളെപ്പോലെ പെരുമാറി അധ്യാപകര്‍, പിന്നില്‍ ആശുപത്രി മാനേജ്മെന്റിന്റെ കറുത്ത കൈകള്‍; ലോണ്‍ ആപ്പ് മറയാക്കി രക്ഷപ്പെടാന്‍ ശ്രമം?

കണ്ണൂര്‍: ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പോലീസിനെ അറിയിക്കുന്നതിന് പകരം, വിദ്യാര്‍ത്ഥിയെ വിളിപ്പിച്ചു പരസ്യമായി അപമാനിച്ച അധ്യാപകരുടെ നടപടി നിയമവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാണ്. പൂക്കോട്ടെ സിദ്ധാര്‍ത്ഥനും ജിഷ്ണു പ്രണോയിക്കും സംഭവിച്ചത് പോലെ നിതിന്‍ രാജിനും നീതി നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും.
ലോണ്‍ ആപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥിയുടെ അധ്യാപികയ്ക്ക് കോളുകള്‍ വന്നിരുന്നുവെങ്കില്‍ അത് പോലീസിനെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഉത്തരവാദിത്തപ്പെട്ട അധ്യാപകര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് പകരം, കോളേജ് ക്യാമ്പസില്‍ വെച്ച് ഗുണ്ടകളെപ്പോലെ നിതിനെ ചോദ്യം ചെയ്യുകയും മാനസികമായി തകര്‍ക്കുകയുമാണ് ചെയ്തത്. ഒരു വിദ്യാര്‍ത്ഥിയുടെ സ്വകാര്യതയെ മാനിക്കാതെ, കമ്മീഷണറുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം നിതിനെ കോളേജില്‍ വെച്ച് അങ്ങേയറ്റം അപമാനിച്ചതായാണ് സൂചനകള്‍.
ഉന്നത സ്വാധീനമുള്ള ആശുപത്രി മാനേജ്മെന്റ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. കോളേജ് അധികൃതര്‍ തയ്യാറാക്കിയ 'തിരക്കഥ' അനുസരിച്ചാണോ പോലീസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന സംശയവും നിതിന്‍ രാജിന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നു. നിതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
സംഭവത്തില്‍ ഡോ. എം.കെ. റാം, സംഗീത എന്നിവരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ വിദഗ്ധ സംഘമുള്‍പ്പെടെയുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
നിതിന്‍ രാജ് ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കോളുകള്‍ അധ്യാപികയ്ക്ക് ലഭിച്ചിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍, ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കോളേജ് പ്രിന്‍സിപ്പലും അധ്യാപകരും കാണിച്ച ക്രൂരമായ സമീപനമാണ് നിതിനെ മരണത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിലെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുന്നതോടെ കോളേജില്‍ നടന്ന മാനസിക പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.


