- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാര്‍ലമെന്റ് കാന്റീനില്‍ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഎം എംപി വന്നു സെല്‍ഫി എടുത്തു; എന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോ? അവര്‍ ഇട്ടാല്‍ ബര്‍മുഡ, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കര്‍'; മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം പി. ഭിന്ന രാഷ്ട്രീയക്കാര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 'അവര്‍ ഇട്ടാല്‍ ബര്‍മുഡയും, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കറും' എന്നതാണ് ഇതിന്റെ നാടന്‍ പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.
ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രോട്ടോകോള്‍ ലംഘനമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൂടിക്കാഴ്ചയുടെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം പറയുമോ? പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വന്‍ വേട്ടയാടലാണ് താന്‍ നേരിടേണ്ടി വന്നത്. താന്‍ ബിജെപിയില്‍ പോകുമെന്ന് പോലും പ്രചരിപ്പിച്ചു. ഡിവൈഎഫ്‌ഐ മാപ്പ് പറയണ്ട, എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റ് ചില എംപിമാര്‍ക്കൊപ്പം എന്‍.കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചപ്പോള്‍ ഇടത് നേതാക്കള്‍ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച തന്നെ അപമാനിച്ചവരാണ് സിപിഎം നേതാക്കളെന്നും അന്ന് പല രീതിയില്‍ തന്നെ തേജോവധം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
''പതിനേഴാം ലോക്‌സഭയുടെ അവസാന ദിവസം പ്രധാനമന്ത്രി ഓഫീസിലെത്താന്‍ ആവശ്യപ്പെടുന്നു. എന്നോടൊപ്പം ആറേഴ് എംപിമാരൊടൊപ്പം നടന്ന് പാര്‍ലമെന്റ് കാന്റിനിലെത്തി ഭക്ഷണം കഴിക്കുന്നു. താനിതുവരെ പാര്‍ലമെന്റ് കാന്റിനില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല, നിങ്ങളെയും കൂട്ടാമെന്ന് വിചാരിക്കുന്നുവെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. തികച്ചും അനൗപചാരികമായ സൗഹൃദ വിരുന്നായിരുന്നു അത്. എന്നെ ക്ഷണിച്ചിട്ടാണ് പോയത്, അല്ലാതെ ഞാന്‍ ക്ഷണിച്ചിട്ടല്ല. ഒരു പൊതുസ്ഥലത്ത്, അല്ലാതെ രഹസ്യമായിട്ടല്ല. ഈ സമയം പലരും പ്രധാനമന്ത്രിയെ കാണുന്നുണ്ട്, സെല്‍ഫി എടുക്കുന്നുണ്ട്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം നടരാജന്‍ എംപി വരെ ആ ടേബിളില്‍ വന്ന് സെല്‍ഫി എടുത്തുപോയി. അതിന് ഞാന്‍ രാജി വയ്ക്കണം, ശുദ്ധ മര്യാദകേടാണ് കാണിച്ചത് , ഇന്‍ഡ്യാ മുന്നണിയെ ഒറ്റുകൊടുത്തു എന്നൊക്കെ പറഞ്ഞ് സിപിഎമ്മും ഡിവൈഎഫ്‌ഐയും സിഐടിയുവും എന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലത്ത് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. കൊല്ലം ജില്ലയിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പോലും പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രചരണായുധം ഇതായിരുന്നു'' പ്രേമചന്ദ്രന്‍ പറയുന്നു.
'കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് പ്രചാരണ വിഷയമാക്കി. അതുണ്ടാക്കിയ മാനസിക ആഘാതം ചെറുതായിരുന്നില്ല. രാഷ്ട്രീയ സ്വത്വം തന്നെ ചോദ്യം ചെയ്തു. മുന്നണിയിലും പാര്‍ട്ടിയിലുമുള്ളവര്‍ പോലും തന്നെ സംശയിച്ചു. താന്‍ ബിജെപിയിലേക്ക് പോകുമോ എന്ന സംശയം ഉണ്ടാക്കി. അത് മാറ്റിയെടുക്കാന്‍ താന്‍ പെട്ട പാട് വിവരിക്കാനാവില്ലെന്നും' പ്രേമചന്ദ്രന്‍ പറഞ്ഞു. അതേ ആളുകള്‍ ഇപ്പോള്‍ ഭിന്ന രാഷ്ട്രീയക്കാര്‍ പരസ്പരം കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അഴിമതിയില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുമ്പോള്‍ ധനമന്ത്രിയെ ക്ഷണിച്ച് മുഖ്യമന്ത്രി അവരുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചാവിഷയം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കൂടിക്കാഴ്ച അനൗപചാരികമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ വ്യക്തിപരമെന്ന് തന്നെയാണ് അര്‍ത്ഥമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.